മക്കള്‍ രാഷ്ട്രീയത്തിനും തിരിച്ചടി; അച്ഛന്‍ കൈവിട്ട സീറ്റില്‍ നിഖില്‍ കുമാരസ്വാമിക്ക് കനത്ത തോല്‍വി; ഷിഗ്ഗാവില്‍ ഭാരത് ബൊമ്മയും പിന്നില്‍; മൂന്നില്‍ മൂന്നും തോറ്റ് ബിജെപിയും ജെഡിഎസും; കര്‍ണാടകയുടെ 'കൈപിടിച്ച്' കോണ്‍ഗ്രസ്

വീണ്ടും തോറ്റതോടെ നിഖില്‍ കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയില്‍

Update: 2024-11-23 12:07 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും മിന്നും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണയില്‍ സി പി യോഗേശ്വര്‍, സണ്ടൂരില്‍ ഇ അന്നപൂര്‍ണ, ശിവ്ഗാവില്‍ യൂനസ് പഠാന്‍ എന്നിവരാണ് വിജയിച്ചത്. കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ ബിജെപിക്കും ജെഡിഎസ്സിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്.

എന്‍ഡിഎ സിറ്റിങ് സീറ്റായ കര്‍ണാടകയിലെ ചന്നപട്ടണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. കേന്ദ്രമന്ത്രിയും ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റുമായ കുമാരസ്വാമി രാജിവച്ച ഒഴിവില്‍ മകന്‍ നിഖില്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായത്. സി.പി. യോഗീശ്വരയാണ് കോണ്‍ഗ്രസിനായി മത്സരിച്ചത്.

അഞ്ചുതവണ എംഎല്‍എയും മുന്‍മന്ത്രിയും നടനുമായിരുന്ന യോഗീശ്വര 93,901 വോട്ടുകള്‍ നേടി. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പാണ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയത്. 24,831 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. നിഖിലിനായി ബിജെപി, ജെഡിഎസ് നേതാക്കള്‍ ശക്തമായി പ്രചാരണ രംഗത്തിറങ്ങിയിരുന്നു.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സന്ദൂറില്‍ ബെല്ലാരി എംപി തുക്കാറാമിന്റെ ഭാര്യ ഇ. അന്നപൂര്‍ണയാണു മത്സരിച്ചത്. ഭര്‍ത്താവ് ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കുവേണ്ടി എസ്ടി മോര്‍ച്ച പ്രസിഡന്റ് ബംഗാരു ഹനുമന്തു ആണ് മത്സരിച്ചത്. 9,568 വോട്ടുകളാണു ഭൂരിപക്ഷം.

ഷിഗ്ഗാവില്‍ ബിജെപിയുടെ ഭാരത് ബൊമ്മ 14,000ല്‍ പരം വോട്ടുകള്‍ക്കു പിന്നിലാണ്. മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ മകനാണ് ഭാരത്. ഇവിടെ കോണ്‍ഗ്രസിനുവേണ്ടി യാസിര്‍ അഹമ്മദ് ഖാന്‍ പഠാന്‍ ആണ് മത്സരിച്ചത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൊമ്മയ്ക്കെതിരെ മത്സരിച്ചു പഠാന്‍ പരാജയപ്പെട്ടിരുന്നു.

മൂന്നിടത്തും തോല്‍വി ഉറപ്പിച്ചതോടെ ബിജെപി, ജെഡിഎസ് നേതൃത്വങ്ങള്‍ മൗനത്തിലായി. വീണ്ടും തോറ്റതോടെ നിഖില്‍ കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നത്തിലായിരിക്കുകയാണ്. സുരക്ഷിതമായ സീറ്റുകളില്‍ മത്സരിച്ചിട്ട് പോലും നിന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖില്‍ തോല്‍വിയറിഞ്ഞു.

നിഖിലിനെ എന്‍ഡിഎ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. പ്രതിഷേധിച്ച് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സി പി യോഗേശ്വര്‍ ആണ് മണ്ഡലത്തില്‍ വിജയം നേടിയത്. നാല് വട്ടം മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവും ബിജെപിയെ കൈവിട്ടു. ബസവരാജ് ബൊമ്മയുടെ മകന്‍ ഭരത് ബൊമ്മയ് ആണ് പരാജയപ്പട്ടത്. ന്യൂനപക്ഷ വോട്ടര്‍മാരുടെ ശക്തമായ ഏകീകരണവും മണ്ഡലം ഉപേക്ഷിച്ച ബൊമ്മയുടെ നടപടിയും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. കര്‍ണാടക നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 136ല്‍ നിന്ന് 138 ആയി ഉയര്‍ന്നു. എന്‍ഡിഎ സഖ്യത്തിന്റെ അംഗസംഖ്യ 85ല്‍ നിന്ന് 83 ആയി കുറഞ്ഞിട്ടുമുണ്ട്.

Tags:    

Similar News