ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ പദവി ഒഴിഞ്ഞു കിടക്കുന്നു; സംസ്ഥാനം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ നാഥനില്ലാ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് കാര്യാലയം; സ്റ്റാറ്റിയൂട്ടറി പദവിയിലേക്ക് ഉടന്‍ നിയമനം അനിവാര്യം; വാസുകി ഐഎഎസ് അടക്കമുള്ളവര്‍ പരിഗണനാ പട്ടികയില്‍

വയനാട് ലോക്‌സഭയിലേയും പാലക്കാട്, ചേലക്കര നിയമസഭകളിലേയും ഉപതിരഞ്ഞെടുപ്പുകളിലേക്ക് കേരളം കടക്കുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് നാഥനില്ലാ കളരി.

Update: 2024-10-16 01:27 GMT

തിരുവനന്തപുരം: വയനാട് ലോക്‌സഭയിലേയും പാലക്കാട്, ചേലക്കര നിയമസഭകളിലേയും ഉപതിരഞ്ഞെടുപ്പുകളിലേക്ക് കേരളം കടക്കുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് നാഥനില്ലാ കളരി. സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കസേരയില്‍ ആളില്ലാത്തതാണ് ഇതിന് കാരണം. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും സുപ്രധാന റോള്‍ നിര്‍വ്വഹിക്കേണ്ടത് ചീഫ് ഇലക്ട്രല്‍ ഓഫീസറാണ്. ഈ പദവി ഒഴിഞ്ഞു കിടക്കുന്നത് തിരഞ്ഞെടുപ്പ് ഏകോപനത്തെ താളം തെറ്റിക്കും. ഈ സാഹചര്യത്തില്‍ പദവിയില്‍ ഉടന്‍ നിയമനം വേണമെന്ന ആവശ്യം ശക്തമാണ്. ഉത്തരവാദിത്തമുള്ള മുതിര്‍ന്ന ഐഎഎസുകാരെ ഈ പദവിയിലേക്ക് നിയോഗിച്ചേക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള സംസ്ഥാനത്തെ ഏകോപനം നിര്‍വ്വഹിക്കേണ്ടത് ചീഫ് ഇലക്ട്രല്‍ ഓഫീസറാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. അതില്‍ നിന്നും നിയമനം വേഗത്തിലുണ്ടായേക്കും.

സംസ്ഥാനങ്ങളില്‍ തിരിഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്തമുള്ള സ്റ്റാറ്റിയൂട്ടറി പദവിയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസറുടേത്. സ്വതന്ത്ര ചുമതലയാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ടാണ് ആശയ വിനിമയം നടത്തേണ്ടത്. തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാന ചുമതല അടക്കം നോക്കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. പലപ്പോഴും മുതിര്‍ന്ന ഐഎഎസുകാരാകും എത്തുക. നിലവില്‍ കേരളാ കേഡറിലെ മുതര്‍ന്ന ഐഎഎസുകാര്‍ക്ക് ഈ പദവിയോട് താല്‍പ്പര്യമില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും താല്‍പ്പര്യം കാണിച്ചില്ല. ഇതാണ് പദവി ഒഴിഞ്ഞു കിടക്കാന്‍ കാരണം.

വയനാട് ലോക്സഭയിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉടന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറെ ഉടന്‍ നിയമിക്കുമെന്നാണ് സൂചന. ഗതാഗത സെക്രട്ടറിയായ കെ വാസുകി ഐഎഎസ് അടുത്ത ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ആകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ധനകാര്യ വകുപ്പില്‍ എക്സ്പെന്‍ഡീച്ചര്‍ സെക്രട്ടറിയായ അജിത് പാട്ടില്‍, ഡല്‍ഹിയിലെ റെസിഡന്റ് കമ്മീഷണര്‍ അജിത് കുമാര്‍ എന്നിവരുടെ പേരും സംസ്ഥാനം കൈമാറിയ പരിഗണനാ പട്ടികയിലുണ്ട്. ഇതില്‍ നിന്നും ഒരാളെ ഉടന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കും.

സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതോടെയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ പദവി ഒഴിവു വന്നത്. അതിന് ശേഷം ഈ പദവിയിലേക്ക് മൂന്നാം തവണ ഉദ്യോഗസ്ഥ പട്ടിക സര്‍ക്കാര്‍ നല്‍കി. ആദ്യ പട്ടികയിലെ മൂന്ന് ഐഎഎസുകാര്‍ക്കും പരിചയ സമ്പന്നത പോരെന്ന കാരണം പറഞ്ഞ് പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മടക്കി. അതിന് ശേഷം രണ്ടു പേരടങ്ങിയ ലിസ്റ്റ് കൈമാറി. അതും കമ്മീഷന് തൃപ്തിയായില്ല. ഇതിന് ശേഷമാണ് കെ വാസുകി അടക്കമുള്ളവരുടെ മൂന്നാം പട്ടിക സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. മൂന്ന് പട്ടികയിലും അജിത് പാട്ടില്‍ ഇടം നേടിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ വാസുകിയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കുമെന്നാണ് വിലയിരുത്തല്‍.

മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ദീര്‍ഘകാലം ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ പദവി വഹിച്ചിരുന്നു. ഇതിന് ശേഷം ഒരു വനിത ആ പദവിയിലെത്താനുള്ള സാധ്യതയാണ് വാസുകിയുടെ പേര് പരിഗണിക്കുന്നതിലൂടെ ഉയരുന്നത്. ഏതായാലും ഉപതിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ പദവി അതിവേഗം ആളെ നിയോഗിക്കുമെന്നാണ് വിലയിരുത്തല്‍. നളിനി നെറ്റോയ്ക്ക് പിന്നാലെ ടിക്കാറാം മീണ ചീഫ് ഇലക്ട്രല്‍ ഓഫീസറായി. മീണ പടിയിറങ്ങിയപ്പോഴാണ് സഞ്ജയ് കൗള്‍ ആ പദവിയിലെത്തിയത്.

Tags:    

Similar News