വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ശരിയായ സമയത്ത് ചൂണ്ടിക്കാണിക്കണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പരാതി നല്‍കാന്‍ അവസരം ഉണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അതുചെയ്യുന്നില്ല; രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വിശദീകരണത്തിന് ഞായറാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചത് 'വോട്ട് അധികാര്‍ യാത്ര' തുടങ്ങാനിരിക്കെ

വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ശരിയായ സമയത്ത് ചൂണ്ടിക്കാണിക്കണം

Update: 2025-08-16 17:08 GMT

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന എല്ലാ ഘട്ടങ്ങളിലും സഹകരിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍, പട്ടികയിലെ പിഴവുകള്‍ ഉചിതമായ സമയത്ത് ചൂണ്ടിക്കാണിക്കുന്നില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. സമയബന്ധിതമായി പരാതികള്‍ ഉന്നയിച്ചിരുന്നെങ്കില്‍ അവ തിരുത്താന്‍ സാധിക്കുമായിരുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാറിലെ വോട്ടര്‍ പട്ടിക വിവാദത്തിനും രാഹുല്‍ ഗാന്ധി ഉന്നയിച്ച കള്ളവോട്ട് വിവാദത്തിനും പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പ്രതികരണം. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കരട് പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍ പരാതികളും തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ ഒരു മാസം സമയം ലഭിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പരാതികള്‍ നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍, ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്തുതല ഏജന്റുമാരും പട്ടിക കൃത്യസമയത്ത് പരിശോധിച്ച് തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നില്ലെന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2024 ലോക്സഭാ തിരഞ്ഞെടുപ്പ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ ആരോപണമുന്നയിച്ചത്. പ്രതിപക്ഷം ഉയര്‍ത്തിയ വോട്ട് കവര്‍ച്ച ആരോപണങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഞായറാഴ്ച മാദ്ധ്യമങ്ങളെ കാണും. നാളെ വൈകിട്ട് മൂന്നുമണിക്കാണ് വാര്‍ത്താ സമ്മേളനം. നാഷണല്‍ മീഡിയ സെന്ററില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം. ഫെബ്രുവരിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഗ്യാനേഷ് കുമാര്‍ ആദ്യമായിട്ടാണ് മാദ്ധ്യമങ്ങളെ കാണുന്നത്.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകവര്‍ച്ച നടത്തിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കിയേക്കും.

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും 'വോട്ടര്‍ അധികാര്‍ യാത്ര' നാളെ ബീഹാറില്‍ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാദ്ധ്യമങ്ങളെ കാണുന്നത്.

Tags:    

Similar News