പ്രതീക്ഷയുടെ നിറുകയില്‍ നിന്നും കോണ്‍ഗ്രസിന്റെ വമ്പന്‍ പതനം; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; താരമായി നായിബ് സൈനി; തുടക്കത്തിലെ മുന്നേറ്റം കണ്ട് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ച കോണ്‍ഗ്രസുകാര്‍ നിരാശയുടെ പടുകുഴിയില്‍; തിരിച്ചടിയായത് പടലപ്പിണക്കം

പ്രതീക്ഷയുടെ നിറുകയില്‍ നിന്നും കോണ്‍ഗ്രസിന്റെ വമ്പന്‍ പതനം; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്

Update: 2024-10-08 07:19 GMT

ന്യൂഡല്‍ഹി: ഹരിയാനയില്‍ അധികാരം പിടിക്കാന്‍ ഇതിലും വലിയ സുവര്‍ണാവസരം കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. എന്നിട്ടും ആ സ്വപ്‌നം തകര്‍ന്നടിഞ്ഞു. വിജയം ഉറപ്പിച്ചു ആരാകും മുഖ്യമന്ത്രിയെന്ന നിലയിലേക്ക് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പോയിരുന്നു. ഭൂപീന്ദര്‍ സിംഗ് ഹൂഢയോ കുമാരി ഷെല്‍ജയോ ഇവരില്‍ ആരാകും മുഖ്യമന്ത്രിയെന്ന തര്‍ക്കത്തില്‍ പോലുമായിരുന്നു പാര്‍ട്ടി. എന്നാല്‍, ഫലം പുറത്തുവരുമ്പോള്‍ കാര്യങ്ങള്‍ മാറി മറിയുന്നു. തുടക്കത്തില്‍ ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നില്‍ പോയി.

ബിജെപി വിജയവഴിയില്‍ തിരിച്ചെത്തി. ഇപ്പോഴത്തെ നിലയില്‍ ബിജെപി ഹാട്രിക് വിജയം നേടുന്ന അവസ്ഥയിലാണ് ഫല സൂചനകള്‍. 45 സീറ്റുകള്‍ക്ക് മുകളില്‍ ബിജെപി ഉറപ്പിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് 35 സീറ്റുകളിലേക്ക് ഒതുങ്ങുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. 90 സീറ്റുകളില്‍ ഇതിനോടകം കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട് ബിജെപി. ആം ആദ്മി പാര്‍ട്ടിയും ജെജിപിയും തകര്‍ന്നടിഞ്ഞു. കടുത്ത നിരാശയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. ഭൂപീന്ദര്‍ ഹൂഡ വിജയപ്രതീക്ഷയില്‍ നിന്നും നിരാശയുടെ പടുകുഴിയിലാണ് നില്‍ക്കുന്നത്.

വൈകുന്നേരം പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ വിളിച്ചുചേര്‍ത്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് പിന്നീട് കുത്തനെ താഴുകയായിരുന്നു. വിമതശല്യവും ജെജെപിയുടെ കൊഴിഞ്ഞുപോക്കും ജാട്ടുകളുടെ എതിര്‍പ്പും കര്‍ഷക സമരവും അഗ്‌നിവീര്‍ പദ്ധതിയും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സൂചന പുറത്തുവന്നതോടെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിന്റെ പ്രതീകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ പിന്നീട് തല കീഴായി മറിയുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പടലപിണക്കങ്ങളും ഗ്രൂപ്പ് പോരും ബിജെപിയെ തുണച്ചെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അപ്രതീക്ഷിത തിരിച്ചടിയുടെ ഫലങ്ങള്‍ വന്നതോടെ കോണ്‍ഗ്രസ് ആസ്ഥാനത്തെ ആഘോഷങ്ങളെല്ലാം പ്രവര്‍ത്തകര്‍ നിര്‍ത്തി. രാവിലെ മുതല്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ ലീഡു ചെയ്യുകയാണ്. ജുലാന മണ്ഡലത്തില്‍ പിന്നിലായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് മികച്ച ലീഡു നേടി മുന്നേറുകയാണ്. എന്നാല്‍, ഈ ആഘോഷമെല്ലാം വെറുതേയായി. പുറത്തുവന്ന എഴ് എക്സിറ്റ്പോളുകളും 55 സീറ്റോളമായിരുന്നു ഹരിയാണയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. അങ്ങനെ ബി.ജെ.പിയുടെ ഹാട്രിക് മോഹം തല്ലിക്കെടുത്താമെന്നും കണക്കുകൂട്ടിയിരുന്നു. പക്ഷെ ബി.ജെ.പി കൃത്യമായി മുന്നേറ്റം നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും മോദി മാജിക് ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. അത് സാധ്യമാകുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

വിമതശല്യം ജെ.ജെ.പിയുടെ കൊഴിഞ്ഞുപോക്ക് ജാട്ടുകളുടെ പിന്തുണയില്ലാതെയുള്ള മത്സരം കര്‍ഷക സമരം എന്നിവയെല്ലാം ബിജെപിക്ക് തിരിച്ചടിയായതോടെയായിരുന്നു കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലിരുന്നത്. ഇതോടെ അമിത പ്രതീക്ഷയില്‍ എ.ഐ.സി.സി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് ആഘോഷവും തുടങ്ങി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ദോലടിച്ചും ആഘോഷം നടത്തിയ കോണ്‍ഗ്രസ് അത് പെട്ടെന്ന് നിര്‍ത്തുകയും ചെയ്തു.

Tags:    

Similar News