വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം; കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ല; പാസാക്കിയ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ നേതാക്കള്‍ മടങ്ങിയ സാഹചര്യത്തില്‍ സാധ്യത ഇല്ല; കെ സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജ്മോഹന്‍ ഉണ്ണിത്താന്‍; സുധാകരന് ഇളവെങ്കില്‍ തനിക്ക് കോന്നി സീറ്റ് വേണമെന്ന ആവശ്യത്തില്‍ അടൂര്‍ പ്രകാശും; രണ്ടാം പട്ടികയും വൈകുന്നു

വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം; കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ല

Update: 2026-03-19 09:57 GMT

ന്യൂഡല്‍ഹി: തര്‍ക്കങ്ങള്‍ തീര്‍ത്ത് കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങുന്നതും വൈകുന്നു. പട്ടികയില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുന്നതാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളാന്‍ ഇടയാക്കുന്നത്. കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷനോ ഇക്കാര്യം സ്ഥിരീകരിച്ചില്ല.

കണ്ണൂരില്‍ കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അഭ്യൂഹം മാത്രമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും പ്രതികരിച്ചു. കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, ഇനി അത് മാറാന്‍ സാധ്യതയില്ല. പാസാക്കിയ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ നേതാക്കള്‍ മടങ്ങിയ സാഹചര്യത്തില്‍ സാധ്യത ഇല്ല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നിലവിലെ കണ്ണൂര്‍ ലിസ്റ്റില്‍ ടി ഒ മോഹനന്റെ പേരാണ് പട്ടികയിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എംപിമാരെ വിലക്കിയതിനെ തുടര്‍ന്ന് ഇടഞ്ഞുനിന്ന കെ സുധാകരനെ കോണ്‍ഗ്രസ് അനുനയിച്ചത് എ കെ ആന്റണി ഇടപെട്ടതോടെയാണ്. ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്ന് സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കുമെന്നാണ് സൂചനയും വന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ നീക്കമായിരുന്നു മുതിര്‍ന്ന നേതാവ് കെ സുധാകരനെ അനുനയിപ്പിക്കുക എന്നുള്ളത്. എം പിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാന്റിന്റെ തീരുമാനം വന്നതോടെ വെട്ടിലായത് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കെ സി വേണുഗോപാലും, അടൂര്‍ പ്രകാശും, കെ സുധാകരനും ആയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഇടഞ്ഞ് നിന്നത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാവ് കെ സുധാകരന്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ന് വാര്‍ത്താ സമ്മേളനമടക്കം കെ സുധാകരന്‍ നടന്നാന്‍ നീക്കമിട്ടിരുന്നു. രാവിലെ തന്നെ നേതാക്കളെ ഫോണില്‍ വിളിച്ച് താന്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ടടക്കം സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളും സമ്മതിച്ചിരുന്നു. ഉച്ചക്ക് വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്നും ഊഹാപോഹങ്ങള്‍ പരന്നു. എങ്ങനെയായാലും മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന കെ സുധാകരനെ ഒരു തരത്തില്‍ പിടിച്ചു കെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്.

എന്നാല്‍, ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത് കണ്ണൂരില്‍ കെ സുധാകരന്‍ നിയമസഭാ സ്ഥാാര്‍ത്ഥിയായേക്കും എന്ന് തന്നെയാണ്. എകെ ആന്റണിയാണ് വിഷയത്തില്‍ ചര്‍ച്ചക്കായി കെ സുധാകരനെ ഫോണില്‍ വിളിച്ചത്. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ ജീവന്‍ പണപ്പെടുത്തിയ ആള്‍ ആണ് സുധാകരനെന്ന് എ കെ ആന്റണി പ്രതികരിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാല്‍ സുധാകരന്‍ എന്തു മറുപടി പറഞ്ഞു എന്ന ചോദ്യത്തിന് ആന്റണി ഉത്തരം പറഞ്ഞിട്ടുമില്ല.

കെ സുധാകരന്‍ മത്സര രംഗത്തേക്ക് എത്തിയതോടെ, തന്റെ അതൃപ്തി തുറന്നുകാട്ടി അടൂര്‍ പ്രകാശ് എം പിയും രംഗത്തെത്തി. കെ സുധാകരന് ഇളവ് കൊടുക്കാമെങ്കില്‍, തനിക്കും മത്സരിക്കണമെന്നും കോന്നിയില്‍ എന്തുണ്ടായാലും ഉത്തരവാദിയാകില്ലെന്നും തന്റെ തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചെന്നും അടൂര്‍ പ്രകാശും പ്രതികരിച്ചു. ഇതോടെ, കെ സുധാകരനെച്ചൊല്ലിയുള്ള പ്രശ്‌നം അവസാനിച്ചെങ്കിലും പുതിയ പ്രശ്‌നത്തില്‍ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് എം പിമാര്‍ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുമോയെന്ന ആശങ്കയിലാണ് നേതൃത്വം.

Tags:    

Similar News