അന്‍വറിന്റെ ഡിഎംകെയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീര്‍; കോണ്‍ഗ്രസിന് ചേലക്കരയിലും വിമതന്‍; തിരഞ്ഞെടുപ്പ് ട്വിസ്റ്റുകള്‍ തുടരുന്നു
തിരുവനന്തപുരം: പി വി അന്‍വറിന്റെ ഡിഎംകെയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീര്‍. ഡിഎംകെ സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ മത്സരിക്കുമെന്ന് എന്‍ കെ സുധീര്‍ അറിയിച്ചു. അന്‍വറുമായി സുധീര്‍ ചര്‍ച്ച നടത്തി. അതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
പി വി അന്‍വര്‍ വീട്ടില്‍ വന്ന് കൂടിക്കാഴ്ച നടത്തി. മുമ്പ് ആലത്തൂരില്‍ നിന്നും മത്സരിച്ചയാളാണ് താന്‍. അന്ന് ചെറിയ വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാല്‍ അതിന് ശേഷം പാര്‍ട്ടി ഒരിക്കലും തന്നെ പരിഗണിച്ചിട്ടില്ല. സ്ഥാനാര്‍ഥിയാക്കാമെന്ന് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് നേരത്തെ ഓഫര്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കി. ഇതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സുധീര്‍ പറഞ്ഞു.
സ്ഥാനാര്‍ഥിയാകാന്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്നും വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പട്ടികജാതിക്കാരെ കാണുന്നത് പോലും ഇഷ്ടമല്ല. എന്തോ വിരോധമാണ് അവരോട്. ചേലക്കരയില്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞതിന് പിന്നാലെയാണ് എന്‍ കെ സുധീറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പാലക്കാട് ഇടതു സ്വതന്ത്രനായി സരിന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പിവി അന്‍വര്‍, അന്‍വര്‍