പാലക്കാട് നഗരമേഖലയിലെ വോട്ടുകളില്‍ തന്നെ ലീഡുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; സി കൃഷ്ണകുമാറിന് വന്‍ തിരിച്ചടി; ശക്തികേന്ദ്രങ്ങളില്‍ ബിജെപി തളരുമ്പോള്‍ പാലക്കാട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്ലാദ പ്രകടനം; വോട്ടുനില മെച്ചപ്പെടുത്തി ഇടതു സ്ഥാനാര്‍ഥി പി സരിനും

പാലക്കാട് നഗരമേഖലയിലെ വോട്ടുകളില്‍ തന്നെ ലീഡുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2024-11-23 03:55 GMT

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗമെന്ന് സൂചന. തുടക്കത്തിലെ ബിജെപി അനുകൂല ട്രെന്‍ഡുകള്‍ മാറി മറിഞ്ഞാണ് ബിജെപി വോട്ടുയര്‍ത്തിയത്. പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗസഭയില്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ കഴിഞ്ഞ തവണ ബിജെപി നേടിയ ലീഡ് നിലയേക്കാള്‍ വലിയ ഇടിവാണ് സി കൃഷ്ണകുമാറിന്റെ വോട്ടുകളില്‍ സംഭവിച്ചിരിക്കുന്നത്. ഇതോടെ പാലക്കാട് തന്നെ നില മെച്ചപ്പെടുത്തിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് ശക്തമായിരിക്കുന്നത്.

പാലക്കാട് നഗരസഭയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമാണ് കാര്യങ്ങള്‍. ബിജെപി ശക്തികേന്ദ്രങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുയര്‍ത്തി. ഇതോടെ പാലക്കാട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്ലാദപ്രകടനം തുടങ്ങി. പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷകള്‍. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. യുഡിഎഫ് അണികള്‍ നഗത്തില്‍ വോട്ടുയര്‍ത്തി മുന്നേറുകയാണ്.

ആകെ വോട്ടുകളില്‍ രണ്ടാം സ്ഥാനത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട്ട് ആദ്യഘട്ടത്തില്‍ ലീഡ് പിടിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറായിരുന്നു. തപാല്‍വോട്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ കൃഷ്ണകുമാര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കൃഷ്ണകുമാര്‍ ലീഡുയര്‍ത്തിയിട്ടുണ്ടെങ്കിലും ഇത് നിലനിര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നഗരസഭാ പരിധിയടക്കം ബി.ജെ.പിക്ക് സ്വാധീനമുള്ള ഇടങ്ങളായതിനാല്‍ ആദ്യ ഘട്ടത്തില്‍ ബി.ജെ.പി മുന്നേറ്റം നടത്തുക സ്വാഭാവികമാണ്. കഴിഞ്ഞ തവണയും ഇതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഷാഫി പറമ്പില്‍ ഭൂരിപക്ഷം പിടിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകല്‍ ബിജെപിക്ക് കുറവാണെന്നത് അവരുടെ പ്രതീക്ഷകളെ കെടുത്തുന്നതാണ്.

വലിയ വിവാദങ്ങള്‍ കൊണ്ടും ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ടും സജീവമായിരുന്നു പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം. രാഹുല്‍ മാങ്കൂട്ടത്തലിന്റേയും ഡോ.പി.സരിനിന്റേയും സ്ഥാനാര്‍ഥിത്വവും ഒടുവില്‍ ബിജെപിയുടെ സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവുമെല്ലാം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെല്ലാം വഴിവെച്ചപ്പോഴും ബി.ജെ.പിയും എന്‍.ഡി.എയും നിറഞ്ഞ ആത്മവിശ്വസത്തിലായിരുന്നു. ബിജെപി സ്വാധീന മേഖലയില്‍ വോട്ടുവര്‍ധിച്ചത് പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തവണ മെട്രോമാന്‍ ഇ. ശ്രീധരന്‍ പോലും മത്സരിച്ചിട്ടും ആവേശ ക്ലൈമാക്‌സിന് ശേഷമായിരുന്നു എന്‍.ഡി.എക്ക് മണ്ഡലം നഷ്ടപ്പെട്ടത്. ഈ നഷ്ടം സി.കൃഷ്ണകുമാറിലൂടെ ഇത്തവണ തിരിച്ചുപിടിക്കാമെന്നായിരുന്നു ബി.ജെ.പി കണക്കു കൂട്ടിയത്. സി.പി.എമ്മിലേയും കോണ്‍ഗ്രസിലേയും തര്‍ക്കം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ബിജെപി കണക്കു കൂട്ടിയിരുന്നു. എന്നാല്‍, അങ്ങനെയല്ല കാര്യങ്ങളെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ വ്യക്തമാകുന്നത്.

Tags:    

Similar News