കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി; സീറ്റ് നിഷേധിച്ചതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി; ബി.ജെ.പിയുടെ കമല്‍ ഗുപ്തയെ വീഴ്ത്തി മിന്നും ജയം; ഹിസാറിലെ ജനങ്ങളുടെ ശബ്ദമാകാന്‍ സാവിത്രി ജിന്‍ഡാല്‍
'ഹരിയാന നിയമസഭയില്‍ ഹിസാറിലെ ജനങ്ങളുടെ ശബ്ദം' എന്ന ടാഗ് ലൈനോടെ മത്സരം
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡാലിന് മിന്നും ജയം. ബിജെപിയുടെ കമല്‍ ഗുപ്ത, കോണ്‍ഗ്രസിന്റെ രാം നിവാസ് രാറ എന്നിവരെ കീഴടക്കിയാണ് ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 18,941 വോച്ചുകളുടെ ഭൂരിപക്ഷത്തിലാണ് സാവിത്രിയുടെ വിജയം. ബിജെപിയുടെ കുരുക്ഷേത്ര എംപി നവീന്‍ ജിന്‍ഡാലിന്റെ മാതാവ് കൂടിയാണ് സാവിത്രി ജിന്‍ഡാല്‍. ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെയായിരുന്നു സാവിത്രി സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്.
സാവിത്രിയുടെ ഭര്‍ത്താവും ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഓം പ്രകാശ് ജിന്‍ഡാല്‍ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ (1991, 2000, 2005) ഹിസാറില്‍ നിന്ന് വിജയിച്ചിരുന്നു. 2005ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിക്കുമ്പോള്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാരിലും മന്ത്രിയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷമാണ് സാവിത്രി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.
'ഹരിയാണ നിയമസഭയില്‍ ഹിസാറിലെ ജനങ്ങളുടെ ശബ്ദം' എന്ന ടാഗ് ലൈനിലൂടെയാണ് സാവിത്രി ജിന്‍ഡാല്‍ ഇത്തവണ മത്സരരംഗത്തെത്തിയത്. ഇരുപത് കൊല്ലത്തോളം കോണ്‍ഗ്രസിന്റെ വിശ്വസ്ത സഹചാരിണിയായിരുന്ന സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയതും രണ്ട് തവണ എംഎല്‍എ ആയിരുന്നിട്ടും ബി.ജെ.പി. സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതും ഇത്തവണത്തെ ഹരിയാണ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു.
ഇന്ത്യയിലെ ഏറ്റവും സമ്പന്നയും ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് തിരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ കമല്‍ ഗുപ്തയായിരുന്നു സാവിത്രി ജിന്‍ഡാലിന്റെ പ്രധാന എതിരാളി. സീറ്റ് നല്‍കാന്‍ ബി.ജെ.പി. വിസമ്മതിച്ചതോടെയാണ് സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം സാവിത്രി ജിന്‍ഡാല്‍ കൈക്കൊണ്ടത്.
ഹിസാറിലെ ജനത തന്റെ കുടുംബമാണെന്നും അവരുടെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും അവര്‍ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി സഭയില്‍ താന്‍ ശബ്ദമുയര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ജിന്‍ഡാല്‍ കുടുംബം എക്കാലവും ഹിസാറിനെ സേവിക്കുന്നതില്‍ സന്തോഷിക്കുന്നതായും ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ താനെപ്പോഴും പ്രതിജ്ഞാബദ്ധയാണെന്നും എഴുപത്തിനാലുകാരിയായ സാവിത്രി കൂട്ടിച്ചേര്‍ത്തു.
36.3 ബില്യണ്‍ ഡോളര്‍ (ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) ആസ്തിയ്ക്കുടമയാണ് സാവിത്രി. സെപ്റ്റംബര്‍ 28 ന് പ്രസിദ്ധീകരിച്ച ബ്ലൂബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡെക്‌സ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സാവിത്രിയുടെ സ്ഥാനം. രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ആദ്യപത്തിലുള്‍പ്പെട്ട ഏക വനിത കൂടിയാണിവര്‍.
2005 ല്‍ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാലിന്റെ മരണത്തോടെയാണ് ജിന്‍ഡാല്‍ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃനിരയിലേക്ക് സാവിത്രി കടന്നുവന്നത്. സ്റ്റീല്‍ നിര്‍മാണം, ഖനനം, ഊര്‍ജോല്‍പാദനം തുടങ്ങി സുപ്രധാനമേഖലകളില്‍ പ്രമുഖസ്ഥാനത്തുള്ള കമ്പനിയാണ് ഓം പ്രകാശ് ജിന്‍ഡാല്‍ സ്ഥാപിച്ച ജിന്‍ഡാല്‍. പദ്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സാവിത്രിയ്ക്ക് ലഭിച്ചു. സാവിത്രിയുടെ പ്രവര്‍ത്തന-നേതൃനേട്ടങ്ങള്‍ ലോകത്തിലെ വനിതാസംരംഭകര്‍ക്കും വ്യവസായനേതൃത്വങ്ങള്‍ക്കും വലിയ പ്രചോദനം കൂടിയാണ് സാവിത്രി ജിന്‍ഡാല്‍.
എംഎല്‍എ എന്ന നിലയില്‍ സാവിത്രി ജിന്‍ഡാല്‍ രണ്ടുതവണ ഹിസാറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2005 ലാണ് ആദ്യമായി സാവിത്രി നിയമസഭയിലേക്കെത്തിയത്. 2009 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാവിത്രി ഭൂപീന്ദര്‍ സിങ് ഗൂഡ മന്ത്രിസഭയില്‍ അംഗമാകുകയും ചെയ്തു. 2014ല മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ട് പതിറ്റാണ്ടുകാലം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അവര്‍ മകന്‍ നവീന്‍ ജിന്‍ഡാലിന് പിന്നാലെയാണ് ഇക്കൊല്ലം മാര്‍ച്ചില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് നവീന്‍ ജിന്‍ഡല്‍ ഉള്‍പ്പെടെയുള്ള ജിന്‍ഡാല്‍ കുടുംബം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.
ഇക്കുറി നാമനിര്‍ദേശ പത്രികയില്‍ സാവിത്രി നല്‍കിയ കണക്കുകള്‍ പ്രകാരം ആകെ ആസ്തി 270.66 കോടി രൂപയാണ്. 2009 ലെ തെരഞ്ഞെടുപ്പില്‍ ആസ്തി 43.68 കോടി ആയിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് 113 കോടി വര്‍ധിച്ചു. ഫോബ്‌സ് മാഗസിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ശതകോടീശ്വരയായ ഏക വനിത സാവിത്രിയാണ്. ഈ കഴിഞ്ഞ ആഗസ്തില്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ആസ്തി 39.5 ബില്യണ്‍ ഡോളറായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളില്‍ ഒന്നാം സ്ഥാനത്തേക്ക് സാവിത്രി എത്തി. ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരില്‍ ഒരാളും സാവിത്രിയാണ്.