'ദിവസം മുഴുവന്‍ വോട്ടെടുപ്പ് നടന്നിട്ടും ഇവിഎമ്മില്‍ എങ്ങനെ 99% ചാര്‍ജ്; വോട്ട് മുഴുവന്‍ ബിജെപിക്ക്'; ഭര്‍ത്താവ് ഫഹദ് അഹ്‌മദ് മത്സരിക്കുന്ന അണുശക്തി നഗറില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് സ്വര ഭാസ്‌കര്‍

വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് സ്വര ഭാസ്‌കര്‍

Update: 2024-11-23 13:00 GMT

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഭര്‍ത്താവ് ഫഹദ് അഹ്‌മദ് മത്സരിക്കുന്ന അണുശക്തി നഗറിലാണ് താരം വോട്ടെണ്ണലിനിടെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശരദ് പവാര്‍ എന്‍സിപി സ്ഥാനാര്‍ഥിയായാണ് ഫഹദ് ഇവിടെ മത്സരിച്ചത്. അജിത് പവാര്‍ എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ മകള്‍ സന മാലിക്കാണ് ഇവിടെ ഫഹദിനെതിരെ മത്സരിച്ചത്. സന മാലിക്ക് 3378 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്.

തുടക്കത്തില്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിയശേഷം 17,18,19 റൗണ്ടുകളില്‍ 99% ബാറ്ററി ചാര്‍ജുള്ള ഇവിഎമ്മുകള്‍ തുറന്നപ്പോള്‍ ബിജെപി പിന്തുണയുള്ള അജിത് പവാര്‍ എന്‍സിപി സ്ഥാനാര്‍ഥിക്കാണ് ലീഡെന്ന് സ്വര ചൂണ്ടിക്കാട്ടി. ദിവസം മുഴുവന്‍ വോട്ടെടുപ്പ് നടന്നിട്ടും മെഷീനുകളില്‍ എങ്ങനെയാണ് 99 ശതമാനം ചാര്‍ജുണ്ടാകുകയെന്നും 99 ശതമാനം ചാര്‍ജുള്ള മെഷീനുകളെല്ലാം എങ്ങനെയാണ് ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വോട്ട് നല്‍കുന്നതെന്നും സ്വര എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനേയും കോണ്‍ഗ്രസിനേയും ഇന്ത്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, സുപ്രിയ സുലെ, സഞ്ജയ് റാവത്ത് എന്നിവരേയും ടാഗ് ചെയ്താണ് സ്വര കുറിപ്പ് പോസ്റ്റ് ചെയ്തത്. നേരത്തെ ഫഹദ് അഹ്‌മദും എക്സിലൂടെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. 16 റൗണ്ട് വരെ താന്‍ കൃത്യമായി മുന്നില്‍നിന്ന ശേഷമാണ് അജിത് പവാര്‍ എന്‍സിപി സ്ഥാനാര്‍ഥി ഇരട്ടിയിലേറെ ലീഡ് നേടിയതെന്നും ഫഹദ് വ്യക്തമാക്കി. 16,17,18,19 റൗണ്ടുകളില്‍ വീണ്ടും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം സനയ്ക്ക് 49341 വോട്ടാണ് ലഭിച്ചിരിക്കുന്നത്. ഫഹദിന് 45963 വോട്ടും. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആചാര്യ വിദ്യാധറാണ് മൂന്നാമത്.

Tags:    

Similar News