നേത്രരോഗ വിദഗ്ധനില്‍ നിന്നും പ്രസിഡന്റായി സ്ഥാനാരോഹണം; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തെരുവില്‍ പടര്‍ന്നതോടെ സ്വീകരിച്ചത് അടിച്ചമര്‍ത്തല്‍ നയം; ഒടുവില്‍ സ്വന്തം ജനതയുടെ സായുധകലാപത്തില്‍ ഓടി രക്ഷപെടല്‍; സിറിയയില്‍ അന്ത്യം കുറിച്ചത് 54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച്ചക്ക്

54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച്ചക്ക്

Update: 2024-12-08 08:31 GMT

ഡമസ്‌കസ്: സിറിയന്‍ ജനതയ്ക്ക് രാഷ്ട്രീയ അസ്ഥിരത പുത്തരിയുള്ള കാര്യമല്ല. ലോകം മുഴുവന്‍ പലായനം ചെയ്യുന്ന അഭയാര്‍ഥികളില്‍ വലിയൊരു പങ്ക് സിറിയന്‍ ജനതയാണ്. എന്നാല്‍, സ്വന്തം നാട് അധികാര അസ്ഥിരതയിലേക്ക് കൂടി തള്ളിയിടപ്പെട്ടതോടെ ഇവിടുത്തെ ജനതയുടെ ഭാവി ജീവിതം വലിയ ആശങ്കയിലാണ്. രാഷ്ട്രീയമായി 54 വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന അസദ് കുടുംബത്തിന്റെ ഭരണത്തിനാണ് സായുധ വിപ്ലവത്തിലൂടെ അന്ത്യം കുറിക്കുന്നത്.

13 വര്‍ഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയിലെ വിമതര്‍ക്ക് ഏറെ നിര്‍ണായക ദിനമായിരുന്നു ഇന്ന്. 54 വര്‍ഷമായി സിറിയയില്‍ അധികാരത്തിലിരിക്കുകയായിരുന്നു അസദ് കുടുംബം. ആ കുടുംബത്തെ അധികാര ഭ്രഷ്ടരാക്കിയെങ്കിലും ഇനി ആര് നയിക്കുമെന്ന ചോദ്യം സിറിയന്‍ ജനതക്ക് മുന്നില്‍ നില്‍ക്കുന്നു. ആഭ്യന്തര യുദ്ധങ്ങള്‍ പുത്തരയില്ലാത്ത സിറിയന്‍ ജനത ഇതിനെയും നേരടുമെന്ന് ഉറപ്പാണ്. 1971ലാണ് ഇപ്പോഴത്തെ പ്രസിഡന്റായിരുന്ന ബശ്ശാര്‍ അല്‍ അസദിന്റെ പിതാവ് സൈനിക ഏകാധിപതിയായിരുന്ന ഹാഫിസ് അല്‍ അസദ് അധികാരത്തിലേറിയത്. 2000 വരെ ഹാഫിസ് അല്‍ അസദ് സിറിയ ഭരിച്ചു.

2000ത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ബശ്ശാര്‍ അല്‍ അസദ് സിറിയന്‍ ഭരണതലപ്പത്ത് വരുന്നത്. നേത്രരോഗ വിദഗ്ധനായിരുന്നു ബശ്ശാര്‍. ബാത് പാര്‍ട്ടിയുടെ തലവനും സൈനിക മേധാവിയുമായിരുന്നു അപ്പോള്‍ ബശ്ശാര്‍. 2011ല്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം സിറിയന്‍ തെരുവുകളിലേക്കും പടര്‍ന്നു. സ്വാതന്ത്ര്യവും ജനാധിപത്യ ഭരണവും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങള്‍ സിറിയന്‍ തെരുവുകളിലിറങ്ങി. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ അഞ്ചുലക്ഷത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടു.


 



അത്രയോളം ആളുകള്‍ക്ക് പരിക്കേറ്റു. നിരവധി ആളുകള്‍ക്ക് കിടപ്പാടം നഷ്ടമായി. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സ്വന്തം ജനതക്കു നേരെ ബശ്ശാര്‍ രാസായുധ പ്രയോഗം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരെ വന്നു. പോരാട്ടം മൂര്‍ഛിച്ചപ്പോള്‍ ഭരണപക്ഷത്തെ സഹായിച്ച് റഷ്യയും വിമതരെ സഹായിച്ച യു.എസും നേട്ടം കൊയ്തു. വര്‍ഷങ്ങള്‍ നീണ്ട ജനകീയ പോരാട്ടത്തിനാണിപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

പ്രക്ഷോഭങ്ങളെ സ്വന്തം പിതാവിന്റെ പാത പിന്തുടര്‍ന്ന് നിഷ്‌കരുണം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് ബാഷറിന് തിരിച്ചടിയായി മാറിയത്. കലാപം ആഭ്യന്തര യുദ്ധമായി മാറിയതോടെ സഖ്യകക്ഷികളായ ഇറാന്റെയും റഷ്യയുടേയും പിന്തുണയോടെ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങള്‍ തകര്‍ത്ത് കീഴ്‌പ്പെടുത്താന്‍ ബഷര്‍ തന്റെ സൈന്യത്തെ അഴിച്ചുവിട്ടു. ഇതിനുപിന്നാലെ സിറിയയിലെ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ വ്യാപകമായ പീഡനങ്ങളും നിയമവിരുദ്ധമായ വധശിക്ഷകളും നടക്കുന്നതായി അന്താരാഷ്ട്ര അവകാശ സംഘടനകളും പ്രോസിക്യൂട്ടര്‍മാരും ആരോപിച്ചുകൊണ്ട് രംഗത്തെത്തി.

അഞ്ചുലക്ഷത്തോളം പേരാണ് സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. സിറിയയില്‍ യുദ്ധത്തിന് മുന്‍പുണ്ടായിരുന്നത് 23 ദശലക്ഷം പേരായിരുന്നെങ്കില്‍ യുദ്ധം തുടങ്ങി ഇതുവരെയുള്ള കണക്കനുസരിച്ച് ജനസംഖ്യയിലെ പകുതിയിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. പതിയെ തുടങ്ങിയ കലാപം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയപ്പോള്‍, ദശലക്ഷക്കണക്കിന് സിറിയക്കാരാണ് അതിര്‍ത്തികള്‍ കടന്ന് ജോര്‍ദാന്‍, തുര്‍ക്കി, ഇറാഖ്, ലെബനന്‍ എന്നിവിടങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തത്.


 



ഈയടുത്ത കാലം വരെയും അസദ് ഭരണകൂടത്തിന് പേടിക്കേണ്ട യാതൊരാവശ്യവും ഇല്ലായിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗം പ്രതിപക്ഷ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും വടക്കുകിഴക്ക് കുര്‍ദിഷ് നിയന്ത്രണത്തിലുമായിരുന്നു. അതേസമയം തന്നെ സിറിയയുടെ പ്രധാനഭാഗങ്ങള്‍ സര്‍ക്കാര്‍ അധീനതയില്‍ തുടരുകയും ചെയ്തു. അതേസമയം ഡമാസ്‌കസ് പാശ്ചാത്യ ഉപരോധത്തില്‍ തുടരുകയായിരുന്നു. ഇതിനിടെ അറബ് ലീഗ് കഴിഞ്ഞ വര്‍ഷം സിറിയയുടെ അംഗത്വം പുനഃസ്ഥാപിച്ചു. 12 വര്‍ഷം മുമ്പ് ഡമാസ്‌കസുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം സിറിയയിലെ ആദ്യത്തെ അംബാസഡറെ നിയമിച്ചതായി സൗദി അറേബ്യ മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്.

എന്നാല്‍, നവംബര്‍ അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള പ്രതിപക്ഷ ഗ്രൂപ്പുകള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് സിറിയയില്‍ കാറ്റ് മാറി വീശാന്‍ തുടങ്ങിയത്. ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകര്‍ന്നു. അസദിന്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തില്‍ വ്യാപൃതരായി. ഇക്കാരണത്താല്‍ സിറിയയുടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ഇവര്‍ വിമുഖത കാണിക്കുകയും ചെയ്തു.

വിമതര്‍ സിറിയന്‍ തലസ്ഥാനം പിടിച്ചടക്കിയതോടെ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അസദ് എവിടെയാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ബഷര്‍ അല്‍ അസദ് രാജ്യംവിട്ടതോടെ അവരുടെ 54 വര്‍ഷത്തെ കുടുംബവാഴ്ച കൂടിയാണ് സിറിയയില്‍ അവസാനിച്ചത്. രാജ്യം ഭരിക്കുന്നത് ഇനിയാര് എന്ന ചോദ്യവും ഇതിനൊപ്പം അവശേഷിക്കുന്നു.


 



സിറിയയിലെ അസദ് ഭരണകൂടത്തിന്റെ പതനം പശ്ചിമേഷ്യയില്‍ പ്രതിഫലിക്കുന്ന ഒന്നുകൂടിയാണ്. ഇറാനെയും ലബനാനെയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. വര്‍ഷങ്ങളായി ബശ്ശാര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സായുധ സംഘടനയാണ് ഹിസ്ബുല്ല. രണ്ടരക്കോടി ജനങ്ങളുള്ള സിറിയയില്‍ പുതിയ ഭരണകൂടം സ്ഥാപിക്കുമെന്നാണ് വിമത സേനയുടെ പ്രഖ്യാപനം.

ദേശീയ ടെലിവിഷന്‍ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തിട്ടുണ്ട്. വിമതര്‍ തലസ്ഥാനമായ ഡമസ്‌കസ് പിടിച്ചതോടെ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. മുമ്പ് ബശ്ശാറിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരുന്ന ജയിലുകളും വിമതര്‍ പിടിച്ചെടുത്ത് തടവിലുള്ളവരെ മോചിപ്പിക്കുന്നുണ്ട്. കുപ്രസിദ്ധമായ സെഡ്നായ ജയില്‍ വിമതര്‍ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചു.

ബശ്ശാര്‍ ഭരണത്തില്‍നിന്നു മുക്തി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഡമസ്‌കസിലെ തെരുവുകളില്‍ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങളാണ് നടക്കുന്നത്. അതിനിടെ, സര്‍ക്കാറിന്റെ നടത്തിപ്പിനായി പ്രതിപക്ഷവുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഘാസി ജലാലി വിഡിയോ സന്ദേശത്തില്‍ അറിയിച്ചു.

Tags:    

Similar News