ബ്രിട്ടനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍; പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായം തകര്‍ന്നടിയും; നീക്കം ഡൊണാള്‍ഡ് ട്രംപിന്റെ ടാരിഫിനേക്കാള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തലുകള്‍
ബ്രിട്ടനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍
ലണ്ടന്‍: ഇപ്പോള്‍ തന്നെ പ്രതിസന്ധി നേരിടുന്ന ബ്രിട്ടനിലെ ഉരുക്കുവ്യവസായ മേഖലയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഇറക്കുമതിക്ക് 50 ശതമാനം ടാരിഫ് ചുമത്താനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. യു കെയില്‍ നിന്നുള്ള ഉരുക്ക് കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് എന്നതിനാല്‍, ഈ നീക്കം ഡൊണാള്‍ഡ് ട്രംപിന്റെ ടാരിഫിനേക്കാള്‍ വലിയ പ്രത്യാഘാതമായിരിക്കും ബ്രിട്ടനുണ്ടാക്കുക. അമേരിക്കയിലേക്ക് വെറും 7 ശതമാനം ഉരുക്ക് മാത്രമാണ് ബ്രിട്ടനില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്.
യു കെ സ്റ്റീല്‍ വ്യവസായ മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതായിരിക്കുമെന്ന് ഉരുക്കു വ്യവസായികളുടെ സംഘടനയായ യു കെ സ്റ്റീല്‍ ഡയറക്റ്റര്‍ ജനറല്‍ ഗരേത് സ്റ്റേസ് പറയുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം സുദൃഢമാക്കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ശ്രമിക്കുന്നതിനിടെയാണ് ടാരിഫ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്. മത്സ്യബന്ധനം, യുവാക്കളുടെ കുടിയേറ്റം എന്നിവയില്‍ വന്‍ ഇളവുകള്‍ നല്‍കിയാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സ്റ്റാര്‍മര്‍ ശ്രമിക്കുന്നത്.
വില കുറഞ്ഞ ചൈനീസ് ഉരുക്കിന്റെ വിപണിയിലെ സാന്നിദ്ധ്യം മുതല്‍, വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജനിരക്കും, ട്രംപിന്റെ വ്യാപാര യുദ്ധം വരുത്തിയ പ്രത്യാഘാതങ്ങളും ഉള്‍പ്പടെ യു കെ ഉരുക്ക് വ്യവസായ മേഖല കനത്ത പ്രതിസന്ധികള്‍ നേരിടുന്നതിനിടയിലാണ് കൂനിന്മേല്‍ കുരു എന്നതുപോലെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. തെക്കന്‍ വെയ്ല്‍സിലെ പോര്‍ട്ട് ടാല്‍ബോട്ടിലുള്ള ടാറ്റ സ്റ്റീല്‍ പ്ലാന്റിന് സര്‍ക്കാര്‍ ധനസഹായം ഉറപ്പു വരുത്തുവാനും, സ്‌കന്‍ത്രോപ്പ് ആസ്ഥാനമായ ബ്രിട്ടീഷ് സ്റ്റീല്‍ ഏറ്റെടുക്കാനും സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന തരത്തില്‍ ഈ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും വില കുറഞ്ഞ ഉരുക്കിന്റെ ഒഴുക്ക് ഉണ്ടായതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ ടാരിഫ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം, ട്രംപിന്റെ വ്യാപാര യുദ്ധത്തില്‍ പിറ്റിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പായി ബ്രിട്ടന്‍ കണ്ടിരുന്നത് യൂറോപ്യന്‍ വിപണിയെയായിരുന്നു. അമേരിക്കയിലെക്കുള്ള കയറ്റുമതിയില്‍ വരുന്ന കുറവ് യൂറോപ്യന്‍ വിപണിയില്‍ പരിഹരിക്കാന്‍ കഴിയും എന്നായിരുന്നു ബ്രിട്ടന്റെ വിശ്വാസം. അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.