പ്രീണനം സമാധാനം കൊണ്ടു വരില്ല; ന്യായത്തിന്റെ ഭാഗത്ത് നിന്ന് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയേയും വ്യാപാര നിയമങ്ങളേയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം; ട്രംപിനെ പേടിച്ച് യു.എസുമായി വ്യാപാര കരാറുണ്ടാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളെ വിമര്‍ശിച്ച് ചൈന

പ്രീണനം സമാധാനം കൊണ്ടു വരില്ല;

Update: 2025-04-21 04:26 GMT

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ പേടിച്ച് യു.എസുമായി വ്യാപാര കരാറുണ്ടാക്കന്‍ ചര്‍ച്ചകള്‍ നടത്തുന്ന രാജ്യങ്ങളെ വിമര്‍ശിച്ച് ചൈന രംഗത്ത്. പ്രീണനം സമാധാനം കൊണ്ടു വരില്ലെന്നാണ് ചൈന വിമര്‍ശിക്കുന്നത്. യു.എസുമായി വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിന് പകരമായി ചൈനയെ ബഹിഷ്‌കരിക്കണമെന്ന് പല രാജ്യങ്ങള്‍ക്കും ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചൈനയുടെ പ്രതികരണം.

പ്രീണനം സമാധാനം കൊണ്ടുവരില്ല. ഒത്തുതീര്‍പ്പ് ബഹുമാനം നേടിത്തരില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വക്താവ് പ്രതികരിച്ചു. ന്യായത്തിന്റെ ഭാഗത്ത് എല്ലാവരും നിന്ന് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയേയും വ്യാപാര നിയമങ്ങളേയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ചൈന ആഹ്വാനം ചെയ്തു.

വ്യാപാരയുദ്ധം കൂടുതല്‍ ശക്തമാക്കി ചൈനക്കുമേലുള്ള തീരുവ വീണ്ടും യു.എസ് ഉയര്‍ത്തിയിരുന്നു. തീരുവ 245 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ചൈനക്കുമേലുള്ള തീരുവ 245 ശതമാനമാക്കി ഉയര്‍ത്തുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഗലീലിയം, ജെര്‍മേനിയം പോലുള്ള പല പ്രധാനപ്പെട്ട വസ്തുക്കളുടേയും യു.എസിലേക്കുള്ള കയറ്റുമതിയില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടര്‍ വ്യവസായങ്ങള്‍ക്ക് ഈ വസ്തുക്കള്‍ അത്യാന്താപേക്ഷതിമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈയാഴ്ച ആറ് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്നും വൈറ്റ് ഹൗസിന്റെ ആരോപണമുണ്ട്.

അതേസമയം ഇങ്ങനെ വ്യാപാരയുദ്ധം കനക്കുന്നതിനിടെ വീണ്ടും എല്ലാവരെയും ഞെട്ടിച്ച് അധികമായി ചുമത്തിയ ഇറക്കുമതിത്തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചിിക്കയാണ്. എന്നാല്‍ ഒരു രാജ്യത്തെ മാത്രം അതില്‍ നിന്ന് ഒഴിവാക്കി- ട്രംപ് ഏറ്റവും വലിയ ശത്രുവായി കാണുന്ന ചൈനയെ. ചൈനയക്ക് തുടക്കത്തില്‍ പ്രഖ്യാപിച്ച 34 ശതമാനം തീരുവ ഓരോ ഓരോ ദിവസവുമെന്നോണം കൂട്ടിക്കൊണ്ടിരിക്കുകയാണ് ട്രംപ്. ഈ വ്യാപാര യുദ്ധത്തില്‍ അടിസ്ഥാനപരമായി ട്രംപ് ലക്ഷ്യംവെക്കുന്നത് ചൈനയെയാണെന്നതാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. അക്കാര്യം ചൈനയ്ക്കും നല്ല ബോധ്യമുണ്ട്.

തുടക്കത്തില്‍ ഇറക്കുമതിത്തീരുവ നയം ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ ചൈനയ്ക്ക് 34 ശതമാനമായിരുന്നു തീരുവയിട്ടത്. ഇത് പിന്നീട് 54 ശതമാനമായി ഉയര്‍ത്തി. ഇതിന് മറുപടിയായി ചൈന യു.എസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി. ഇതില്‍ നിയന്ത്രണം വിട്ട ട്രംപ് പിറ്റേ ദിവസം 50 ശതമാനം കൂടി കൂട്ടി. ഇതോടെ ചൈന യു.എസിന് നല്‍കേണ്ട ആകെ ഇറക്കുമതിത്തീരുവ 104 ശതമാനമായി. ബെയ്ജിങ്ങും വെറുതെയിരുന്നില്ല.

അമേരിക്കയ്ക്ക് 84 ശതമാനം തീരുവ അവരും പ്രഖ്യാപിച്ചു. ട്രംപിനെ തോല്‍പ്പിക്കാനാകുമോ? മണിക്കൂറുകള്‍ക്കകം ചൈനയ്ക്കുള്ള തീരുവ 125 ഉം പിന്നീട് 145 ഉം ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ ചൈനയും 145 ആക്കി. അവിടെയും തീര്‍ന്നെന്ന് കരുതരുത്. അവസാനം ലഭിച്ച വിവരപ്രകാരം ട്രംപ് ഭരണകൂടം ചൈനയ്ക്ക് ഏര്‍പ്പെടുത്തിയ താരിഫ് 245 ശതമാനമാണ്. ചൈന പല അമേരിക്കന്‍ കമ്പനികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചൈനീസ് വ്യോമയാന കമ്പനികളോട് ബോയിങ്ങില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് 245 ശതമാനത്തിന്റെ കേട്ടുകേള്‍വിയില്ലാത്ത ഇറക്കുമതിച്ചുങ്കം ട്രംപ് ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News