വേറെ വഴികളുണ്ടെന്ന് മോദി കാട്ടിത്തന്നു; തീരുവ പൂജ്യമാക്കി കുറച്ച് ട്രംപ് ഇന്ത്യയോട് മാപ്പു പറയണം; യുഎസും റഷ്യയും ചൈനയുമായുമുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി മോദി വളരെ മിടുക്കുകാട്ടി; 21-ാം നൂറ്റാണ്ടില്‍ നിര്‍ണായക പങ്ക് ഇന്ത്യക്ക്; ട്രംപിനെതിരെ യുഎസ് നയതന്ത്ര വിദഗ്ധന്‍

വേറെ വഴികളുണ്ടെന്ന് മോദി കാട്ടിത്തന്നു

Update: 2025-09-04 01:00 GMT

വാഷിങ്ടണ്‍: ഇന്ത്യയുടെ മേല്‍ ചുമത്തിയ തീരുവ പൂജ്യമായി കുറയ്ക്കണമെന്നും വിഷയത്തില്‍ യുഎസ് മാപ്പുപറയണമെന്നും ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് നയതന്ത്ര വിദഗ്ധനും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. യുഎസും റഷ്യയും ചൈനയുമായുമുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മിടുക്കുകാട്ടിയെന്നും അദ്ദേഹം പ്രശംസിച്ചു. 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് വളരെ നിര്‍ണായക പങ്കുണ്ടെന്നും പ്രൈസ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ചൈനീസ് സന്ദര്‍ശനത്തിന് ശേഷമായിരുന്നു നയതന്ത്ര വിദഗ്ധന്റെ അഭിപ്രായം.

'ഇന്ത്യ-യുഎസ് സഹകരണത്തെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായക പങ്കാളിത്തമായാണ് ഞാന്‍ കണക്കാക്കുന്നത്. ചൈനയും റഷ്യയും തമ്മില്‍ എന്ത് സംഭവിക്കുമെന്ന് ഈ പങ്കാളിത്തം തീരുമാനിക്കും. 21-ാം നൂറ്റാണ്ടില്‍ നിര്‍ണായക പങ്ക് ഇന്ത്യക്കാണ്. ചൈനയുമായി ഏറ്റുമുട്ടുകയും റഷ്യയുമായി യുദ്ധത്തിലായിരിക്കുകയും ചെയ്യുന്ന സ്ഥിതിക്ക്, എന്തിനാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയുടെ മേല്‍ 50 ശതമാനം തീരുവ ചുമത്തുന്നതെന്ന് മനസ്സിലാവുന്നില്ല', എഡ്വേഡ് പ്രൈസ് പറഞ്ഞു. 'ഇന്ത്യയുടെ മേലുള്ള 50 ശതമാനം തീരുവ ഒഴിവാക്കുകയും അത് കൂടുതല്‍ ന്യായമായ നിലയിലേയ്ക്ക് കുറയ്ക്കുകയും വേണം, ഞാന്‍ പൂജ്യം ശതമാനം നിര്‍ദേശിക്കുന്നു, ഒപ്പം ഇന്ത്യയോട് മാപ്പു പറയണമെന്നുമാണ് എന്റെ അഭിപ്രായം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ശക്തികള്‍ക്കിടയിലെ സാധ്യതകളെ കൈകാര്യംചെയ്യുന്ന ഇന്ത്യയുടെ രീതിയെയും എഡ്വേഡ് പ്രൈസ് പ്രകീര്‍ത്തിച്ചു. റഷ്യയുമായും ചൈനയുമായും പൂര്‍ണമായി ചേര്‍ന്നുനില്‍ക്കാതെതന്നെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് മോദി സൂചന നല്‍കിയിട്ടുണ്ട്. മിടുക്കോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. തനിക്ക് മറ്റു വഴികളുണ്ടെന്ന് അദ്ദേഹം അമേരിക്കയെ ഓര്‍മിപ്പിക്കുന്നു. എന്നാലോ, ചൈനയെയും റഷ്യയെയും പൂര്‍ണമായി സ്വീകരിച്ചിട്ടില്ല താനും. സൈനിക പരേഡില്‍ പങ്കെടുക്കാത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ചൈനയുടെയോ റഷ്യയുടെയോ സ്വാധീനവലയത്തില്‍ വീഴില്ല. സ്വന്തമായി സംസ്‌കാരമുള്ള, സ്വതന്ത്രമായി ചിന്തിക്കുന്ന പരമാധികാര രാജ്യമാണ് ഇന്ത്യ. അത് സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു. ഇന്ത്യ ഏതെങ്കിലും പക്ഷത്ത് സ്ഥിരമായി നിലയുറപ്പിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വിലയിരുത്തി.

അതേസമയം ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ലഭിക്കാത്തതിലുള്ള അതൃ്പ്തിയാണ് ട്രംപിന് എന്നാണ് യുഎസ് സ്ട്രാറ്റജിക് അഫയേഴ്സ് വിദഗ്ധന്‍ ആഷ്ലി ജെ. ടെല്ലിസ് നിലവിലെ സംഭവ വികാസങ്ങളെ കുറിച്ച് വ്യക്തമാക്കിയ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ആഷ്ലിയുടെ പ്രതികരണം. താന്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നല്‍ ട്രംപിനുണ്ട്. യുഎസിന്റെ താക്കീത് പരിഗണിക്കാതെ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നതും, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതിനുള്ള ക്രെഡിറ്റ് ലഭിക്കാത്തതും ട്രംപിനു താന്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നലുണ്ടാക്കാന്‍ ഇടയാക്കിയതായും ആഷ്ലി പറഞ്ഞു.

''ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം താന്‍ പരിഹരിച്ചെന്നും, അതിനുള്ള അംഗീകാരം തനിക്ക് ലഭിക്കാത്തതില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന് ട്രംപ് കരുതുന്നുണ്ടെന്നുമാണ് ഞാന്‍ കരുതുന്നത്. സംഭവത്തില്‍ യുഎസിനു ക്രെഡിറ്റ് നല്‍കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായും ഞാന്‍ സംശയിക്കുന്നു'' ആഷ്ലി ജെ. ടെല്ലിസ് പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം തകരാറിലാകുന്നതില്‍ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മറ്റ് വഴികളില്ലാത്തതില്‍ യുഎസിന്റെ ശത്രുരാജ്യങ്ങളുമായി അടുക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ പീറ്റര്‍ നവാരോ കൊണ്ടെത്തിച്ചു എന്നും ആഷ്ലി ജെ. ടെല്ലിസ് പറഞ്ഞു.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News