ജര്‍മന്‍ ഭാഷ പഠിക്കുക; ജര്‍മന്‍ നിയമങ്ങള്‍ അനുസരിക്കുക; ജര്‍മന്‍ പൗരത്വം എടുക്കുക; കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി ജര്‍മനി; അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍വച്ച് തന്നെ തിരിച്ചയക്കും

ജര്‍മന്‍ ഭാഷ പഠിക്കുക; ജര്‍മന്‍ നിയമങ്ങള്‍ അനുസരിക്കുക

Update: 2024-11-30 04:37 GMT

ബെര്‍ലിന്‍: ഭൗമരാഷ്ട്രീയത്തില്‍ തനത് വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവുമധികം പ്രാധാന്യം ദേശീയതയ്ക്കാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജര്‍മ്മനി, കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്ത് താമസിക്കാന്‍ എത്തുന്ന വിദേശികള്‍, രാജ്യത്തിന്റെ പ്രാദേശിക മൂല്യങ്ങളും സംസ്‌കാരവും ബഹുമാനിക്കണമെന്നും അതുമായി ഇഴുകി ചേരണമെന്നുമാണ് ജര്‍മ്മനി പറയുന്നത്. ഈ മാസം, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ മൂന്നു കക്ഷികള്‍ അടങ്ങിയ കൂട്ടുകക്ഷി ഭരണം തകര്‍ന്നതോടെ, മധ്യ- വലതുപക്ഷ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌സ് യൂണിയന്‍, അവരുടെ, 'സംസ്‌കാരത്തിലൂന്നിയ വളര്‍ച്ച' എന്ന നയമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ജര്‍മ്മനിയില്‍ കുടിയേറുന്നവര്‍ നിര്‍ബന്ധമായും ജര്‍മ്മന്‍ സംസ്‌കാരവുമായി ഇഴുകി ചേരണം എന്നാണ് അവര്‍ പറയുന്നത്.

ജര്‍മ്മന്‍ ഭാഷ സംസാരിക്കുക, ജര്‍മ്മന്‍ നിയമങ്ങളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക, ജര്‍മ്മന്‍ പൗരത്വം എടുക്കുക എന്നതൊക്കെ ഇതില്‍ ഉള്‍പ്പെടും. ജര്‍മ്മനിയില്‍ ജീവിക്കുന്ന എല്ലാവരും ജര്‍മ്മന്‍ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കണം എന്നാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യ വകതാവ് അലക്സാണ്ടര്‍ തോം ദി ടെലെഗ്രാഫിനോട് പറഞ്ഞത്. അതാണ്, ജര്‍മ്മനിയിലെ ജീവിത ശൈലി. അത് കേവലം ഭാഷയിലും അനുഷ്ഠാനങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നും സാംസ്‌കാരികവും ചരിത്രപരവുമായ അടിത്തറ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് ആവശ്യത്തിന് ജര്‍മ്മനിയില്‍ വന്നു എന്നത് പ്രശ്നമല്ല, പക്ഷെ ജര്‍മ്മന്‍ സംസ്‌കാരം, അവര്‍ ഉയര്‍ത്തിപ്പിടിക്കണം. അടുത്ത തെരഞ്ഞെടുപ്പില്‍ സി ഡി യു അധികാരത്തിലെത്തിയാല്‍, യൂറോപ്യനേതര അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ വെച്ചു തന്നെ തടഞ്ഞ് തിരിച്ചയയ്ക്കുമെന്നും ജര്‍മ്മനി പറഞ്ഞു. യുക്രെയിനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പരിഗണന നല്‍കേണ്ടതുകൊണ്ടാണ് യൂറോപ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സമ്മതിക്കുന്നത് എന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ഭാവിയില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും മതിയായ തോതില്‍ യുക്രെയിനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു. നിലവില്‍ 12 യുക്രെയിന്‍ സ്വദേശികളാണ് ജര്‍മ്മനിയില്‍ അഭയം തേടിയിരിക്കുന്നത്.

സിറിയയിലെയും ഇറാഖിലേയും അഫ്ഗാനിസ്ഥാനിലെയും ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തിയ പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിനുള്ള മുന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കെലിന്റെ തീരുമാനം ജര്‍മ്മനിയില്‍ വന്‍ വിവാദമായിരുന്നു. ഈ തീരുമാനത്തെ പിന്തുണച്ചപ്പോള്‍ പോലും, കുറച്ചു കാലത്തേക്ക് തങ്ങള്‍ക്ക് അഭയാര്‍ത്ഥികള്‍ക്ക് മേല്‍ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് മെര്‍ക്കല്‍ തന്നെ സമ്മതിച്ചിരുന്നു.

Tags:    

Similar News