ഇസ്രയേലിനെതിരേ ആക്രമണം തുടര്‍ന്ന് ഹൂതികള്‍; ടെല്‍അവീവിലെ പാര്‍ക്കില്‍ മിസൈല്‍ പതിച്ചു; അയോണ്‍ ഡോമിനെ മറികടനന്നെത്തിയ മിസൈല്‍ പൊട്ടിത്തെറിച്ച് 16 പേര്‍ക്ക് പരിക്ക്; സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറി; ഇസ്രായേലിന് അപ്രതീക്ഷിത നടുക്കം

ഇസ്രയേലിനെതിരേ ആക്രമണം തുടര്‍ന്ന് ഹൂതികള്‍

Update: 2024-12-21 06:39 GMT

ടെല്‍അവീവ്: ഇസ്രയേലിനെതിരേ ആക്രമണവുമായി യെമനിലെ ഹൂതികള്‍. ടെല്‍അവീവിലെ പാര്‍ക്കില്‍ മിസൈല്‍ പതിച്ചുവെന്നും 16 പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റുവെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്. അയേണ്‍ ഡോം മറികടന്നെത്തിയ മിസൈല്‍ ആക്രമണം അപ്രതീക്ഷിതമായിരുന്നു.

പുലര്‍ച്ചെ 3:44-നാണ് ആക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു. ഇതാദ്യമായല്ല ഹൂതികള്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. ടെല്‍ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ജൂലൈ മാസത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണം നടത്തുകയും ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. അന്ന് ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേ നടന്ന ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വെള്ളിയാഴ്ച 25 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ 77 പേരാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിച്ചതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശീയ ഉന്മൂലനംതന്നെയെന്ന് അടിവരയിട്ട് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് -എം.എസ്.എഫ്) റിപ്പോര്‍ട്ട്. സംഘടനക്ക് വേണ്ടി ഗസ്സയില്‍ പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ ജീവനക്കാരില്‍നിന്ന് വിവരം ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇസ്രായേല്‍ സൈന്യം കൂട്ടനശീകരണവും മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയതിന് ആരോഗ്യ ജീവനക്കാര്‍ സാക്ഷിയാണ്. വടക്കന്‍ ഗസ്സയില്‍നിന്ന് ബോധപൂര്‍വം ആളുകളെ പുറന്തള്ളി. തിരിച്ചുവരാന്‍ കഴിയാത്തവിധം അവിടെ നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധം ഇന്ന് അവസാനിച്ചാലും തലമുറകളോളം അവിടെ ജീവിക്കാന്‍ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിയും നശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News