ഇറാനുമായി കലഹത്തിന് വന്നാല്‍ യു.എസിന് കനത്ത തിരിച്ചടി നല്‍കും; യെമനിലെ ഹൂതികള്‍ ഉള്‍പ്പടെ മിഡില്‍ ഈസ്റ്റില്‍ ആരും ഇറാനെ പ്രതിനിധികരീക്കുന്നില്ല; അവര്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍; ട്രംപിന് മറുപടിയുമായി ആയത്തുള്ള ഖമേനി
ഇറാനുമായി കലഹത്തിന് വന്നാല്‍ യു.എസിന് കനത്ത തിരിച്ചടി നല്‍കും;
ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. യെമനിലെ ഹൂതികള്‍ ഉള്‍പ്പടെ മിഡില്‍ ഈസ്റ്റില്‍ ആരും ഇറാനെ പ്രതിനിധികരീക്കുന്നില്ലെന്ന് ഖമേനി വ്യക്തമാക്കി. ഇവരെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യെമന് അവരുടേതായ താല്‍പര്യങ്ങളുണ്ടാവും. മേഖലയിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ടാവും. ആരുമായും തര്‍ക്കമോ പോരാട്ടമോ ഞങ്ങള്‍ ആരംഭിച്ചിട്ടില്ല. അരെങ്കിലും ഞങ്ങള്‍ക്കെതിരെ വരികയാണെങ്കില്‍ അവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ഖമേനി പറഞ്ഞു.
ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാനെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് രംഗത്തു വന്നത്. ഹൂതികള്‍ക്ക് ആയുധം നല്‍കരുതെന്ന് ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പ് നല്‍കിയിരന്നു. ഹൂതികള്‍ക്കുള്ള ആയുധങ്ങളും പിന്തുണയും ഇറാന്‍ കുറച്ചിട്ടുണ്ടെന്നും തെളിവുകള്‍ നല്‍കാതെ ട്രംപ് അവകാശപ്പെട്ടു. ഹൂതികള്‍ക്ക് ആയുധം നല്‍കുന്നത് പൂര്‍ണമായും ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യമന്‍ ആസ്ഥാനമായ ഹൂതി വിമതരെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും യു.എസ് കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപ് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രസ്താവന പങ്കുവെച്ചത്. വ്യോമാക്രമണം അപരിഷ്‌കൃതരായ ഹൂതികള്‍ക്ക് കനത്തനാശമാണുണ്ടാക്കിയത്. ആക്രമണം ഇനിയും രൂക്ഷമാകുന്നത് കാണാം. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമല്ലിത്. ഒരിക്കലും അങ്ങനെയാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇതോടെയാണ് ഹൂതികളെ തള്ളിപ്പറഞ്ഞ് ആയത്തുള്ള ഖമേനി പറഞ്ഞത്. ഒരു ദശാബ്ദത്തില്‍ ഏറെയായി സൗദി നേതൃത്വത്തിലുള്ള സഖ്യവുമായി ഹൂത്തികള്‍ ഏറ്റുമുട്ടുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കടന്ന്കയറി ആക്രമണം നടത്തിയതിന് പിന്നാലെ ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഹൂത്തികള്‍ ചെങ്കടലിലൂടെ കടന്നു പോകുന്ന പല കപ്പലുകളും ആക്രമിച്ചിരുന്നു.
കൂടാതെ ഇസ്രയേലിലേക്ക് നിരന്തരമായി ഡ്രോണുകളും മിസൈലുകളും അവര്‍ അയച്ചിരുന്നു. ഇതിന് ഇസ്രയേല്‍ കനത്ത തിരിച്ചടിയും നല്‍കിയിരുന്നു. ഹൂത്തി വിമതര്‍ ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നത് നിര്‍ത്തുന്നതുവരെ യെമനില്‍ ആക്രമണം തുടരുമെന്ന് അമേരിക്ക നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അക്രമം നിര്‍ത്താനും അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികള്‍ക്കുമേല്‍ വരുത്തുമെന്നും ട്രംപും നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതല്‍ നിങ്ങളുടെ ആക്രമണം നിര്‍ത്തുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ നരകം നിങ്ങളുടെമേല്‍ പെയ്തിറങ്ങും എന്നും ട്രംപ് സാമൂഹിക മാധ്യമത്തിലുൂടെ താക്കീതു നല്‍കി. എന്നാല്‍ ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടഞ്ഞ ഇസ്രയേലിന്റെ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിട്ടില്ലെങ്കില്‍ സൈനികനടപടി സ്വീകരിക്കുമെന്ന് ഹൂത്തി നേതാക്കള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.