ഹമാസിനെ തീര്‍ത്തു.. ഹിസ്ബുള്ള നേതൃനിരയെ തകര്‍ത്തു.. ഹൂത്തികളുടെ ആയുധ ശേഖരവും തവിടുപൊടിയാക്കി; അടുത്തത് ഇറാനോ? 'ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും, ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പം' എന്ന് നെതന്യാഹു; 'ശ്രേഷ്ഠരായ പേര്‍ഷ്യന്‍ ജനത' എന്ന് അഭിസംബോധന ചെയ്ത് അസാധാരണ നീക്കം..!
അടുത്തത് ഇറാനോ? 'ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും, ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പം' എന്ന് നെതന്യാഹു
ടെല്‍ അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം മുറുകവേ അസാധാരണ നീക്കവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിയന്‍ ജനതയ്ക്ക് സന്ദേശം നല്‍കി കൊണ്ടാണ്ട് നെതന്യാഹു രംഗത്തെത്തിയത്. ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇറാന്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപണമുള്ള ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ അസാധാരണ സന്ദേശം.
ഹമാസിനെ തീര്‍ത്തതിന് ശേഷം ഹിസ്ബുള്ളയുടെ നേതൃനിരയെയും ഇസ്രായേല്‍ ഇതിനോടകം തകര്‍ത്തിരുന്നു. ഹൂത്തികളുടെ ആയുധശേഖരവും തവിടുപൊടിയാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇസ്രായേല്‍ ഇറാനെതിരെ ശക്തമായ താക്കീതുമായി രംഗത്തു വന്നിരിക്കുന്നത്. നെതന്യാഹുവിന്റെ മുന്നറിയിപ്പ് ഇറാന്‍ ഭരണനേതൃത്വത്തിന് എതിരെയാണെന്ന് വ്യക്തമാണ്.
'എല്ലാ ദിവസവും, നിങ്ങളെ സ്വാധീനിക്കുന്നതിനായി ലെബനനെ പ്രതിരോധിക്കുമെന്നും ഗാസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുള്ള തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടത്തെ നിങ്ങള്‍ കാണുന്നു. എന്നിട്ട് എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ കൂടുതല്‍ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും ആഴ്ത്തുന്നു' നെതന്യാഹു പറഞ്ഞു. ഇറാനിയന്‍ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹു വീഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്.
ഇറാന്റെ പാവകള്‍ ഇല്ലാതായാകുകയാണെന്ന് പറഞ്ഞ നെതന്യാഹു പശ്ചിമേഷ്യയില്‍ ഇസ്രയേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും ഇല്ലെന്നും മുന്നറിയിപ്പ് നല്‍കി. 'ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എവിടെ വരെയും പോകും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഓരോ നിമിഷവും കുലീനരായ പേര്‍ഷ്യന്‍ ജനതയെ നിങ്ങളുടെ ഭരണകൂടം അഗാധത്തിലേക്കാണ് എത്തിക്കുന്നത്. ഇറാന്‍കാരില്‍ ബഹുഭൂരിപക്ഷത്തിനും അവരുടെ ഭരണകൂടം തങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാം. അവര്‍ക്ക് നിങ്ങളെ കുറിച്ച് ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ പശ്ചിമേഷ്യയില്‍ ഉടനീളമുള്ള വ്യര്‍ത്ഥമായ യുദ്ധങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ പാഴാക്കുന്നത് അവര്‍ അവസാനിപ്പിക്കുമായിരുന്നു. അത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആണവായുധങ്ങള്‍ക്കും വിദേശ യുദ്ധങ്ങള്‍ക്കുമായി ഭരണകൂടം പാഴാക്കിയ പണമെല്ലാം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും നിങ്ങളുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിക്ഷേപിച്ചിരുന്നെങ്കിലെന്ന് സങ്കല്‍പ്പിക്കുക' ഇറാനികളോടായി നെതന്യാഹു പറഞ്ഞു.
ഇറാന്‍ ഒടുവില്‍ സ്വതന്ത്രമാകുമെന്നും ആ നിമിഷം ആളുകള്‍ കരുതുന്നതിലും വളരെ വേഗത്തിലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതോടെ എല്ലാം വ്യത്യസ്തമായിരിക്കും 'നമ്മുടെ രണ്ട് പുരാതന ജനത, ജൂത ജനതയും പേര്‍ഷ്യന്‍ ജനതയും ഒടുവില്‍ സമാധാനത്തിലാകും. ഇസ്രായേലും ഇറാനും സമാധാനത്തിലായിരിക്കും' നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ആ ദിവസം വരുമ്പോള്‍, അഞ്ച് ഭൂഖണ്ഡങ്ങളിലായി ഭരണകൂടം കെട്ടിപ്പടുത്ത ഭീകര ശൃംഖല പാപ്പരാവും, തകര്‍ക്കപ്പെടും. ഇറാന്‍ മുമ്പെങ്ങുമില്ലാത്തവിധം അഭിവൃദ്ധിപ്പെടുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ലെബനനിലേക്കോ പലസ്തീന്‍ ഭൂപ്രദേശങ്ങളിലേക്കോ ഇറാന്റെ സൈന്യത്തെ അയക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഇസ്രയേലിനെതിരേ പൊരുതാനുള്ള ശേഷി അവിടത്തെ പോരാളികള്‍ക്കുണ്ടെന്നും ഇറാന്‍ വിദേശകാര്യവക്താവ് നാസര്‍ കനാനി പറഞ്ഞു.
പിന്തുണച്ച് അമേരിക്കയും
നേരത്തെ അമേരിക്കയും ഇസ്രായേലിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കവേയാണ് യു.എസ്. ഇസ്രായേലിന് പിന്തുണയുമായി രംഗത്തുവന്നത്. ഇസ്രായേല്‍ സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അതിന് യു.എസിന്റെ പിന്തുണയുണ്ടെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
'ഒക്ടോബര്‍ ഏഴിന് സമാനമായ മറ്റൊരു ആക്രമണം നടക്കാതിരിക്കാനും വടക്കന്‍ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിസ്ബുല്ലയുടെ ആക്രമണോപാധികള്‍ തകര്‍ക്കേണ്ടത് ആവശ്യകതയാണ്. അതേസമയം, അതിര്‍ത്തിക്ക് ഇരുവശവുമുള്ള സിവിലിയന്‍മാര്‍ക്ക് സുരക്ഷിതമായി മടങ്ങാനുള്ള നയതന്ത്ര പരിഹാരവും ആവശ്യമാണ്. ഇറാനില്‍ നിന്നും ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും യു.എസ് പൗരന്മാര്‍ക്കും പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും നേരിടേണ്ടിവരുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ യു.എസ് തയാറാണ്. ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിച്ച് പറയുകയാണ്' -ലോയ്ഡ് ആസ്റ്റിന്‍ പറഞ്ഞു.
അതേസമയം ലബനാനില്‍ വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇസ്രായേല്‍. ഈ സാഹചര്യത്തിലാണ് അമേരിക്ക പിന്തുണയുമായെത്തിയിരിക്കുന്നത്. യുദ്ധം വ്യാപിക്കുന്ന അവസ്ഥ ഉണ്ടായാല്‍ അമേരിക്ക കളത്തില്‍ ഇറങ്ങുമെന്ന സൂചന തന്നെയാണ് ഇപ്പോഴത്തെ പ്രസ്താവന. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായാണ് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്. ലബനീസ് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഇസ്രായേല്‍ ടാങ്കുകള്‍ പ്രവേശിച്ചിട്ടുണ്ട്.
ലെബനനില്‍ കരയുദ്ധം തുടങ്ങി
ലബനാനില്‍ വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേല്‍ സൈന്യം. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി മേഖലകളിലേക്ക് ഇസ്രായേല്‍ ടാങ്കുകള്‍ പ്രവേശിച്ചു. 2006ന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ലബനാനില്‍ കരയുദ്ധത്തിലേര്‍പ്പെടുന്നത്.
ഇസ്രായേല്‍ ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലബനാന്‍ അതിര്‍ത്തി മേഖലയില്‍ ഇസ്രായേല്‍ വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു. കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സൈന്യം ലബനാന്‍ മേഖലയിലേക്ക് പ്രവേശിച്ചത്.
തെക്കന്‍ ലബനാനിലെ എയ്ന്‍ അല്‍-ഹില്‍വേ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ലബനാനില്‍ ഇതുവരെ ആകെ 1208 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം, ഗസ്സയിലും ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയിലെ അഭയാര്‍ഥികള്‍ കേന്ദ്രമാക്കിയ സ്‌കൂളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ഗസ്സയില്‍ നസറേത്ത് അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്‌കസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ ഒരേ സമയം മൂന്ന് രാജ്യങ്ങളില്‍ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്.
അതേസമയം, ലബനാനിലെ കരയുദ്ധത്തെ ശക്തിയോടെ ചെറുക്കുമെന്നും ഹിസ്ബുല്ല സജ്ജമാണെന്നും ഹസന്‍ നസ്‌റുല്ലയുടെ വധത്തിനുശേഷം ആദ്യമായി നടന്ന ടെലിവിഷന്‍ അഭിസംബോധനയില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നഈം ഖാസിം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടെങ്കിലും സംഘടന സംവിധാനം ഉലയാതെ തുടരുന്നുവെന്നും ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നിലവില്‍ ചുമതല വഹിക്കുന്ന അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ ആക്രമണം രൂക്ഷമായ തെക്കന്‍ ലബനാനില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഒരുക്കമാണെന്ന് ലബനാന്‍ ഇടക്കാല പ്രധാനമന്ത്രി മീഖാതിയും അറിയിച്ചു. ആക്രമണം രൂക്ഷമായതോടെ ലബനാനില്‍നിന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.