ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന മോദിയുടെ നിലപാട് ഊന്നി പറഞ്ഞ് ഇന്ത്യ; ഓഗസ്റ്റ് 15 ന് അലാസ്‌കയിലെ ട്രംപ്-പുടിന്‍ ഉച്ചകോടിയില്‍ സമാധാന പ്രതീക്ഷ; യുക്രെയിന്‍ സംഘര്‍ഷത്തിന് അന്ത്യം കുറിക്കാന്‍ വഴിതുറക്കുമെന്ന പ്രത്യാശയോടെ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഇന്ത്യ

ട്രംപ്- പുടിന്‍ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്തു

Update: 2025-08-09 18:41 GMT

ന്യൂഡല്‍ഹി: യുക്രൈനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അലാസ്‌കയില്‍ നടക്കാനിരിക്കുന്ന ട്രംപ്- പുടിന്‍ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്തു. ഇതൊരു യുദ്ധത്തിന്റെ യുഗമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഈ തന്ത്രപ്രധാനമായ നീക്കത്തിന് പിന്തുണയറിയിച്ചത്.

ഓഗസ്റ്റ് 15, ന് അലാസ്‌കയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം. 'അമേരിക്കയും റഷ്യയും തമ്മില്‍ ഓഗസ്റ്റ് 15-ന് അലാസ്‌കയില്‍ കൂടിക്കാഴ്ചയ്ക്ക് ധാരണയായതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു,' വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നിലവിലെ സംഘര്‍ഷത്തിന് അന്ത്യം കുറിക്കാനും സമാധാനത്തിന്റെ പുതിയ വാതിലുകള്‍ തുറക്കാനും ഈ ഉച്ചകോടിക്ക് സാധിക്കുമെന്ന പ്രത്യാശയും പ്രസ്താവന പങ്കുവെച്ചു.

2015-ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പുടിന്‍ നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. 'യുക്രൈന്‍ പ്രതിസന്ധിക്ക് ദീര്‍ഘകാല സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുക എന്നതിലാണ് ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുക,' എന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ പ്രക്രിയ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, ക്രിയാത്മകമായി സഹകരിക്കാന്‍ മോസ്‌കോ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, അര്‍മേനിയ-അസര്‍ബൈജാന്‍ സമാധാന കരാര്‍ ഒപ്പുവെക്കുന്ന വേളയില്‍, ഭൂപ്രദേശങ്ങള്‍ പരസ്പരം കൈമാറുന്നത് ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമാകാമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ഒരിഞ്ച് ഭൂമി പോലും അധിനിവേശക്കാര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ശനിയാഴ്ച തറപ്പിച്ചുപറഞ്ഞത്, വരാനിരിക്കുന്ന ചര്‍ച്ചകളുടെ സങ്കീര്‍ണ്ണതയിലേക്ക് വിരല്‍ചൂണ്ടുന്നു.

Tags:    

Similar News