ഫോര്‍ഡോ ആണവ നിലയില്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വേണം; ട്രംപിന് മുമ്പില്‍ തടസ്സങ്ങള്‍ നിരവധി ഉയര്‍ന്നതോടെ മറ്റു വഴി നോക്കാന്‍ ഇസ്രായേല്‍; 300 അടി ആഴമുള്ള ആണവ നിലയം തകര്‍ക്കാന്‍ ഐഡിഎഫ് കമാന്‍ഡോകളെ അയച്ചേക്കും; മൊസാദിന്റെ ബുദ്ധിരാക്ഷസന്‍മാര്‍ ആ വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലോ?

ഫോര്‍ഡോ ആണവ നിലയില്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വേണം

Update: 2025-06-20 09:57 GMT
ഫോര്‍ഡോ ആണവ നിലയില്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വേണം; ട്രംപിന് മുമ്പില്‍ തടസ്സങ്ങള്‍ നിരവധി ഉയര്‍ന്നതോടെ മറ്റു വഴി നോക്കാന്‍ ഇസ്രായേല്‍; 300 അടി ആഴമുള്ള ആണവ നിലയം തകര്‍ക്കാന്‍ ഐഡിഎഫ് കമാന്‍ഡോകളെ അയച്ചേക്കും; മൊസാദിന്റെ ബുദ്ധിരാക്ഷസന്‍മാര്‍ ആ വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലോ?
  • whatsapp icon

ടെല്‍അവീവ്: ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം ആക്രമിച്ച് തകര്‍ക്കുക എന്നത് ഇസ്രയേലിനെ സംബന്ധിച്ച് ഏറ്റവും തന്ത്രപ്രധാനമായ ആവശ്യമാണ്. എന്നാല്‍ പര്‍വ്വത മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ ആണവകേന്ദ്രം ഭൂമിക്കടിയില്‍ വളരെ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഇസ്രയേലിന്റെ കൈവശമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഈ ആണവനിലയം ആക്രമിക്കുന്നത് സാധ്യമായ കാര്യമല്ല. അമേരിക്കയുടെ കൈവശമുള്ള ഏറ്റവും മാരകശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബായ മാസീവ് ഓര്‍ഡിനന്‍സ് പെനിട്രേറ്റര്‍ ഇനത്തില്‍ പെട്ട ജി.ബി.യു -57 എ / ബി എന്ന ആയുധം ഉപയോഗിച്ച് മാത്രമേ 285 അടി ആഴത്തിലുള്ള ഈ ആണവ കേന്ദ്രം തകര്‍ക്കാന്‍ കഴിയുകയുള്ളൂ.

കൂടാതെ 14000 കിലോഗ്രാം ഭാരമുള്ള ഈ ബോംബ് അമേരിക്ക ഇതിനായി പ്രത്യേകമായി നിര്‍മ്മിച്ച വിമാനത്തില്‍ മാത്രമേ കൊണ്ട് പോകാനും കഴിയുകയുള്ളൂ. മറ്റ് മിസൈലുകളോ ബോംബുകളോ പോലെ ഇസ്രയിലിന് ഇത് നേരിട്ട് ആക്രമിക്കാനും കഴിയുകയില്ല. ഫോര്‍ദോ നിലയം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ കര്‍ശന സുരക്ഷാ സന്നാഹത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നതും. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു കൊണ്ടാണ് ഇറാന്‍ ആണവ പദ്ധതികളുമായി മുന്നോട്ട് പോയത്.

ആണവ നിലയങ്ങളെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള നിരവധി സംവിധാനങ്ങള്‍ ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തങ്ങളുടെ കൈവശം ഇറാന്റെ ആണവ നിലയം തകര്‍ക്കുന്നതിനുള്ള ബോംബ് ഉണ്ടെങ്കിലും ഇപ്പോള്‍ അത് പ്രയോഗിക്കുന്നില്ല എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇസ്രയേല്‍ സര്‍ക്കാര്‍ അമേരിക്കയെ അറിയിച്ചിരിക്കുന്നത് അമേരിക്കയുടെ ബോംബ് ലഭിച്ചില്ലെങ്കിലും തങ്ങള്‍ക്ക് ഫോര്‍ദോ നിലയം തകര്‍ക്കാന്‍ കഴിയുമെന്നാണ്.


 



മനുഷ്യരെ ഉപയോഗിച്ച് തന്നെ ഈ ആണവ നിലയം തകര്‍ക്കും എന്നാണ് ഇസ്രയേല്‍ അമേരിക്കയോട് പറഞ്ഞത്. ഇവരെ സംബന്ധിച്ച് ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ സെപ്തംബറില്‍ ഇസ്രയേല്‍ സൈന്യം സിറിയയിലെ മസ്യാഫിലുള്ള ഇറാന്റെ ഒരു ഭൂഗര്‍ഭ മിസൈല്‍ നിര്‍മ്മാണ കേന്ദ്രം ആക്രമിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേല്‍ ഇറാനിലേക്ക് ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഇറാന്റെ തലസ്ഥാനമായ ടെഹ്്റാനില്‍ ഡ്രോണ്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചിരുന്നു.

എന്നാല്‍ ഫോര്‍ദോ നിലയത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കാന്‍ തന്നെയാണ് ഇറാന്‍ തയ്യാറെടുത്തിരിക്കുന്നത്. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ആണവ ശക്തി ഉപയോഗിക്കുകയുള്ളൂ എന്നാണ് ഇറാന്‍ വ്യക്തമാക്കിയിരുന്നത്. ഇതിനിടെ ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ യുഎസ് സൈനിക ആക്രമണം നടത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ആവശ്യം ഉന്നയിച്ചിരുന്നു. മലയ്ക്കുള്ളില്‍ 80 മീറ്റര്‍ (260 അടി) ആഴത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഭൂഗര്‍ഭ സൗകര്യത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍' യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഗ്രഹാം അഭ്യര്‍ത്ഥിച്ചു.

ഇസ്രായേല്‍ ആകാശ മേധാവിത്വം നേടുകയും ഇറാന്റെ സൈനിക-ശാസ്ത്രീയ നേതൃത്വത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി അവസാനിപ്പിക്കാന്‍ ഏകവും അവശേഷിക്കുന്നതുമായ സ്ഥലം ഫോര്‍ഡോ ആണവ കേന്ദ്രമാണ്,' ഗ്രഹാം തന്റെ പ്രസ്താവനയില്‍ പറഞ്ഞു.


 



ഇത്രയും ആഴത്തിലുള്ള ഭൂഗര്‍ഭ ലക്ഷ്യത്തെ ആക്രമിക്കാന്‍ ആവശ്യമായ ബങ്കര്‍ തകര്‍ക്കുന്ന ബോംബുകള്‍ യുഎസിന് മാത്രമേ ഉള്ളൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ യുഎസിന് മാത്രമേ കഴിയൂ.' വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍, പര്‍വതത്തിനുള്ളിലെ ഈ സൗകര്യത്തെ തകര്‍ക്കാന്‍ കഴിവുള്ള ബോംബുകള്‍ യുഎസിന്റെ പക്കല്‍ മാത്രമാണ് ഉള്ളത്. എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്. യുഎന്‍ ആണവ ഏജന്‍സിയും ഇറാന്‍ അത്തരമൊരു ആയുധം വികസിപ്പിക്കുന്നതിന്റെ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഫോര്‍ഡോയുടെ പ്രാധാന്യം എന്ത്?

നതാന്‍സിനുശേഷം ഇറാന്റെ രണ്ടാമത്തെ പ്രധാന ആണവസമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ അഥവാ ഷാഹിദ് അലി മുഹമ്മദി ആണവ കേന്ദ്രം. തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി വിശുദ്ധനഗരമായ ക്വോമിന് സമീപം പര്‍വതങ്ങള്‍ക്കു കീഴിലായി 262 മുതല്‍ 295 അടി വരെ താഴ്ചയിലാണ് ഫോര്‍ഡോ പണി കഴിപ്പിച്ചിട്ടുള്ളത്. ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാന്‍ റവല്യുഷനറി ഗാര്‍ഡ് കോറിന്റെ പഴുതടച്ച കാവലുമുള്ള ഫോര്‍ഡോയിലാണ് ആണവായുധ നിര്‍മാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നടത്തുന്നതെന്ന് ആണവ നിര്‍വ്യാപനരംഗത്തെ വിദഗ്ധര്‍ പറയുന്നു. സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം വിശാലമാക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നതും ഫോര്‍ഡോയില്‍ തന്നെ. രണ്ടു ഹാളുകളിലായി 3,000 സെന്‍ട്രിഫ്യൂജുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ ഇറാന്‍ ഫോര്‍ഡോ ആണവകേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും 2004ലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ ഉപഗ്രഹ ചിത്രങ്ങള്‍ ലോകം ശ്രദ്ധിക്കുന്നത്. 2009ല്‍ നിര്‍മാണം ഏറക്കുറെ പൂര്‍ത്തിയായി. ഫോര്‍ഡോയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്‍ അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും 2009ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണും ഫോര്‍ഡോയെക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്തി. ഫോര്‍ഡോയുടെ വലുപ്പവും ശേഷിയും സമാധാനപരമായ ഒരു പദ്ധതിയുമായി ചേര്‍ന്നു പോകുന്നതല്ലെന്ന ആശങ്കയാണ് ഒബാമ പങ്കുവച്ചത്.


 



പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഫോര്‍ഡോയെക്കുറിച്ച് വിവരം ലഭിച്ചെന്നറിഞ്ഞ ഇറാന്‍ ഒബാമയുടെ വെളിപ്പെടുത്തലിന് ഏതാനും ദിവസംമുന്‍പ്, തങ്ങള്‍ ഒരു ആണവകേന്ദ്രം നിര്‍മിക്കാനാഗ്രഹിക്കുന്നെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയെ (ഐഎഇഎ) അറിയിച്ചിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാനാണ് ഭൂഗര്‍ഭ ആണവകേന്ദ്രം നിര്‍മിക്കുന്നതെന്നാണ് അവര്‍ ഐഎഇഎയ്ക്ക് നല്‍കിയ വിശദീകരണം. 3000 സെന്‍ട്രിഫ്യൂജ് വരെയാണ് ഫോര്‍ഡോയുടെ ശേഷിയെന്നാണ് ഇറാന്‍ ഐഎഇഎയെ അറിയിച്ചിട്ടുള്ളത്. ഐഎഇഎയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഫോര്‍ഡോയില്‍ 60 % വരെ യുറേനിയം സമ്പുഷ്ടീകരിക്കുന്നുണ്ട്.

അണുബോംബുകള്‍ നിര്‍മിക്കാനാകുന്ന 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഉല്‍പാദിപ്പിക്കാന്‍ ഫോര്‍ഡോയ്ക്ക് വളരെ വേഗത്തില്‍ ആകുമെന്നതാണ് ഇസ്രയേലും യുഎസും ഉയര്‍ത്തിക്കാട്ടുന്ന ഭീഷണി. നിലവിലെ സാഹചര്യത്തില്‍ മൂന്നാഴ്ച കൊണ്ട് ഫോര്‍ഡോയ്ക്ക് ഇത് സാധിക്കും. നതാന്‍സില്‍പോലും 5 ശതമാനം മാത്രമാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നത്. 2023ല്‍ 83.7 ശതമാനം സമ്പുഷ്ടികരീച്ച യുറേനിയം കണ്ടെത്തിയതായി ഐഎഇഎ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫോര്‍ഡോയെ ഇല്ലാതാക്കാതെ ഇറാന്റെ ആണവശക്തി പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇസ്രയേലിന് കഴിയില്ലെന്ന് സാരം. എന്നാല്‍ മറ്റിടങ്ങളെപ്പോലെ ഇസ്രയേലിന് അനായാസം ആക്രമിച്ചു തകര്‍ക്കാനാകുന്നതല്ല ഫോര്‍ഡോ.

Tags:    

Similar News