ഇറാന്റെ മര്‍മ്മം നോക്കി ഇസ്രായേലിന്റെ അടി; ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തു; ആണവ ഗവേഷണ പരിപാടികള്‍ക്കായി എത്തിച്ച സുപ്രധാന ഉപകരണങ്ങള്‍ നശിച്ചതായി റിപ്പോര്‍ട്ട്; ലക്ഷ്യമിട്ടവയില്‍ തലേഗാന്‍ സൈനിക സമുച്ചയവും

ഇറാന്റെ മര്‍മ്മം നോക്കി ഇസ്രായേലിന്റെ അടി

Update: 2024-11-17 02:46 GMT

ടെല്‍ അവീവ്: ഇറാന്റെ മര്‍മ്മനോക്കി അടിച്ചു ഇസ്രായേലിന്റെ മിന്നല്‍ നീക്കം. പശ്ചിമേഷ്യയില്‍ യുദ്ധഭീതി അയവില്ലാതെ തുടരുന്നതിനിടെ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം ഇസ്രായേല്‍ തകര്‍ത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇറാനിലെ പാര്‍ച്ചിനില്‍ പ്രവര്‍ത്തിച്ചിരുന്ന ആണവ പരീക്ഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായതെന്ന് അമേരിക്കന്‍, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നും ആണവായുധ ഗവേഷണ പരിപാടികള്‍ പുനരാരംഭിക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 26ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് രഹസ്യ ഇറാനിയന്‍ ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കപ്പെട്ടത്. ആക്രമണത്തില്‍ പ്ലാസ്റ്റിക് സ്‌ഫോടക വസ്തുക്കള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ തെക്ക് കിഴക്ക് നിന്ന് 20 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രമായ തലേഗാന്‍ സൈനിക സമുച്ചയമാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യമിട്ടത്. ഇറാന്റെ അമാദ് ന്യൂക്ലിയര്‍ പ്രോഗ്രാമിന്റെ സമയത്ത് ഈ പ്രദേശം ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. 2003-ല്‍ ഇവിടെ നടന്നിരുന്ന ആണവ പദ്ധതി നിര്‍ത്തിയതായി ഇറാന്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് രഹസ്യമായി തുടരുകയായിരുന്നുവെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

അതേസമയം, ഇറാന്‍ ഒരുതരത്തിലും ആണവായുധങ്ങളുടെ നിര്‍മാണമോ ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം നിഷേധിച്ചുകൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. എന്നാല്‍, ഹൈ റെസല്യൂഷന്‍ സാറ്റലൈറ്റ് ചിത്രങ്ങളില്‍ ആക്രമണം ശരിവെയ്ക്കുന്നുണ്ട്. ഇറാന്‍ ഗവണ്‍മെന്റിന്റെ ആണവായുധ ഗവേഷണ പരിപാടിയുടെ ഭാഗമാണ് തലേഗനിലെ രണ്ട് കെട്ടിടങ്ങളെന്ന് അമേരിക്കന്‍, ഇസ്രയേലി അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. തലേഗാനില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നിലംപൊത്തിയതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ കാണുകയും ചെയ്യാം.

അതേസമയം ലബനാനിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കി. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലബനാനില്‍ ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ഇറാന്‍ പിന്തുണ.

ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള ബെയ്‌റൂത്തിലെ തെക്കന്‍ മേഖലകളില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളും സജീവമാകുന്നത്. ലബനാനിലെ യു.എസ് അംബാസിഡര്‍ വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ടുവെച്ചുവെന്ന് മുതിര്‍ന്ന രണ്ട് ലബനീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

പാര്‍ലമെന്റ് സ്പീക്കര്‍ നബിഹ് ബെരാരിക്ക് മുമ്പാകെയാണ് വെടിനിര്‍ത്തല്‍ കരാര്‍ യു.എസ് മുന്നോട്ടുവെച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്താന്‍ ബെരാരിയെയാണ് ഹിസ്ബുല്ല ചുമതലപ്പെടുത്തിയിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ബെരാരി ഇറാന്‍ ഉദ്യോഗസ്ഥനായ അലി ലാരിജനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തങ്ങള്‍ ഒന്നും അട്ടിമറിക്കാന്‍ നോക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ലാരിജനിയുടെ മറുപടി.

Tags:    

Similar News