കൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയ നിലയില്‍; മുഖത്തും വസ്ത്രത്തിലും രക്തക്കറ; ഇതും മറക്കണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്; തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ കരാറിലും വെടിയുതിര്‍ത്ത് ഇസ്രയേല്‍; ഒരാള്‍ മരിച്ചു; കരാറിന്റെ ലംഘനമെന്ന് ഹമാസ്

കൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയ നിലയില്‍

Update: 2025-01-27 04:22 GMT

ടെല്‍അവീവ്: ബന്ദികളെ പരസ്പ്പരം മോചിപ്പിച്ചതോടെ ഗാസയില്‍ സമാധാനം എത്തിയിട്ടുണ്ട്. എന്നാല്‍, സൈബറിടത്തില്‍ ഇപ്പോഴും പോര് മുറുകുന്ന സ്ഥിതിയാണ് ഉള്ളത്. ഒരുവര്‍ഷത്തിലേറെ ബന്ദികളാക്കിയ നാല് ഇസ്രയേല്‍ വനിത സൈനികരെ കഴിഞ്ഞ ദിവസമാണ് ഹമാസ് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ തടവിലായിരുന്ന ലിറി, നാമ, കരീന, ഡാനിയേല എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. 200 പാലസ്തീനിയന്‍ തടവുകാരെ ഇസ്രായേലില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായാണ് നടപടി.

മോചന നടപടിയുടെ ഭാഗമായി ഹമാസ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. റെഡ് ക്രോസിന് കൈമാറുന്നതിന് മുന്നോടിയായി വനിതാ സൈനികള്‍ ഹമാസിനോട് നന്ദി പറയുന്ന ദൃശ്യങ്ങളായിരുന്നു അത്. ഹമാസ് ഇവരെ വളരെ നന്നായി സംരക്ഷിച്ചുവെന്നും പരിചരിച്ചുവെന്നും ചൂണ്ടിക്കാട്ടി ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇതിന് മറുപടിയുമായി ഇസ്രായേല്‍ രംഗത്തുവന്നു.

ഹമാസിന്റെ പ്രൊപ്പഗണ്ടയാണിതെന്ന് ആരോപിച്ച ഇസ്രയേല്‍ മറ്റൊരു വീഡിയോ പുറത്തുവിട്ടു. ബന്ദികളെ വിട്ടയക്കുന്നതുമായുള്ള കരാറിലെത്താന്‍ ഇസ്രയേല്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദം ചെലുത്താനായി ഹമാസ് നേരത്തേ അയച്ച ഒരു വീഡിയോ ആണിത്. നാല് സൈനികരും ജന്മനാട്ടിലെത്തി കുടുംബത്തോടൊപ്പം ചേര്‍ന്നതിന് ശേഷമാണ് ഇസ്രയേല്‍ ഈ വീഡിയോ പങ്കുവച്ചത്.

മുഖത്തും വസ്ത്രത്തിലും രക്തം പുരണ്ട നിലയിലാണ് സൈനികരെ വീഡിയോയില്‍ കാണാനാവുക. ഇവരുടെ കൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയ നിലയിലാണ്. ആരെങ്കിലും ഇംഗ്ലീഷ് സംസാരിക്കുമോ, തനിക്ക് ഗാസയില്‍ സുഹൃത്തുക്കളുണ്ടെന്നും അവരെ ഫോണില്‍ വിളിക്കാന്‍ കഴിയുമോ എന്നും ചോദിക്കുമ്പോള്‍ ഹമാസ് ഇവരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണിത്.

ലിറി, ഡാനിയേല, കരീന, നാമ എന്നിവരുടെ ഒക്ടോബര്‍ 7 ലെ ചിത്രങ്ങള്‍ നിങ്ങള്‍ മറക്കണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്. രക്തം പുരണ്ട പൈജാമ ധരിച്ച, കിടക്കയില്‍ നിന്ന് വലിച്ചിഴക്കപ്പെട്ട, കൈകള്‍ ബന്ധിക്കപ്പെട്ട ഇവരുടെ ചിത്രങ്ങള്‍. ഇതിനി സംഭവിക്കാന്‍ തങ്ങള്‍ അനുവദിക്കുകയില്ല- വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ കുറിച്ചു.

അതിനിടെ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന ആരോപണവുമായി ഹമാസ് രംഗത്തു വന്നു. ഗാസ മുനമ്പിന്റെ വടക്കന്‍ മേഖലയില്‍ നിന്ന് പലസ്തീന്‍ ജനതയെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേല്‍ തടഞ്ഞതായി ഹമാസ് ആരോപിച്ചു. കരാര്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നും ഹമാസ് പറഞ്ഞു. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഗാസ മുനമ്പിലേക്ക് പ്രവേശിക്കാന്‍ നെത്സരിം ഇടനാഴിയില്‍ കാത്തിരിക്കുകയാണെന്ന് ഗാസ സിവില്‍ പ്രതിരോധ ഏജന്‍സി വക്താവ് മഹ്‌മുദ് ബാസ്സലും പ്രതികരിച്ചു.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം നാല് ഇസ്രയേല്‍ വനിതാ സൈനികരെ വിട്ടയച്ചിരുന്നു. പിന്നാലെ ഇസ്രയേല്‍ 200 പലസ്തീന്‍ തടവുകാരെയും വിട്ടയച്ചു. എന്നാല്‍ അര്‍ബെല്‍ യഹൂദ് എന്ന വനിതയും ബന്ദികളാക്കിയവരുടെ കൂട്ടത്തിലുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. അര്‍ബെല്‍ യഹൂദ് ജീവനോടെയുണ്ടെന്നും അവരുടെ മോചനത്തിനാവശ്യമായ എല്ലാ ഉറപ്പും നല്‍കുന്നുവെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അടുത്ത ആഴ്ച വിട്ടയക്കുന്ന ബന്ദികളുടെ വിവരം ഹമാസ് നല്‍കിയിട്ടില്ലെന്നും ഇസ്രയേല്‍ ആരോപിക്കുന്നുണ്ട്.

അതേസമയം വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കേണ്ട അവസാന ദിവസമാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്.

Tags:    

Similar News