മിസൈല്‍ അയച്ച് നിരന്തരം ചൊറിയുന്ന ഹൂതികളെ പാഠം പഠിപ്പിക്കാന്‍ ഇസ്രായേല്‍! യെമനില്‍ പൂര്‍ണ്ണ സൈനിക നീക്കത്തിന് യു.എന്‍ പിന്തുണ തേടി രംഗത്ത്; ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും നേരെ മിസൈല്‍ ആക്രമണം ഉണ്ടായതോടെ ക്ഷമ നശിച്ച് ഇസ്രായേല്‍; കാത്തിരിക്കുന്നത് ട്രംപ് അധികാരമേല്‍ക്കുന്നതിനായി

Update: 2025-01-01 01:28 GMT

വാഷിങ്ടണ്‍: ഇസ്രായേലിനെതിരെ നിരന്തരം മിസൈലുകള്‍ അയച്ച് ഭീഷണിപ്പെടുത്തുന്ന ഹൂതികള്‍ക്കെതിരെ കടുത്ത നീക്കത്തിന് ഒരുങ്ങി ഇസ്രായേല്‍. ഗസ്സയിലും ലബനാനിലും സിറിയയിലും നടത്തിയതിന് സമാനമായ പൂര്‍ണ സൈനിക നീക്കം യമനിലും ഇസ്രായേല്‍ നടത്തിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനായി യുഎന്നില്‍ അവര്‍ വാദമായുര്‍ത്തിയിട്ടുണ്ട്്.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികളെ ഇല്ലാതാക്കമെന്ന നിലപാടിലാണ് ഇസ്രായേല്‍. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഇസ്രായേല്‍ ഉയര്‍ത്തിയിട്ടുണ്ട്. ട്രംപ് അധികാരമേല്‍ക്കാനിരിക്കെ മേഖലയില്‍ കടുത്ത സൈനിക നീക്കങ്ങള്‍ക്ക് യു.എസ് പിന്തുണയും സഹായവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേല്‍ യമനിലും സൈനിക നീക്കത്തിന് ഒരുങ്ങുന്നത്. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെയും വിധി ഹൂതികള്‍ക്കും വരുമെന്നാണ് ഭീഷണി.

ഇസ്രായേലിനുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം ഇറാന്റെ പദ്ധതികളുടെ ഭാഗമാണെന്നും 120 കോടി ഡോളര്‍ വാര്‍ഷിക ബജറ്റുള്ള സംഘടന സൂയസ് കനാല്‍ വഴി ചരക്കുകടത്ത് മുടക്കുകയാണെന്നും യു.എന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനണ്‍ പറഞ്ഞു. എന്നാല്‍, ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച രക്ഷാ സമിതി അംഗങ്ങള്‍ യമനിലെ സിവിലിയന്മാര്‍ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളെയും അപലപിച്ചു.

വൈദ്യുതി നിലയങ്ങള്‍, സന്‍ആ വിമാനത്താവളത്തിലെ വ്യോമഗതാഗത കണ്‍ട്രോള്‍ ടവര്‍, തുറമുഖങ്ങള്‍ എന്നിവ ഇസ്രായേല്‍ ആക്രമിച്ചു തകര്‍ത്തിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ബെന്‍ ഗൂറിയന്‍ വിമാനത്താവളം, കിഴക്കന്‍ ജറൂസലമിലെ വൈദ്യുതി നിലയം എന്നിവക്കു നേരെ ഹൂതികള്‍ ആക്രമണം നടത്തി.

രണ്ടാഴ്ചക്കിടെ ഇത് ഏഴാം തവണയാണ് ഹൂത്തികള്‍ ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തുന്നത്. ഇതേ കാലയളവില്‍ അവര്‍ ഡ്രോണുകളും അയച്ചിരുന്നു. ഇസ്രയേലിന്റെ വ്യോമാതിര്‍ത്തിയില്‍ മിസൈല്‍ കടന്ന സമയത്ത് തന്നെ അപകട സൈറണുകള്‍ മുഴങ്ങിയിരുന്നു. തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് ഒരു സ്ഥലത്തും പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ജെറുസലേമിന് സമീപമുള്ള ബെയ്ത്ത് ഷമേഷ് നഗരത്തിലാണ് മിസൈലിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പതിച്ചത്.

അതേ സമയം മിസൈല്‍ തകര്‍ത്ത ശബ്ദം കേട്ട് സുരക്ഷിത ബങ്കറുകളിലേക്ക് ഓടുന്നതിന്റെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ കുറേ സമയം നിര്‍ത്തി വെച്ചിരുന്നു.

മിസൈലാക്രമണം നടക്കുന്ന സമയത്ത് ടെല്‍ അവീവ് നഗരത്തില്‍ ഇസ്രയേലിലെ പ്രമുഖ കവിയും ഗായകനുമായ മോഷേ പെരറ്റ്‌സിന്റെ സംഗീതമേള നടക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് സംഗീത പരിപാടിക്കായി ഒത്തു കൂടിയിരുന്നത്. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് കാണികളില്‍ പലരും ചെറുതായി പരിഭ്രാന്തരായി എങ്കിലും അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നീട് ഹൂത്തി നേതാക്കള്‍ ബാലിസ്റ്റിക് മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇനിയും ഇത്തരം ആക്രമണങ്ങള്‍ തുടരുമെന്നും അവര്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി.

ഗാസയ്ക്ക് വേണ്ടിയുള്ള പോരാട്ടം തങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് ഹൂത്തി സുപ്രീം റവല്യൂഷണറി കമ്മിറ്റി തലവന്‍ മുഹമ്മദലി അല്‍ ഹൂത്തി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. തെക്കന്‍ ഹുദൈദയിലെ ഹൂത്തികളുടെ ശക്തികേന്ദ്രങ്ങള്‍ അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചതായി ഹൂത്തിനേതാക്കള്‍ ആരോപിച്ചിരുന്നു. ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഹൂത്തികള്‍ ആക്രമണം തുടങ്ങിയിരുന്നു.

ചെങ്കടലിലൂടെ കടന്നു പോകുന്ന ഇസ്രയേല്‍ ബന്ധമുളള കപ്പലുകളാണ് ഇവര്‍ ആദ്യം ആക്രമിച്ചിരുന്നത്. ഹിസ്ബുളള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുകയും ഹമാസ് ഭീകരര്‍ ഒത്തു തീര്‍പ്പിനായി ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതിനിടയിലാണ് ഹൂത്തികള്‍ വീണ്ടും ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയയ്ക്കാന്‍ തുടങ്ങിയത്. ഇതിന് തിരിച്ചടിയായി ഇസ്രയേല്‍ വ്യോമസേന നിരവധി തവണ ഹൂത്തികളുടെ താവളമായ യെമനിലെ സനയില്‍ പല പ്രാവശ്യം ശക്തമായ തോതില്‍ ബോംബാക്രമണം നടത്തിയത്.

സനയിലെ അന്താരാഷ്ട്ര വിമാനത്താവളവും ഹുദൈദ ഉള്‍പ്പെടെയുള്ള തുരമുഖങ്ങളും ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഹുദൈദ തുറമുഖത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. നേരത്തേ ഇവിടെ നങ്കൂരമിട്ടിരുന്ന പല കപ്പലുകള്‍ക്കും പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.

Tags:    

Similar News