ഇന്ത്യയുമായുള്ള ബന്ധം വഷളാക്കി; അമേരിക്കയില്‍ ലയിക്കാന്‍ നിര്‍ദേശിച്ച് ട്രംപ് പരിഹസിച്ചു; അതിവിശ്വസ്തരെല്ലാം രാജി വച്ച് തടി തപ്പുന്നു: ഇന്ത്യയെ ചൊറിഞ്ഞ് പണി വാങ്ങി ജസ്റ്റിന്‍ ട്രൂഡോ രാജി വച്ച് വീട്ടിലിരിക്കും
ജസ്റ്റിന്‍ ട്രൂഡോ രാജി വച്ച് വീട്ടിലിരിക്കും
ടൊറന്റോ: ഇന്ത്യയെ നിരന്തരം ചൊറിഞ്ഞ് കനേഡിയന്‍ ജനതയുടെയും പിന്തുണ നഷ്ടമായ കനേഡിയന്‍ പ്രസിഡഡന്റ് ജസ്റ്റിന്‍ ട്രൂഡോക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍. ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ എത്തുക കൂടി ചെയ്തതോടെ ട്രൂഡോയുടെ കാര്യം കഷ്ടത്തിലാണ്. നിരന്തരമായി ട്രംപ് ട്രൂഡോയെ പരിഹസിക്കുന്നുണ്ട്. അതും പോരാഞ്ഞ് കാനഡയോട് അമേരിക്കയില്‍ ലഭിക്കാന്‍ പോലും ട്രംപ് പറയുന്ന അവസ്ഥയുണ്ടായി. ഇതോടെ തീര്‍ത്തും അപമാനിതനായ കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ സ്വന്തം നാട്ടില്‍ പ്രതിഷേധം അലയടിക്കയാണ്. ഇതോടെ കനേഡിയന്‍ മന്ത്രിസഭയിലും കൂട്ടത്തോടെ കൊഴിഞ്ഞുപോക്കാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ ട്രൂഡോയു അധികം വൈകാതെ രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കനേഡിയന്‍ ഉപപ്രധാനമന്ത്രി ആയിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചതോടായാണ് ട്രൂഡോയും രാജിവെച്ചേക്കുമെന്നും പകരക്കാരനെ തേടുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ട്രൂഡോയുടെ നീക്കങ്ങളില്‍ അതൃപ്്തിയായാണ് ക്രിസ്റ്റിയ രാജിവെച്ചത്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഫ്രീലാന്‍ഡ് വര്‍ഷങ്ങളോളം ട്രൂഡോ സര്‍ക്കാരിലെ ഏറ്റവും ശക്തയായ മന്ത്രിയായിരുന്നു. നാല് വര്‍ഷത്തിനിടെ സര്‍ക്കാര്‍ വിടുന്ന രണ്ടാമത്തെ ധനമന്ത്രിയാണ് ഫ്രീലാന്‍ഡ്.
ജസ്റ്റിന്‍ ട്രൂഡോ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതായി വ്യക്തമാക്കിയ ഫ്രീലാന്‍ഡ് ധനമന്ത്രി സ്ഥാനം രാജിവെക്കാനും മന്ത്രിസഭയിലെ മറ്റേതെങ്കിലും സ്ഥാനം നല്‍കാമെന്ന് ട്രൂഡോ തന്നോട് പറഞ്ഞതായും വെളിപ്പെടുത്തി. മന്ത്രിസഭയില്‍ നിന്ന് രാജിവെയ്ക്കുക എന്നുള്ളതാണ് തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും സത്യസന്ധമായതും പ്രായോഗികമായതുമായ ഏക വഴിയെന്ന് രാജിക്കുശേഷം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ഫ്രീലാന്‍ഡ് വ്യക്തമാക്കി.
'നിങ്ങളുടെ ധനമന്ത്രിയായി ഞാന്‍ ഇനി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിങ്ങള്‍ എന്നോട് പറയുകയും മന്ത്രിസഭയില്‍ മറ്റൊരു സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആലോചനയില്‍, ഞാന്‍ കാബിനറ്റില്‍ നിന്ന് രാജിവയ്ക്കുക എന്നതാണ് സത്യസന്ധവും പ്രായോഗികവുമായ ഏക വഴിയെന്ന് ഞാന്‍ നിഗമനം ചെയ്തു' ഫ്രീലാന്‍ഡിന്റെ രാജിക്കത്ത് ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, അയല്‍രാജ്യമായ അമേരിക്കയില്‍ വരാനിരിക്കുന്ന ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് എങ്ങനെ തയ്യാറെടുക്കണം എന്നതിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഫ്രീലാന്‍ഡിന്റെ രാജിയിലേക്ക് നയിച്ചത്. 25 ശതമാനം താരിഫുകള്‍ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള തന്ത്രം വികസിപ്പിച്ചെടുക്കുന്നതില്‍ ഫ്രീലാന്‍ഡ് പ്രധാന വ്യക്തിയാണെന്ന് പറയപ്പെടുന്നു.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുറയുന്ന തരത്തില്‍ പോരാടുന്ന ട്രൂഡോയ്ക്ക് പെട്ടെന്നുള്ള ഫ്രീലാന്‍ഡിന്റെ രാജി തീര്‍ച്ചയായും വലിയ തിരിച്ചടിയാകും. ഇതോടെ അധികം വൈകാതെ ട്രൂഡോയും രാജിവെച്ച് വീട്ടിലിരിക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, പാര്‍ലമെന്റില്‍ ധനപരവും സാമ്പത്തികവുമായ അപ്ഡേറ്റ് നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫ്രീലാന്‍ഡ് രാജി പ്രഖ്യാപിച്ചു. ആ രേഖ ഇനിയും പുറത്തുവിടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കനേഡിയന്‍ ഡോളര്‍ ഇടിഞ്ഞു, ബോണ്ട് വരുമാനം കുതിച്ചു.
നേരത്തെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ 'ഗവര്‍ണര്‍' എന്നു വിശേഷിപ്പിച്ച് ഡോണള്‍ഡ് ട്രംപ് പരിഹസിച്ചിരുന്നു. 'ട്രൂത്ത് സോഷ്യല്‍' എന്ന സ്വന്തം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് 'കാനഡയെന്ന മഹാ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ജസ്റ്റിന്‍ ട്രൂഡോ'യുമായി നടത്തിയ അത്താഴവിരുന്നിനെക്കുറിച്ചു ട്രംപ് പരാമര്‍ശിച്ചത്. കാനഡയില്‍നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും ലഹരിക്കടത്തും അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയ്ക്കുമേല്‍ 25% തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റായ ട്രംപ് തുറന്നടിച്ചിരുന്നു.
ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ യുഎസിലെത്തിയ ട്രൂഡോ, തീരുവ ചുമത്തിയാല്‍ കാനഡയുടെ സമ്പദ്വ്യവസ്ഥ തകരുമെന്നു ട്രംപിനെ ധരിപ്പിച്ചു. 'എങ്കില്‍ കാനഡയെ 51ാമത്തെ യുഎസ് സംസ്ഥാനമാക്കിക്കോളൂ' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇക്കാര്യം പിന്നീടു ചാനല്‍ അഭിമുഖത്തിലും ട്രംപ് ആവര്‍ത്തിച്ചു.