ഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദി

ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ

Update: 2025-08-06 13:58 GMT

ന്യൂഡല്‍ഹി: 24 മണിക്കൂറിനകം തീരുവ വീണ്ടും കൂട്ടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടെ, ചൈനയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ. ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും. 2019 ലാണ് ഇതിനു മുമ്പ് മോദി ചൈനയില്‍ പോയത്. പക്ഷേ 2024 ഒക്ടോബറില്‍, ബ്രിക്്‌സ് ഉച്ചകോടിയോട് അനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. ടിനാജിന്‍ നഗരത്തില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് ഉച്ചകോടി.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്ന ട്രംപ് കടുത്ത താരിഫുകള്‍ അടിച്ചേല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍, ചൈനയുമായുളള ബന്ധം വിളക്കി ചേര്‍ക്കുന്നതിന് നയതന്ത്രതലത്തില്‍ പ്രാധാന്യമുണ്ട്. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുള്ള ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ ചെറുക്കാന്‍ പാക്കിസ്ഥാന്‍ പ്രയോഗിച്ചത് ചൈനീസ് ആയുധങ്ങളായിരുന്നു എന്ന കാര്യവും പ്രസക്തമാണ്. ചൈന കയ്യയച്ച് പാക്കിസ്ഥാനെ സഹായിക്കുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്.

ജൂണില്‍ എസ് സിഒയുടെ കീഴിലുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ബലുചിസ്താന്‍ വിഷയത്തിനൊപ്പം പഹല്‍ഗാമും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ പ്രതിരോധ മന്ത്രി രാജ്്‌നാഥ് സിങ് വിസമ്മതിച്ചിരുന്നു. പാക്കിസ്ഥാന്റെ താല്‍പര്യപ്രകാരമാണ് പഹല്‍ഗാം സംയുക്ത പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

അതിന്റെ അടുത്ത മാസം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കറി തോയിബയുടെ അനുബന്ധ സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ടിനെ അമേരിക്ക വിദേശ ഭീകര സംഘടനയായി മുദ്ര കുത്തിയപ്പോള്‍ ഭീകരതയ്ക്ക് എതിരെ ചൈന ശക്തമായ പ്രസ്താവന ഇറക്കിയിരുന്നു.

' ഏപ്രില്‍ 22 ന് സംഭവിച്ച ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നുവെന്നും എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും ശക്തമായി എതിര്‍ക്കുന്നുവെന്നും' വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. എസ് സി ഒ യില്‍ ഇക്കുറി 10 അംഗ രാഷ്ട്രങ്ങള്‍ വാണിജ്യത്തിനൊപ്പം, ഭീകരവാദവും പ്രാദേശിക സുരക്ഷയും കൂടി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വിളക്കി ചേര്‍ക്കുന്നതിനും ഉച്ചകോടിയില്‍ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും ഉച്ചകോടിയോട് അനുബന്ധിച്ച് മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. ഊര്‍ജ, പ്രതിരോധ മേഖലകളില്‍ ഇന്ത്യ റഷ്യ സഹകരണം ഉറപ്പിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. ഈ മാസം അവസാനത്തോടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യയിലേക്ക് എത്തിയേക്കും.

Tags:    

Similar News