ഹിസ്ബുള്ളയുടെ അടിവേര് മാന്തി പറിച്ച് ഇസ്രായേല്‍; ആശയവിനിമയ ഉപകരണങ്ങള്‍ എല്ലാം ഉപേക്ഷിച്ചതോടെ ഇറാനുമായി ബന്ധപ്പെടാനും വഴിയില്ല; ഹനിയയെ കൊന്നിട്ടും മതിയാവാത്ത ഇസ്രായേലിന് മുന്‍പില്‍ അടിപതറി ഇറാനും
ലബനനിലെ ഹിസ്ബുളള നേതൃത്വം അപ്പാടെ ചിതറിത്തെറിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴുളളത്.
ടെഹ്‌റാന്‍: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലബനനില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള എന്നന ഭീകരസംഘടന അവരുടെ ചരിത്രത്തില്‍ ഇന്നോളം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയേയയാണ് അഭിമുഖീകരിക്കുന്നത്. തീവ്രവാദ സംഘടനയുടെ അടിവേര് തന്നെ ഇസ്രയേല്‍ മാന്തിപ്പറിച്ചു എന്ന് തന്നെ പറയേണ്ടി വരും. പുറംലോകവുമായി യാതൊരു തരത്തിലുമുള്ള ആശയവിനിമയത്തിന് ഒരു വഴിയുമില്ലാതെ കുഴങ്ങുകയാണ് ഹിസ്ബുള്ള ഭീകരര്‍.
തങ്ങള്‍ക്ക് ആയുധങ്ങളും പണവും പരിശീലനവും എല്ലാം നല്‍കുന്ന ഇറാനുമായി ഒരു തരത്തിലുമുള്ള ബന്ധം സ്ഥാപിക്കാന്‍ ഹിസ്ബുള്ള നേതൃത്വത്തിന് ഇപ്പോള്‍ കഴിയുന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിലായി ലബനനില്‍ നടന്ന ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഹിസ്ബുള്ള നേതാക്കള്‍. ആക്രമണത്തില്‍ ഹിസ്ബുള്ള നേതൃനിരയിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് തന്നെയാണ് പൊതുവേ കരുതപ്പെടുന്നത്. അത് ആരൊക്കെയാണ് എന് കാര്യം വരും ദിവസങ്ങളില്‍ മാത്രമേ അറിയാനും കഴിയുകയുള്ളൂ.
ലബനനിലെ ഹിസ്ബുളള നേതൃത്വം അപ്പാടെ ചിതറിത്തെറിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴുളളത്. അത് സമയം ഇറാന്‍ ആകട്ടെ ഈ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമാണ്. ഹമാസിന്റെ പരമോന്നതസ നേതാവായിരുന്ന ഇസ്മായില്‍ ഹനിയ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഏറ്റവും സുരക്ഷിതമായ സൈനിക ഗസ്റ്റ്ഹൗസിനുള്ളില്‍ കൊല്ലപ്പെട്ടതിന്റെ നാണക്കേടില്‍ നിന്ന് ഇറാന് ഇനിയും മോചിതരാകാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഹനിയ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെ ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമേനി യുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുദ്ധം നടത്താന്‍ കഴിയാതെ പോയത് ഇറാന് കൂടുതല്‍ ക്ഷീണം ചെയ്തിട്ടുണ്ട്.
ലബനനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തില്‍ ഇറാന്റെ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നിട്ടും ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇറാന്‍. അതേ സമയം ഇസ്രയേല്‍ സൈനിക നേതൃത്വം ഹിസ്ബുള്ളയുമായി നേരിട്ടുള്ള യുദ്ധത്തിന് തയ്യാറായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി യവ് ഗാലന്റും ഉള്‍പ്പെടെയുള്ളവര്‍ സൈനിക മേധാവികളോട് വടക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ എത്തിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.
ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലാണ് ലബനന്‍ സ്ഥിതി ചെയ്യുന്നത്. യുദ്ധത്തില്‍ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ സ്ഫോടനങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശം നടത്തിയില്ലെങ്കിലും ഇസ്രയേല്‍ സൈന്യത്തേയും രഹസ്യാന്വേഷണ ഏജന്‍സികളേയും താന്‍ അഭിനന്ദിക്കുന്നതായി അറിയിച്ചത് ഒരു പക്ഷെ പരോക്ഷമായി ലബനനില്‍ നടത്തിയ ഓപ്പറേഷന്‍ വിജയിച്ചതിന്റെ പേരിലാണോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടി വരും.