യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന്‍ ഇന്ത്യ സന്ദര്‍ശിക്കും; അജിത് ഡോവലുമായി വിപുല കൂടിക്കാഴ്ച്ച; പ്രതിരോധം മുതല്‍ ബഹിരാകാശവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരെയുള്ള വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുമെന്ന് വൈറ്റ് ഹൗസ്

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന്‍ ഇന്ത്യ സന്ദര്‍ശിക്കും

Update: 2025-01-04 06:03 GMT

വാഷിങ്ടണ്‍: യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഈ മാസം 5, 6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. നിരവധി അന്തര്‍ദേശിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. നിലവിലുള്ള ചില സംരംഭങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ.ഡോവലുമായും മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങളില്‍ വിപുലമായ ചര്‍ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

സന്ദര്‍ശന വേളയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും മറ്റ് ഇന്ത്യന്‍ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സള്ളിവന്റെ നേതൃത്വത്തിലുള്ള യു. എസ്. പ്രതിനിധി സംഘത്തില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അംഗങ്ങളും ഉണ്ടാകും. 2021 ജനുവരി 20ന് പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ച ഏറ്റവും പ്രായം കുറഞ്ഞ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് 48കാരനായ സള്ളിവന്‍. ഓഫിസില്‍ നിന്നിറങ്ങും മുമ്പ് തന്റെ അവസാന ഔദ്യോഗിക ഇന്ത്യാ യാത്രയില്‍ ഡല്‍ഹിയിലെ ഐ.ഐ.ടിയില്‍ ഇന്ത്യയെ കേന്ദ്രീകരിച്ച് നിര്‍ണായക വിദേശ നയ പ്രസംഗം നടത്തും.

അമേരിക്കന്‍ ഐക്യനാടുകളുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കോണ്‍ഗ്രസുകാരനായ മൈക്കല്‍ വാള്‍ട്ട്‌സ് അധികാരമേല്‍ക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള സംഭാഷണമാണ് സള്ളിവന്റെ വരവിന്റെ പ്രധാന ഉദ്ദേശ്യമെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'നമ്മുടെ പങ്കാളിത്തത്തിന്റെ വ്യാപ്തിയിലുടനീളമുള്ള നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാവും. പ്രതിരോധം മുതല്‍ ബഹിരാകാശവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരെയുള്ള വിവിധ തലങ്ങളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന തന്ത്രപരമായ സാങ്കേതിക സഹകരണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ കൂടിക്കാഴ്ചയില്‍ രണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും കഴിഞ്ഞ നാല് വര്‍ഷമായി തങ്ങള്‍ കൈവരിച്ച പുരോഗതിയുടെ കണക്കെടുക്കും. ഈ ബന്ധത്തില്‍ ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു കാലഘട്ടമാണിത്. പുറമെ, നിലവിലുള്ള ചില സംരംഭങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത് തുടരുകയും ചെയ്യും. ഭരണത്തിന്റെ അവസാനത്തോടെ, സാങ്കേതിക സഹകരണം തുടരുന്നതിനും വരാനിരിക്കുന്ന സംഘത്തിനൊപ്പം പുതിയ അവസരങ്ങള്‍ തിരിച്ചറിയുന്നതിനും പരസ്പരം മുന്നോട്ട് കൊണ്ടുപോകും -ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News