ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ ഹിസ്ബുള്ള; തലവനെ കൊന്നിട്ടും ലബനാനിലേക്ക് ഇസ്രായേല്‍ സേന കടന്നിട്ടും അനങ്ങാതെ ലെബനീസ് ഹീറോകള്‍; വലിയ പ്രതിരോധം പ്രതീക്ഷിച്ച് കയറിയ ഇസ്രായേല്‍ സേനക്ക് പോലും ഞെട്ടല്‍: കരുത്ത് ചോര്‍ന്ന് ഹിസ്ബുള്ള

ബെയ്റൂട്ട് വിമാനത്താവളത്തിന് ഒന്നര കിലോമീററര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ളയുടെ മിസൈല്‍ ലോഞ്ചറുകളുടെ സംഭരണ കേന്ദ്രം വരെ തകര്‍ത്തിരുന്നു

Update: 2024-10-01 05:28 GMT

ബെയ്‌റൂട്ട്: ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കുമ്പോള്‍ ആദ്യം തന്നെ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളാണ്. തെക്കന്‍ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇപ്പോഴും ആഞ്ഞടിക്കുകയാണ്. എന്നാല്‍ ഹിസ്ബുള്ള ആകട്ടെ തീര്‍ത്തും കരുത്ത് ചോര്‍ന്ന് ഇസ്രയേലിനെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്.

ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കി ഹിസ്ബുള്ള താവളങ്ങള്‍ മാത്രം കൃത്യമായി ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈന്യം അവിടെ മുന്നേറുന്നത്. മാസങ്ങളായി ഇത്തരം കാര്യങ്ങളില്‍ വിദഗ്ധ പരിശീലനം നേടിയ സൈനികരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. കരയുദ്ധം ആരംഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇസ്രയേല്‍ ടാങ്കുകള്‍ തെക്കന്‍ ലബനനിലെ ഗ്രാമീണ മേഖലകളില്‍ പ്രവേശിച്ചെന്നാണ് അറബ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഇക്കാര്യം അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലറും ശരിവെച്ചിട്ടുണ്ട്. 2006 ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ കരയുദ്ധത്തിനായി എത്തുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ ബൂട്ടുകള്‍ ലബനന്റെ മണ്ണില്‍ പതിയും എന്ന് പ്രതിരോധ മന്ത്രി യവ് ഗാലന്റ് പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ബെയ്റൂട്ടിലെ വിവിധ മേഖലകളില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ സൈനിക നടപടികളെ കുറിച്ച് ഊഹാപോഹങ്ങള്‍ പരത്തരുതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ഔദ്യോഗികമായി ലഭിക്കുന്ന വാര്‍ത്തകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതേ സമയം ലബനനിലേക്ക് ഇസ്രയേല്‍ സേന ശക്തമായ തോതില്‍ കടന്ന് ചെന്നിട്ടും ലബനന്‍ സൈന്യവും അവരെ സംരക്ഷിക്കുന്ന ഹിസ്ബുള്ള തീവ്രവാദികളും തിരിച്ചടിക്കാന്‍ തയ്യാറാകാത്തത് ഇസ്രയേലിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ പ്രതിരോധം പ്രതീക്ഷിച്ച് എത്തിയ ഇസ്രയേല്‍ സൈന്യത്തിന് പോലും നിരാശ ഉണ്ടാക്കുന്ന തരത്തിലാണ് ലബനീസ് സൈനികരും ഹിസ്ബുള്ള ഭീകരരും ഓടി മാറിയത്. നേരത്തേ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഇസ്രയേല്‍ ലബനനിലേക്ക് കരയുദ്ധം നടത്താന്‍ സാധ്യതയുള്ളതായി പ്രഖ്യാപിച്ചിരുന്നു.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഹിസ്ബുളള ഇപ്പോള്‍ അതീവ ദുര്‍ബലമായി കഴിഞ്ഞു എന്ന് തന്നെയാണ്. ഹിസ്ബുള്ള തലവന്‍ ഉള്‍പ്പെടെ ഉള്ളവരെ വധിച്ചിട്ടും തിരിച്ചടിക്കാന്‍ പോലും ഹിസ്ബുള്ളക്ക് സാധിക്കാത്തതിനെ കുറിച്ചാണ് ഇസ്രയേല്‍ സൈന്യത്തിലെ ഉന്നതര്‍ പോലും ഇപ്പോള്‍ അത്ഭുതം പ്രകടിപ്പിക്കുന്നത്. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇസ്രയേല്‍ ഹിസ്ബുള്ളക്ക് നേരേ ശക്തമായ ആക്രമണം ആരംഭിച്ചത്.

ബെയ്റൂട്ട് വിമാനത്താവളത്തിന് ഒന്നര കിലോമീററര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ളയുടെ മിസൈല്‍ ലോഞ്ചറുകളുടെ സംഭരണ കേന്ദ്രം വരെ തകര്‍ത്തിരുന്നു. എന്നിട്ടും ഹിസ്ബുള്ളക്ക് ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല.

Tags:    

Similar News