ഇറാന്‍ - ഇസ്രയേല്‍ യുദ്ധ സാധ്യത ഏറ്റവും വലിയ തിരിച്ചടിയാകുന്നത് യു എ ഇക്ക്; ലോകത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്ന രണ്ട് എയര്‍പോര്‍ട്ടുകളിലും എല്ലാം താളം തെറ്റി; അവധി ആഘോഷിക്കാന്‍ ദുബായിലെക്ക് തള്ളിക്കയറുന്നവര്‍ പ്രതിസന്ധിയില്‍
വിമാനങ്ങള്‍ പലതും റദ്ദാക്കപ്പെട്ടതോടെ ഒഴിവ് ദിനങ്ങള്‍ ആഘോഷിക്കാന്‍ ദുബായിലെത്തിയ സായിപ്പന്മാര്‍ അതിവേഗം സ്ഥലം കാലിയാക്കാനുള്ള തത്രപ്പാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍
ലണ്ടന്‍: ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയ്ക്ക് ശക്തി വര്‍ദ്ധിച്ചതോടെ ഏറ്റവും വലിയ തിരിച്ചടി ഏറ്റിരിക്കുന്നത് യു എ ഇയ്ക്കാണ്. വിമാനങ്ങള്‍ പലതും റദ്ദാക്കപ്പെട്ടതോടെ ഒഴിവ് ദിനങ്ങള്‍ ആഘോഷിക്കാന്‍ ദുബായിലെത്തിയ സായിപ്പന്മാര്‍ അതിവേഗം സ്ഥലം കാലിയാക്കാനുള്ള തത്രപ്പാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍പറയുന്നു. ചൊവ്വാഴ്ചയിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന്, ഏത് നിമിഷവും ഒരു വന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് ലോക ജനത. അതിനിടയിലാണ് യു എ ഇയ്ക്ക് കൂടുതല്‍ ദുരിതങ്ങള്‍.
ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ചൊവ്വാഴ്ച 180 ല്‍ അധികം മിസൈലുകളായിരുന്നു ഇറാന്‍ ഇസ്രയേലിലെക്ക് തൊടുത്തുവിട്ടത്. എന്നാല്‍, ഇസ്രയേലിന്റെ ശക്തമായ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ അവയ്ക്ക് കഴിഞ്ഞില്ല. ഒരു പലസ്തീനിയന്‍ പൗരന്‍ കൊല്ലപ്പെട്ടതൊഴിച്ചാല്‍, കാര്യമായ പരിക്കുകളോ, നാശനഷ്ടങ്ങളോ ഉണ്ടാക്കാന്‍ ഈ ആക്രമണത്തിന് കഴിഞ്ഞില്ല.
ഇതിന് ഇസ്രയേല്‍ എപ്പോഴാണ് പകരം വീട്ടുന്നത് എന്നാണ് ലോകം മുഴുവന്‍ ആശങ്കയോടെ ഉറ്റു നോക്കുന്നത്. ഇറാന്‍ കാണിച്ചത് വിഢിത്തമാണെന്നും അതിന് കനത്ത വില നല്‍കേണ്ടതായി വരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ എണ്ണപ്പാടങ്ങളും ആണവോര്‍ജ്ജ കേന്ദ്രങ്ങളുമായിരിക്കും ഇസ്രയേലിന്റെ ഉന്നം എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ഈ പ്രതിസന്ധി മൂര്‍ച്ഛിച്ച് വരുന്നതിനിടയില്‍ എമിരേറ്റ്‌സ് ഉള്‍പ്പടെയുള്ള പല പ്രധാന വിമാന കമ്പനികളും, ദുബായ്, ഒമാന്‍, കുവൈറ്റ്, ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലേക്കുള്ള പല സര്‍വ്വീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്. ദുബായില്‍ നിന്നും മറ്റു ലക്ഷ്യങ്ങളിലേക്കുള്ള കണക്ടിംഗ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടതോടെ പല ബ്രിട്ടീഷുകാരും ദുബായില്‍ കുരുങ്ങിക്കിടക്കുകയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ദുബായിലെക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഏതാണ്ട് നിലച്ച മട്ടാണ്. ദുബായ് വഴി ട്രാന്‍സിറ്റ് ചെയ്ത് ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങലിലേക്ക് പോകാന്‍ ഉള്ളവരെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ തിരിച്ചയയ്ക്കുകയാണ്.