ഗാസയിലെ ജനങ്ങള്‍ മതിയായ സഹായം ഉറപ്പു വരുത്തണം; അവശ്യ വസ്തുക്കള്‍ എത്തിയേ മതിയാകൂവെന്ന് മുന്നറിയിപ്പ്; വീഴ്ച വന്നാല്‍ ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കും; ഇസ്രായേലിനെതിരെ അമേരിക്ക; അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമുണ്ടായോ? പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുമ്പോള്‍

നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇസ്രയേലിന് ഇപ്പോള്‍ നല്‍കുന്ന പ്രതിരോധ സഹായം വെട്ടിക്കുറയ്ക്കുമെന്നും ബൈഡന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Update: 2024-10-16 03:53 GMT

ജെറുസലേം: ഗാസയിലെ ജനങ്ങള്‍ക്ക് മതിയായ തോതില്‍ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഇസ്രയേലിന് കര്‍ശന നിര്‍ദ്ദേശം നല്‍കി അമേരിക്ക. 30 ദിവസത്തിനകം ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടാകണം എന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇസ്രയേലിന് ഇപ്പോള്‍ നല്‍കുന്ന പ്രതിരോധ സഹായം വെട്ടിക്കുറയ്ക്കുമെന്നും ബൈഡന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസങ്ങളില്‍ എല്ലാം തന്നെ ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിതരണം എത്തുന്നതില്‍ തടസം നേരിട്ടതായി അമേരിക്ക കുറ്റപ്പെടുത്തി. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമാണ് ഈ നിര്‍ദ്ദേശം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റിന് നല്‍കിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു കര്‍ശനമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചതായി ഇസ്രയേല്‍ സര്‍ക്കാര്‍ സ്ഥിരീകിരച്ചു.

കത്തിലെ പരാമര്‍ശങ്ങളിലെ ഗൗരവം ഉള്‍ക്കൊണ്ടു തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്ക്താവ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞ മാസമാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സഹായം ഗാസയിലെ ജനങ്ങള്‍ക്ക് ലഭിച്ചതെന്ന കാര്യം കത്തില്‍ അമേരിക്ക ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയിലെ തന്നെ പല പ്രമുഖരായ നേതാക്കളും ഗാസയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് മതിയായ തോതിലുള്ള സഹായം നല്‍കുന്നുണ്ടോ എന്ന കാര്യം ആന്റണി ബ്ലിങ്കന്‍ എല്ലാ ആഴ്ചയും അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

അമേരിക്ക നല്‍കിയ ചില ആയുധങ്ങള്‍ അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഇസ്രയേല്‍ ഉപയോഗിച്ചു എന്ന പരാതിയുടെ കൂടി പശ്ചാത്തലത്തിലാണ് അമേരിക്ക ഇത്തരത്തില്‍ ഒരു കര്‍ശന നിലപാടിലേക്ക് എത്തിയത്. അതേ സമയം തങ്ങള്‍ ഇസ്രയേലിന് അയച്ച കത്ത് പുറത്ത്വിട്ടത് ഇസ്രയേല്‍ സര്‍ക്കാര്‍ ആയിരിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രി മാത്യൂ മില്ലര്‍ വ്യക്തമാക്കി. അമേരിക്ക ഈ കത്ത് പുറത്തുവിടാന്‍ ഒരു തരത്തിലും ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി മുന്നോട്ട വെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ നല്‍കുന്നത് വര്‍ദ്ധിപ്പിക്കണം. ജോര്‍ദ്ദാന്‍ വഴിയാണ് ഈ സഹായം ഗാസയിലേക്ക് എത്തിക്കുന്നത്. ഇതിന് മതിയായ സംരക്ഷണം ഇസ്രയേല്‍ ഉറപ്പാക്കണം. ഓരോ ദിവസവും 350 ട്രക്കുകളാണ് അവശ്യ സാധനങ്ങളുമായി ഗാസയിലേക്ക് വരുന്നത്. ഇസ്രയേല്‍ മതിയായ ഇടവേളകളില്‍ ആയിരിക്കണം ഹമാസിനെതിരെ ആക്രമണം നടത്തേണ്ടത് എന്നും അമേരിക്ക ഓര്‍മ്മിപ്പിക്കുന്നു. എങ്കില്‍ മാത്രമേ സഹായം കൃത്യമായി ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സംഘടനയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എ പോലെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ഇസ്രേയല്‍ പാര്‍ലമെന്റിന്റെ നീക്കങ്ങളോടും അമേരിക്ക ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഈ സംഘടനയുടെ പല ജീവനക്കാരും ഹമാസ് ഭീകര സംഘടനയുമായി ബന്ധമുള്ളവരാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

Tags:    

Similar News