ഹസന്‍ നസ്റുള്ളയുടെ പിന്‍ഗാമിയെന്ന് കണക്കാക്കിയിരുന്ന ഹാഷിം സൈഫുദീനും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍; ജിഹാദി കൗണ്‍സില്‍ അംഗമായിരുന്ന നേതാവിന്റെ മരണം ഹിസ്ബുള്ളയുടെ അടിവേരിളക്കി; വിട്ടുവീഴ്ചയില്ലാതെ ഇസ്രായേല്‍ മുന്‍പോട്ട്

Update: 2024-10-23 03:56 GMT

ജെറുസലേം: ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ പിന്‍ഗാമിയെന്ന് കണക്കാക്കിയിരുന്ന ഹാഷിം സൈഫുദീനും കൊല്ലപ്പെട്ടു. ഇസ്രയേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജിഹാദി കൗണ്‍സില്‍ അംഗമായിരുന്ന നേതാവിന്റെ മരണം ഹിസ്ബുള്ളയുടെ അടിവേരിളക്കും എന്നാണ് കരുതപ്പെടുന്നത്. ബെയ്റൂട്ടിലെ ഒരു ഭൂഗര്‍ഭ തുരങ്കത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഹസന്‍ നസറുള്ള കഴിഞ്ഞാല്‍ ഹിസ്ബുള്ളയിലെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഹാഷിം സൈഫുദീന്‍.

ഈ മാസം ആദ്യം തന്നെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇരുപത്തി അഞ്ചോളം ഹിസ്ബുള്ള പ്രമുഖരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിസ്ബുള്ളയുടെ രാഷ്ട്രീയപരമായ കാര്യങ്ങളുടെ മുഖ്യ ചുമതലക്കാരന്‍ ആയിരുന്ന ഹാഷിം സൈഫുദീന്‍ ഭീകരസംഘടനയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായിരുന്നു. ജിഹാദ് കൗണ്‍സിലില്‍ ഇയാള്‍ സൈനിക കാര്യങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇയാളെ വധിക്കുക എന്നത് ഇസ്രയേലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു.

ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ളയുമായി രൂപസാദൃശ്യം ഉണ്ടായിരുന്ന ഇയാള്‍ നസറുള്ള ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. നസറുള്ള ഇയാളെ തന്റെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു. ഹിസ്ബുള്ള അണികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു സൈഫുദീന്‍. ലബനനിലെ ഒരു പ്രമുഖ ഷിയാ മുസ്ലീം കുടുംബത്തിലെ അംഗമായിരുന്നു ഇയാള്‍. ഇറാനില്‍ നിന്നാണ് ഇയാള്‍ മതപഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി ഹിസ്ബുളളയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു.

ഇറാനിലെ ഹിസ്ബുള്ള അനുഭാവികളുമായി ഏറ്റവും അടുത്ത വ്യക്തിബന്ധം ഇയാള്‍ പുലര്‍ത്തിയിരുന്നു. നാല് വര്‍ഷം മുമ്പ് അമേരിക്കന്‍ സൈന്യം വധിച്ച ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ തലവന്‍ ആയിരുന്ന ഖ്വസം സുലൈമാനിയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ഹാഷിം സൈഫുദീന്റെ മകനാണ്. ഇയാളുടെ സഹോദരനാണ് ഹിസ്ബുള്ളയുടെ ഇറാനിലെ പ്രതിനിധിയായ അബ്ദുള്ള. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവി എന്ന നിലയില്‍ സംഘടനക്കുള്ളില്‍ ഒരു രാജ്യത്തെ പ്രധാനമന്ത്രിക്ക് തുല്യമായ പദവിയാണ് സൈഫുദീന് നല്‍കിയിരുന്നത്.

ഹിസ്ബുള്ള നേരിട്ട് നടത്തുന്ന എല്ലാ സംരംഭങ്ങളുടേയും പ്രധാന ചുമതലയും ഇയാള്‍ക്കായിരുന്നു. 2006 ലെ യുദ്ധത്തെ തുടര്‍ന്ന് താറുമാറായ സംഘടനയെ ശക്തമായി തിരികെ കൊണ്ടു വരുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും സൈഫുദീനാണ്.

Tags:    

Similar News