കത്തിയുമായി എത്തിയ ആക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടെ അബദ്ധത്തില്‍ കൊലയാളിയായ ജൂതന്‍; പ്രതി ഷിയാ വിഭാഗക്കാരനെന്ന് തെറ്റിധരിച്ച് ആദ്യം ബ്ലഡ് മണിയില്‍ സമ്മതം മൂളിയ കുടുംബം; മതം മറ്റൊന്നാണെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞത് നോയും; ഇറാനിലെ വധശിക്ഷയില്‍ ജൂത ചര്‍ച്ച സജീവമാകുമ്പോള്‍
ടെഹ്‌റാന്‍: സ്വയരക്ഷക്ക് വേണ്ടി കത്തിയുമായി എത്തിയ അക്രമിയെ കൊന്ന കേസില്‍ ഒരു ജൂതവംശജനെ ഇറാനില്‍ വധശിക്ഷക്ക് വിധേയനാക്കിയത് ബ്ലഡ് മണി നീക്കം പൊളിയുമ്പോള്‍. കൊല്ലപ്പെട്ട അക്രമിയുടെ വീട്ടുകാര്‍ക്ക് ബ്ലഡ്മണി നല്‍കാമെന്ന് പ്രതിയുടെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയെങ്കിലും മരിച്ചയാളുടെ ബന്ധുക്കള്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.
കേസിലെ പ്രതിയുടെ മതം നോക്കിയാണ് കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കള്‍ ഈ വാഗ്ദാനം നിരസിച്ചതെന്നാണ് പറയപ്പെടുന്നത്. അര്‍വിന്‍ നഥാനിയേല്‍ ഗഹ്രേമണി എന്നയാളാണ് വധശിക്ഷക്ക് വിധേയനായത്. ഇയാളുടെ ജീവന്‍ രക്ഷിക്കുന്നതിനായി വീട്ടുകാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിയമപോരാട്ടം നടത്തുകയായിരുന്നു. ഇറാനിലെ പടിഞ്ഞാറന്‍ നഗരമായ കെര്‍മനാഷായിലെ ജയിലിലാണ് ഈ ഇരുപതുകാരനെ തൂക്കിക്കൊന്നത്. 2022 ലാണ് പ്രതി അമീര്‍ ഷോക്രി എന്നയാളെ കൊലപ്പെടുത്തിയത്. ഇറാനിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട അമീര്‍ ഷോക്രി.
കൊലപാതകത്തിന് നഷ്ടപരിഹാരമായി പണം നല്‍കിയാല്‍ മതിയെന്ന ഇറാനില്‍ നിലനില്‍ക്കുന്ന മുസ്ലീം മത നിയമപ്രകാരം ഷോക്രിയുടെ കുടുംബം ആദ്യം ബ്ലഡ് മണി എന്ന പേരില്‍ അറിയപ്പെടുന്ന നഷ്ടപരിഹാരം സ്വീകരിച്ചിരുന്നു. അര്‍വിന്‍ നഥാനിയേല്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അയാള്‍ ഷിയാ വിഭാഗത്തില്‍ പെട്ട മുസ്ലീം ആണെന്നാണ് എല്ലാവരും കരുതിയിരുന്നത്. അത് കൊണ്ട് തന്നെയാണ് ഷോക്രിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചതും.
എന്നാല്‍ പിന്നീടാണ് അര്‍വിന്‍ ജൂത വംശജനാണെന്ന കാര്യം മരിച്ചയാളുടെ വീട്ടുകാര്‍ മനസിലാക്കിയതെന്നാണ് നോര്‍വ്വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടന വിശദീകരിക്കുന്നത്. ഇസ്രയേലും ഇറാനും തമ്മില്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന ഒരു കാലഘട്ടത്തിലാണ് ഒരു ജൂതവംശജനെ ഇറാന്‍ വധശിക്ഷക്ക് വിധേയനാക്കിയത് എന്ന കാര്യം സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അര്‍വിന്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ കൊല നടത്തിയതെന്ന കാര്യം മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
ഇതൊരു കരുതിക്കൂട്ടി നടത്തിയ കൊലപാതകമല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇറാനിലെ മതനിയമപ്രകാരം ഒരു മുസ്ലീം മതവിശ്വാസിയെ ഇതര സമുദായത്തില്‍ പെട്ട ഒരാള്‍ വധിക്കുകയാണെങ്കില്‍ അയാള്‍ വധശിക്ഷക്ക് അര്‍ഹനാണ്. എന്നാല്‍ ഈ നിയമം പറയുന്ന മറ്റൊരു കാര്യം ഒരു അമുസ്ലീമിനെ മുസ്ലീം സമുദായത്തില്‍ പെട്ട ഒരാള്‍ വധിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പണം നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പായി എന്നാണ്. ജൂതവംശജനായ ഒരാളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങരുതെന്ന് ഷോക്രിയുടെ കുടുംബത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയത് ഇറാനിലെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായികളാണ്.
കൂടാതെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രമുഖരും കുടുംബത്തിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അര്‍വിനും ഷോക്രിയും തമ്മില്‍ ഒരു ജിമ്മില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. ഷോക്രി അര്‍വിന് നല്‍കാനുള്ള പണത്തെ ചൊല്ലിയായിരുന്നു തര്‍ക്കം നടന്നത്. തുടര്‍ന്ന് ഷോക്രി കത്തിയെടുത്ത് അര്‍വിനെ കുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ പിടിവലിയില്‍ കത്തി കൈക്കലാക്കിയ അര്‍വിന്‍ ഷോക്രിയെ തിരികെ കുത്തുകയായിരുന്നു.
1979 ലെ വിപ്ലവത്തിന് ശേഷം അധികാരത്തില്‍ വന്ന ഇസ്ലാമിക ഭരണകൂടത്തിന്റെ ക്രൂരമായ നടപടികളില്‍ പ്രതിഷേധിച്ച് ഇറാനിലെ പല ജൂതവശജരും രാജ്യം വിട്ടു പോയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 22 ഓളം സ്ത്രീകളെയാണ് ഇറാന്‍ ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്.