ഇന്ത്യയെ പിണക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടി നല്‍കി ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം; ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി അമേരിക്ക; യുനസ് സര്‍ക്കാര്‍ ചൈനയും പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിര്‍ണായക തീരുമാനം
ബംഗ്‌ളാദേശിന് കനത്ത തിരിച്ചടി നല്‍കി യുഎസ്, സാമ്പത്തിക സഹായം നിര്‍ത്തലാക്കി
വാഷിങ്ടണ്‍: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിന് നല്‍കി വന്നിരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് അമേരിക്ക. കരാറുകളും ഗ്രാന്റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ നീക്കം. ബംഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ യു.എസില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ വലിയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബംഗ്ലാദേശ് നീങ്ങുന്നത്.
വിദേശരാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ നിര്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനമാണ് ബംഗ്ലാദേശിനും തിരിച്ചടിയാകുന്നത്. മുഹമ്മദ് യുനസിന്റെ ഇടക്കാല സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവയ്ക്കാന്‍ ട്രംപ് ഉത്തരവിട്ടു. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (USAID) ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് തീരുമാനം.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് രാജ്യം വിട്ടതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശുമായി അത്ര നല്ല ബന്ധമല്ലുള്ളത്. മുഹമ്മദ് യുനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ചൈനയും പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അമേരിക്കന്‍ സഹായം നിര്‍ത്തലാക്കി എന്ന വാര്‍ത്തയും പുറത്തു വരുന്നത്.
വിദേശരാജ്യങ്ങള്‍ക്കുള്ള എല്ലാ സഹായങ്ങളും മൂന്ന് മാസത്തേക്ക് മരവിപ്പിക്കുന്നതായി ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായുള്ള അമേരിക്കന്‍ ഏജന്‍സിയുടെ നടപടി. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാലയളവിന് ശേഷം സഹായം നല്‍കുന്നത് പുനസ്ഥാപിക്കണോ എന്നതില്‍ തീരുമാനമുണ്ടാകും. വിദേശ രാജ്യങ്ങള്‍ക്ക് വിവിധ ആരോഗ്യപദ്ധതികള്‍ക്ക് നല്‍കുന്ന ഫണ്ട് ഉള്‍പ്പടെ ഇത്തരത്തില്‍ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യയുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി യുക്രെയ്‌ന് നല്‍കുന്ന സഹായം നിര്‍ത്തലാക്കിയതായും അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജോ ബൈഡന്‍ പ്രസിഡന്റായിരിക്കെ വന്‍തോതില്‍ സഹായങ്ങളും പിന്തുണയുമാണ് അമേരിക്ക യുക്രെയ്‌ന് നല്‍കിക്കൊണ്ടിരുന്നത്. അതേസമയം ഇസ്രയേലിനും ഈജിപ്തിനുമുള്ള അടിയന്തര ഭക്ഷ്യ-സൈനിക സഹായം യുഎസ് നിര്‍ത്തിയിട്ടില്ല. അമേരിക്കയില്‍ നിന്നും ഏറ്റവും വലിയ സൈനിക സഹായം ലഭിക്കുന്ന രാജ്യങ്ങളാണ് ഇസ്രായേലും ഈജിപ്തും.
യുക്രൈനടക്കം ചില രാജ്യങ്ങള്‍ക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാര്‍ക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റുരാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസനപദ്ധതികളും നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു.
യു.എസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തികസഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ശ്രമിക്കുന്ന യുക്രൈനിന്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതാണ് യു.എസിന്റെ തീരുമാനം. റഷ്യ-യുക്രൈന്‍ യുദ്ധം തുടര്‍ന്നുപോകുന്നതിന് കാരണക്കാരന്‍ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു
ജനുവരി 20ന് ട്രംപ് അധികാരത്തിലേറിയതിനുശേഷമുള്ള പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരമുള്ള സഹായങ്ങളും താത്കാലികമായി നിര്‍ത്തുകയും ചെയ്തു. ഇസ്രായേലും ഈജിപ്തും മാത്രമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്.എല്ലാ വിദേശ സഹായങ്ങളുടെയും സര്‍ക്കാര്‍ തലത്തിലുള്ള സമഗ്ര അവലോകനം 85 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും, സ്റ്റേറ്റ് സെക്രട്ടറിയുടെ പരിഗണനയ്ക്കും പ്രസിഡന്റിന്റെ ശുപാര്‍ശയ്ക്കുമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സ്റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട മെമ്മോയില്‍ വ്യക്തമാക്കുന്നു. വിദേശ സഹായങ്ങള്‍ നിര്‍ത്തലാക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവ് കണക്കിലെടുത്ത് കരാര്‍ പ്രകാരം നടത്തുന്ന ഏതൊരു ജോലിയും ഉടന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബംഗ്‌ളാദേശിന് സന്ദേശമയച്ചിരിക്കുകയാണ് യുഎസ് എഐഡി.
യുഎസ് എഐഡിയുടെ സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ബംഗ്‌ളാദേശ്. ആഗോള ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരംഭങ്ങള്‍, ജനാധിപത്യം, ഭരണം, വിദ്യാഭ്യാസം, പരിസ്ഥിതി പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.വിദേശനാണ്യ കരുതല്‍ ശേഖരം സ്ഥിരപ്പെടുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം യൂനുസ് സര്‍ക്കാര്‍ അന്താരാഷ്ട്ര വായ്പാദാതാക്കളില്‍ നിന്ന് അഞ്ച് ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
കൂടാതെ ഐഎംഎഫില്‍ നിന്ന് 4.7 ബില്യണ്‍ ഡോളര്‍ ജാമ്യവും ബംഗ്‌ളാദേശ് ആവശ്യപ്പെട്ടിരുന്നു. 2024 സെപ്തംബറില്‍, യുഎസ് 202 മില്യണ്‍ ഡോളറിന്റെ സഹായം ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തിരുന്നു. 2021നും 2026നും ഇടയില്‍ 954 മില്യണ്‍ ഡോളര്‍ സഹായം വാഗ്ദാനം ചെയ്തുള്ള 2021ലെ കരാര്‍ പ്രകാരമാണിത്. ഇതില്‍ 425 മില്യണ്‍ ഡോളര്‍ ഇതിനകംതന്നെ ബംഗ്‌ളാദേശിന് നല്‍കിയിരുന്നു. മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കിയതിനുപിന്നാലെ ഇന്ത്യയുമായി ബന്ധം ഉലഞ്ഞ ബംഗ്‌ളാദേശിന് കനത്ത തിരിച്ചടിയാണ് അമേരിക്ക നല്‍കിയിരിക്കുന്നത്.