മൊട ഉപേക്ഷിച്ച് അമേരിക്കയുമായി വിഭവങ്ങള്‍ കൈമാറുന്ന കരാറില്‍ ഒപ്പു വയ്ക്കാനൊരുങ്ങി സെലെന്‍സ്‌കി; എല്ലാം നഷ്ടപ്പെടുത്തി കീഴടങ്ങാന്‍ യുക്രൈന്‍; യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികമായ തിങ്കളാഴ്ച്ച വിജയ പ്രഖ്യാപനം നടത്താനൊരുങ്ങി പുട്ടിന്‍
റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ വെല്ലുവിളിച്ച യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ഒടുവില്‍ കീഴടങ്ങുന്നു. യുക്രൈന്റെ ധാതുവിഭവങ്ങള്‍ കൈമാറണെന്ന ട്രംപിന്റെ ആവശ്യത്തിന് മുന്നിലും സെലന്‍സ്‌കി ഗതികെട്ട് ഒടുവില്‍ വഴങ്ങുകയാണ്. ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വെയ്ക്കാന്‍ ഒരുങ്ങുകയാണ് യുക്രൈന്‍ പ്രസിഡന്റ്.
മൂന്ന് വര്‍ഷമായി നീണ്ടു നില്‍ക്കുന്ന യുദ്ധത്തിന് അറുതി വരുത്താനായി അമേരിക്ക മുന്നോട്ട് വെ്ച്ച എല്ലാ നിര്‍ദ്ദേശങ്ങളും ഒടുവില്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് യുക്രൈന്‍. സെലന്‍സ്‌കി ഇതിലൂടെ തന്റെ നിലപാടുകളില്‍ വലിയൊരു യൂടേണ്‍ എടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ധാതുവിഭവങ്ങള്‍ കൈമാറണെമന്ന അമേരിക്കയുടെ ആവശ്യത്തെ തള്ളിക്കളഞ്ഞ സെലന്‍സ്‌കി തന്റെ രാജ്യത്തെ വില്‍ക്കാന്‍ കഴിയില്ലെന്നും അതിനെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഇന്നലെ സെലന്‍സ്‌കി പറഞ്ഞത് യുക്രൈനും അമേരിക്കയും തമ്മില്‍ സാമ്പത്തിക കരാറില്‍ ഒപ്പ് വെയ്ക്കുകയാണെന്നും ഇക്കാര്യം യുക്രൈന് ഏറെ ഗുണകരമാകും എന്നുമാണ്. യുക്രൈനുമായുള്ള കരാറില്‍ ഉടന്‍ തന്നെ ഒപ്പ് വെയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കരാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായി എന്നും മണിക്കൂറുകള്‍ക്കകം ഒപ്പ് വെയ്ക്കപ്പെടും എന്നുമാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രൈന് അമേരിക്ക നല്‍കുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കുമെന്ന ട്രംപിന്റെ വിരട്ടലാണ് സെലന്‍സ്‌കിയുടെ ഈ പെട്ടെന്നുള്ള മനസ്മാറ്റത്തിന് കാരണമെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ്, ജെ ഡി വാന്‍സ്, മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്സ് എന്നിവരുള്‍പ്പെടെ മുഴുവന്‍ അമേരിക്കന്‍ ചര്‍ച്ചാ സംഘവുമായും സെലന്‍സ്‌കി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
സ്‌ക്കോട്ട് ബെസന്റുമായുള്ള ചര്‍ച്ച സെലന്‍സ്‌കി വൈകിപ്പിച്ചത് ട്രംപിന് ഇഷ്ടപ്പെട്ടിരുന്നില്ല. കൂടാതെ മ്യൂണിക്കില്‍ ജെ.ഡി വാന്‍സുമായും മാര്‍ക്കോ റുബിയോയുമായും നടത്തിയ കൂടിക്കാഴ്ചയിലും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നത് തനിക്ക് തനിയെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല എന്നായിരുന്നു. കൂടാതെ ഈ മാസം 15 ന് സെലന്‍സ്‌കി അമേരിക്കയുടെ നിര്‍്ദ്ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ട്രംപ് സെലന്‍സ്‌കിയെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതി എന്ന് കുറ്റപ്പെടുത്തിയിരുന്നു.
അതേ സമയം യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികമായ തിങ്കളാഴ്ച്ച വിജയ പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. യുക്രൈന്റെ മേല്‍ മാത്രമല്ല നാറ്റോയുടെ മേലും വിജയം നേടിയതായിട്ടാണ് റഷ്യ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം ട്രംപിന്റെ വിശ്വസ്തനായ ഇലോണ്‍ മസ്‌ക്കും സെലന്‍സ്‌കിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടുത്തയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറും ട്രംപുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.