നിവൃത്തി കെട്ട് ട്രംപിന് മുന്‍പില്‍ മുട്ട് മടക്കി സെലന്‍സ്‌കി; അമേരിക്കക്ക് യുദ്ധച്ചെലവ് കൈമാറാന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി കരാറില്‍ ഒപ്പിടാന്‍ തീരുമാനം; വെള്ളിയാഴ്ച്ച വാഷിംഗ്ടണില്‍ ചെന്ന് രാജ്യം പണയം വയ്ക്കാന്‍ യുക്രൈന്‍; ട്രംപിസം മാറ്റമാകുമ്പോള്‍
വാഷിങ്ടണ്‍: ഒടുവില്‍ നിവൃത്തി കെട്ട് അമേരിക്കക്ക് മുന്നില്‍ മുട്ട് മടക്കി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി. നിര്‍ണായകമായ ധാതുഖനനം സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്.. അമേരിക്കക്ക് യുദ്ധച്ചെലവ് കൈമാറുന്നതിന് വേണ്ടിയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി കരാറില്‍ ഒപ്പിടാന്‍ യുക്രൈന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച വാഷിംഗ്ടണില്‍ ചെന്ന് സെലന്‍സ്‌കി കരാറില്‍ ഒപ്പിടും.
ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ യുക്രൈന് നല്‍കിയ സൈനിക സഹായത്തിന്റെ ചെലവ് മടക്കി നല്‍കുന്നതിനായിട്ടാണ് സെലന്‍സ്‌കി ഇപ്പോള്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനം ആകുന്നത്. കരകാറിലെ കരട് വ്യവസ്ഥകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്റെ ധാതുസമ്പത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ അവകാശമാണ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ സെലന്‍സ്‌കി അന്ന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സുപ്രധാനം എന്ന് തിരിച്ചറിഞ്ഞ 34 ധാതുക്കളില്‍ 22 എണ്ണത്തിന്റെയും വന്‍തോതിലുള്ള നിക്ഷേപം യുക്രൈനിലുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങളിലെ ബാറ്ററികളിലേയും ആണവ റിയാക്ടറുകളിലേയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതല്‍ ശേഖരവും യുക്രൈനുണ്ട്. കരാറില്‍ ഒപ്പിടുന്നതിനായി സെലന്‍സ്‌കി വെള്ളിയാഴ്ച അമേരിക്കയിലേക്ക് വരുന്ന കാര്യം ട്രംപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. യുക്രൈനിലെ ഉത്തനതല വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കരാറിന്റെ ഭാഗമായി യുക്രൈന് അമേരിക്ക നല്‍കുന്ന സൈനിക സഹായം തുടരുമെന്നാണ് അവരുടെ പ്രതീക്ഷ എങ്കിലും അതിന് സാധ്യത കുറവാണെന്നാണ് സൂചന.
ബൈഡന്‍ സര്‍ക്കാര്‍ യുക്രൈന് സൈനിക സഹായം നല്‍കിയില്ലായിരുന്നു എങ്കില്‍ യുദ്ധം വളരെ നേരത്തേ തന്നെ അവസാനിക്കുമായിരുന്നു എന്നാണ് ട്രംപിന്റെ നിലപാട്. അതേ സമയം യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന് റഷ്യ. സമ്മതിച്ചതായി സൂചനയുണ്ട്. പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റേതാണ് ഓഫര്‍. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കേയാണ് റഷ്യയുടെ ഭാഗത്തുനിന്നുള്ള അസാധാരണ വാഗ്ദാനം.
റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രസിഡന്റ് പുട്ടിന്‍ പുതിയ വാഗ്ദാനം മുന്നോട്ടുവെച്ചത്. അമേരിക്കയും യുക്രൈനും തമ്മിലുള്ള ധാതുഖനന കരാര്‍ യാഥാര്‍ഥ്യമായാലും അത് റഷ്യയ്ക്ക് ഒരു ഭീഷണിയാകില്ലെന്ന് പുട്ടിന്‍ അഭിപ്രായപ്പെട്ടു. യുക്രൈന്റെ കൈവശമുള്ളതിനേക്കാള്‍ കൂടുതല്‍ അപൂര്‍വ ധാതുക്കളുടെ ശേഖരം റഷ്യയുടെ നിയന്ത്രണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രൈനില്‍ നിന്ന് കൈവശപ്പെടുത്തിയ സ്ഥലങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. സൈബീരിയയിലെ ക്രാസ്നോയാസ്‌കില്‍ അമേരിക്കയുമായി ചേര്‍ന്ന് സംയുക്തമായി അലുമിനിയം ഉത്പാദനം നടത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.