ആദ്യ വര്‍ക്ക് പെര്‍മിറ്റ് രണ്ടു വര്‍ഷമായി ഉയര്‍ത്തും; വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് പെര്‍മിറ്റ് മാറാതെ തൊഴില്‍ ഉടമയെ മാറാം; ജോലി നഷ്ടപ്പെട്ടാല്‍ ആറുമാസം വരെ പുതിയ ജോലിക്കായി നില്‍ക്കാം: അപ്രതീക്ഷിതമായി വിദേശികള്‍ക്ക് വാതില്‍ തുറന്ന് സ്വീഡന്‍
ലോകത്തെ ഏറ്റവും സമാധാനപരമായി ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. എന്നാല്‍ വിദേശികള്‍ക്ക് ഇവിടെ ജോലി ലഭിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി സ്വീഡന്‍ വിദേശികള്‍ക്ക് ജോലിക്കായി വാതില്‍ തുറന്നിരിക്കുകയാണ്. നിരവധി ഇളവുകളാണ് രാജ്യം വിദേശികള്‍ക്കായി നല്‍കുന്നത്. ആദ്യ വര്‍ക്ക് പെര്‍മിറ്റ് രണ്ടു വര്‍ഷമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ ഇത് ആറ് മാസമായിരുന്നു. കൂടാതെ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് പെര്‍മിറ്റ് മാറാതെ തൊഴില്‍ ഉടമയെ മാറ്റുകയും ചെയ്യാം.
ജോലി നഷ്ടപ്പെട്ടാല്‍ ആറുമാസം വരെ പുതിയ ജോലിക്കായി നില്‍ക്കാനും അനുമതിയുണ്ട്. നിലവില്‍ ഇത് മൂന്ന് മാസമാണ്. നേരത്തേ കാലാവധി കഴിഞ്ഞാല്‍ നാട് കടത്തുന്ന പതിവുണ്ടായിരുന്നു. പുതുതായി സ്വീകരിച്ച യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളുമായി ദേശീയ കുടിയേറ്റ നയത്തെ ഒന്നിപ്പിക്കുക, ആഗോള പ്രതിഭകളെ ആകര്‍ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 2026 മെയ് 21 മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. 2024 ല്‍ അംഗീകരിച്ച യൂറോപ്യന്‍ യൂണിയന്റെ പുതുക്കിയ സിംഗിള്‍ പെര്‍മിറ്റ് നിര്‍ദ്ദേശം സ്വീഡനും പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ഇതിലൂടെ സ്വീഡനിലേക്ക് വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഒപ്പം നിയമപരമായ സുരക്ഷാ സംവിധാനങ്ങള്‍ ഇവര്‍ക്കായി ശക്തിപ്പെടുത്തണമെന്നും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇക്കാര്യം നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള പൗരന്മാര്‍ക്ക് സ്വീഡനില്‍ ജോലി, താമസ അവകാശങ്ങള്‍ക്ക് അപേക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും കാര്യമായ മാറ്റങ്ങളുണ്ടാകും. ഇത് വിദഗ്ധരായ കുടിയേറ്റക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍, സ്വീഡനില്‍ സിംഗിള്‍ പെര്‍മിറ്റ് നല്‍കുന്ന വിദേശ തൊഴിലാളികള്‍ ഒരു പ്രത്യേക തൊഴിലുടമയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സി വേഗത്തിലുള്ള പ്രോസസ്സിംഗും ലക്ഷ്യമിടുകയാണ്. നിലവില്‍ അപേക്ഷ നല്‍കി 120 ദിവസം കാത്തിരിക്കണം. ഇത് 90 ദിവസമാക്കി കുറയ്ക്കാനാണ് ഏജന്‍സ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച നിയമനിര്‍മ്മാണ പ്രക്രിയ ഇപ്പോഴും തുടരുകയാണ്.
അംഗീകരിക്കപ്പെട്ടാല്‍, പുതുക്കിയ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഒന്നായി സ്വീഡന്‍ മാറും. ഇത് തൊഴില്‍ കുടിയേറ്റ സംവിധാനങ്ങളില്‍ വിശാലമായ പ്രാദേശിക മാറ്റങ്ങള്‍ക്ക് ഒരു മാതൃകയായി മാറുകയും ചെയ്യും. സ്വീഡിഷ് പാര്‍ലമെന്റ് ഇ്ക്കാര്യം അടിയന്തര പ്രാധാന്യത്തോടെ തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് സ്വീഡനില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പലരും ഇവിടെ ജോലിക്കായി ശ്രമി്ക്കുന്നത് പതിവാണ്. അതേ സമയം സമൂഹ മാധ്യമങ്ങളില്‍ പലരും ഈ നീക്കത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഇത്തരത്തില്‍ വിദേശികളെ ജോലിക്കെടുക്കുമ്പോള്‍ അവര്‍ സ്വീഡനില്‍ കുടിയേറാന്‍ ശ്രമിക്കുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അനധികൃത കുടിയേറ്റക്കാരെ കൊണ്ട് അമേരിക്കയും ബ്രിട്ടനും എല്ലാം നട്ടം തിരിയുന്നത് പോലെയുള്ള അവസ്ഥ സ്വീഡനും നേരിടേണ്ടി വരും എന്നാണ് ഇവരുടെ വിമര്‍ശനം.