കൊള്ളാം, അടിപൊളി! ഇക്കുറി സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ പ്രശംസിച്ച് ട്രംപ്; തോളില്‍ കയ്യിട്ട് സുഹൃത്തിനെ പോലെ സ്‌നേഹപ്രകടനം; എല്ലാം നന്നായി കലാശിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ച നടത്താമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ശരി വച്ച് യുക്രെയിന്‍ പ്രസിഡന്റ്; പുട്ടിന് സമാധാന സന്ദേശവുമായി കത്തെഴുതിയ മെലാനിയയ്ക്ക് നന്ദി പറഞ്ഞ് സെലന്‍സ്‌കി; ഓവല്‍ ഓഫീസ് ചിരിമയം
യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ച നടത്താമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ശരി വച്ച് യുക്രെയിന്‍ പ്രസിഡന്റ്;
വാഷിങ്ടണ്‍: യുക്രെയിന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെയും ആഗ്രഹം. ഓവല്‍ ഹൗസില്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയാണ് അദ്ദേഹത്തെ ചേര്‍ത്തിരുത്തി ട്രംപ് ഇത് വ്യക്തമാക്കിയത്.
യുക്രെയിനിലെ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ട്രംപിന് സെലന്‍സ്‌കി നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാന കരാറാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍, ജര്‍മ്മന്‍ ചാന്‍സിലര്‍ ഫ്രെഡറിക് മെര്‍സ് തുടങ്ങിയ നിരവധി യൂറോപ്യന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കാനായി വൈറ്റ് ഹൗസില്‍ എത്തിയിട്ടുണ്ട്.
ഇക്കുറി വേഷത്തില്‍ ശ്രദ്ധ
ആറുമാസം മുമ്പ് ഓവല്‍ ഓഫീസില്‍ എത്തിയപ്പോള്‍ കോട്ടൊന്നും ധരിക്കാതെ സൈനിക വേഷത്തിലായിരുന്നു സെലന്‍സ്‌കിയുടെ വരവ്. ആ വരവ് തന്നെ ട്രംപിന് ഇഷ്ടമായില്ല. അതിനുപിന്നാലെ വാക്‌പോര് കൂടിയായതോടെ, ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. അന്നുട്രംപിന്റെ ശകാരവര്‍ഷം കേട്ട് സെലന്‍സ്‌കി ഒരു തരത്തില്‍ സ്ഥലം കാലിയാക്കുകയായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് ട്രംപ് നേരിട്ടെത്തി യുക്രെയിന്‍ പ്രസിഡന്റിനെ കൈ കൊടുത്ത് സ്വീകരിച്ചു. കറുത്ത കോളറുള്ള ഷര്‍ട്ടിന്റെ പുറമേ കറുത്ത സ്യൂട്ട്‌പോലുള്ള ജാക്കറ്റാണ് സെലന്‍സ്‌കി ധരിച്ചത്. എന്നാല്‍, മുഴുവന്‍ സ്യൂട്ടോ, ടൈയോ ഉണ്ടായിരുന്നില്ല. സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ അഭിനന്ദിച്ച ട്രംപ് അദ്ദേഹത്തിന്റെ തോളിലൂടെ സൗഹൃദ സൂചകമായി കൈ വയ്ക്കുകയും ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കഴിഞ്ഞ വെള്ളിയാഴ്ച അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം നടന്ന ഈ ചര്‍ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ആ കൂടിക്കാഴ്ചയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനോ സമാധാനത്തിനോ ധാരണയായിരുന്നില്ല. പുടിന്‍ അലാസ്‌കയിലേക്ക് വന്നത് വലിയ സംഭവമാണെന്ന് ട്രംപ് സെലന്‍സ്‌കിക്കൊപ്പം ഇരുന്നു കൊണ്ടു പറഞ്ഞു. യുക്രെയിനില്‍ സമാധാനം പുന: സ്ഥാപിച്ച ശേഷം താന്‍ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
യുദ്ധത്തിലെ കുട്ടികളുടെ ദുരിതത്തെ സൂചിപ്പിച്ച് അവരെ സംരക്ഷിക്കണമെന്ന സന്ദേശവുമായി അമേരിക്കന്‍ ഫ്രഥമ വനിത മെലാനിയ പുട്ടിന് കത്തയച്ചതിന് സെലന്‍സ്‌കി നന്ദി പറഞ്ഞു. മെലാനിയയ്ക്ക് കൈമാറാനായി തന്റെ ഭാര്യ ഒലീന സെലന്‍സ്‌ക എഴുതിയ കത്തും അദ്ദേഹം ട്രംപിന് കൈമാറി.
2022 ല്‍ ആരംഭിച്ച യുദ്ധം അവസാനിക്കാനുള്ള കാര്യമായ സാധ്യതയുണ്ടെന്ന്് ട്രംപ് പറഞ്ഞു. ' എല്ലാം നന്നായി കലാശിച്ചാല്‍ പുടിനെയും കൂടി ഉള്‍പ്പെടുത്തി ഒരു ത്രികക്ഷി ചര്‍ച്ച നടത്താം. ആളുകള്‍ മരിച്ചുവീഴുകയാണ്. അത് നമ്മള്‍ക്ക് അവസാനിപ്പിക്കണം. സെലന്‍സ്‌കിക്കും, എനിക്കും, പുട്ടിനും അതാണ് താല്‍പര്യം' ട്രംപ് പറഞ്ഞു. ത്രികക്ഷി ചര്‍ച്ചയെ യുക്രെയിന്‍ പ്രസിഡന്റ് സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ തന്റെ രാജ്യത്തിന് അമേരിക്കയുടെയും, യൂറോപ്പിന്റെയും പന്തിണ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.