ഒരാഴ്ചയ്ക്കിടെ നാലു തവണ മോദിയെ വിളിച്ച ട്രംപ്; ഒരിക്കല്‍ പോലും ഫോണ്‍ എടുക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയത് ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം; ട്രംപിന്റെ സ്വാധീനത്തില്‍ വഴങ്ങാത്ത മോദിയെ പാടി പുകഴ്ത്തി ജര്‍മന്‍ ദിനപത്രത്തിന്റെ എക്‌സ്‌ക്ലൂസീവ്; മോദിയുടെ 'രോഷത്തിന്റെ ആഴവും ജാഗ്രതയും' ചര്‍ച്ചകളില്‍; ഇന്ത്യാ-അമേരിക്ക സൗഹൃദം പ്രതിസന്ധിയില്‍ തന്നെ

Update: 2025-08-27 00:48 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ടെലിഫോണ്‍ കോളുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് തവണ എടുത്തില്ല. പ്രമുഖ ജര്‍മ്മന്‍ ദിനപത്രം 'ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ജെമൈന്‍' റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്. വ്യാപാര തര്‍ക്കങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കനത്ത വിള്ളലുണ്ടായി എന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഈ പത്രം നിരീക്ഷിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും വാര്‍ത്ത നിഷേധിച്ചിട്ടില്ല. ട്രംപിന്റെ സ്വാധീന തന്ത്രങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യറാല്ലെന്ന സൂചനയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയത്.

അമേരിക്കന്‍ ഭരണകൂടം ഇന്ത്യയ്ക്ക് 50% താരിഫ് ചുമത്തിയിരുന്നു. ബ്രസീല്‍ ഒഴികെ മറ്റേത് രാജ്യത്തെക്കാളും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയ്ക്ക് ചുമത്തിയത്. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയതിന് ഡല്‍ഹിക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ തുടര്‍ച്ചയായ അനുരഞ്ജന ശ്രമങ്ങള്‍ മോദി തള്ളിക്കളഞ്ഞത്. കഴിഞ്ഞ 25 വര്‍ഷമായി വളര്‍ത്തിയെടുത്ത ഇന്തോ-അമേരിക്കന്‍ ബന്ധത്തില്‍ ഈ സംഭവങ്ങള്‍ വലിയ ഉലച്ചിലുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് പലതവണ ഇന്ത്യയെ പ്രകോപിപ്പിച്ചു. വ്യാപാര മിച്ചത്തിന്റെ പേരില്‍ ട്രംപ് ഇന്ത്യയെ നിരന്തരം ലക്ഷ്യമിടുകയായിരുന്നു. 'ഇന്ത്യ റഷ്യയുമായി എന്തുചെയ്യുന്നുവെന്ന് എനിക്ക് പ്രശ്‌നമില്ല. അവര്‍ക്ക് അവരുടെ തകര്‍ന്ന സമ്പദ്വ്യവസ്ഥകളുമായി ഒരുമിച്ച് താഴോട്ട് പോകാം,' ജൂലൈ 31-ന് ട്രംപ് തുറന്നടിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി, 'തകര്‍ന്ന സമ്പദ്വ്യവസ്ഥ' എന്ന ട്രംപിന്റെ പരാമര്‍ശത്തെ പരിഹസിച്ച്, ലോകത്തിലെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് മോദി പരോക്ഷമായി മറുപടി നല്‍കി.

മോദിയുടെ 'രോഷത്തിന്റെ ആഴവും ജാഗ്രതയും' ആണ് ഫോണ്‍ എടുക്കാത്തതിന് കാരണമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ സാധാരണ രീതി, മറ്റ് രാജ്യങ്ങള്‍ക്ക് യുഎസ് വിപണിയിലുള്ള ആശ്രയത്വം മുതലെടുക്കുക എന്നതാണ്. എന്നാല്‍ ട്രംപിന്റെ ആദ്യ ടേമില്‍ ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ മോദി സഹകരണപരമായ ബന്ധം നിലനിര്‍ത്തുകയും അദ്ദേഹത്തിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളെ ചെറുക്കുകയും ചെയ്തിരുന്നു. എങ്കിലും, മോദിയെ അനുനയിപ്പിക്കാന്‍ ട്രംപ് തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങളും അവ മോദി നിരസിച്ചുവെന്നതും ജര്‍മന്‍ പത്രം പറയുന്നു. ട്രംപിന്റെ നിരന്തരമായ അനുരഞ്ജന ശ്രമങ്ങള്‍ക്കിടയിലും, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ നിലപാട്, അദ്ദേഹത്തിന്റെ ആഴത്തിലുള്ള രോഷവും അതീവ ജാഗ്രതയും വെളിവാക്കുന്നുവെന്നാണ് വിശദീകരിക്കുന്നത്. ഒരു ലോകനേതാവെന്ന നിലയില്‍ മോദിയുടെ ശക്തമായ നിലപാടിനെയും അദ്ദേഹത്തിന്റെ തത്വങ്ങളോടുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നുവെന്ന വിലയിരുത്തലും ഇതുയര്‍ത്തുന്നുണ്ട്.

ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായാണ് റിപ്പോര്‍ട്ട്. നാല് തവണയും കോളുകള്‍ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാന്‍ വിസമ്മതിച്ചു. വ്യാപാര തര്‍ക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകള്‍ മോദി നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്തിയ ഘട്ടത്തിലാണ് ട്രംപ് മോദി സൗഹൃദം ഉലയുന്നതായ വിവരങ്ങളും പുറത്തുവരുന്നത്. ജൂണ്‍ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന. ട്രംപിന്റെ അഭ്യര്‍ഥന മാനിച്ചാണ് മോദി ഫോണില്‍ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 35 മിനിറ്റ് നേരം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സംഭാഷണമായതിനാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചാണ് മോദി അന്ന് ട്രംപുമായി സംസാരിച്ചത്.

വ്യാപാര സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ തന്ത്രങ്ങളായ നീക്കങ്ങളും, ഭീഷണികളും സമ്മര്‍ദ്ദവും മറ്റ് പല രാജ്യങ്ങളിലും നടന്നെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ഫലിക്കുന്നില്ലെന്ന് ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കം വിശകലനം ചെയ്ത ജര്‍മന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കോളുകള്‍ വിളിച്ചതായി പറയപ്പെടുന്ന തീയതികള്‍ ഏതെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. യുഎസും വിയറ്റ്നാമും തമ്മിലുള്ള വ്യാപാര ഉടമ്പടി, പ്രതിനിധി സംഘങ്ങള്‍ ഏറെ പണിപ്പെട്ട് തയ്യാറാക്കിയതായിരുന്നു, എന്നാല്‍ ജനറല്‍ സെക്രട്ടറി ടോ ലാമുമായുള്ള ഒരൊറ്റ ഫോണ്‍ കോളിലൂടെ ട്രംപ് അത് പുനഃപരിശോധിച്ചിരുന്നു. അതേ കെണിയില്‍ വീഴാന്‍ മോദി ആഗ്രഹിക്കുന്നില്ലെന്ന് ജര്‍മ്മന്‍ പത്രം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ട്രംപിന്റെ നിര്‍മ്മാണ പദ്ധതികളും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടി. ഡല്‍ഹിക്ക് സമീപം, ട്രംപിന്റെ കുടുംബ കമ്പനി അദ്ദേഹത്തിന്റെ പേരില്‍ ആഡംബര ടവറുകള്‍ നിര്‍മ്മിച്ചു. പന്ത്രണ്ട് ദശലക്ഷം യൂറോ വരെ വിലമതിക്കുന്ന 300 അപ്പാര്‍ട്ട്‌മെന്റുകള്‍ മെയ് പകുതിയോടെ ഒരൊറ്റ ദിവസം കൊണ്ട് വിറ്റുപോയതായി എഫ്എസെഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അയവു വന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങ്ങിനെ കണ്ടുമുട്ടിയതിന് ശേഷം തനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്ന് മോദി പറഞ്ഞതായി പത്രം എടുത്തുകാട്ടുന്നു.

Tags:    

Similar News