ഓടി നടന്ന് ഇന്ത്യയില്‍ നിന്നടക്കം പല രാജ്യങ്ങളില്‍ നിന്ന് നഴ്സുമാരെ നിയമിച്ചു; ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ് നല്‍കി; യുകെയില്‍ ഉള്ള കെയറര്‍മാരെ നഴ്‌സുമാരാക്കി; സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് പിന്‍ നമ്പര്‍ നല്‍കി: ഇപ്പോഴിതാ നഴ്സിംഗ് പഠിച്ചവര്‍ക്ക് ബ്രിട്ടണില്‍ പബ്ബില്‍ ജോലി!

Update: 2025-09-27 03:29 GMT

ലണ്ടന്‍: ബ്രിട്ടന്റെ കാര്യം ബഹു തമാശയാണ്. അമ്പതിനായിരത്തോളം ഒഴിവുകള്‍ ഉണ്ട് എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ മൂന്ന് നാല് വര്ഷം ഓടി നടന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാരെ യുകെയില്‍ എത്തിച്ചു. മൂന്ന് മാസം സൗജന്യ താമസവും വിമാന കൂലിയും വിസ ഫീസും വരെ നല്‍കിയാണ് ഇത് ചെയ്തത്. കൂടാതെ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്ക് ഓരോ നഴ്സിന്റെയും പേരില്‍ പ്രത്യേകം കമ്മീഷനും നല്‍കി. റിക്രൂട്ട്മെന്റിന് വേണ്ടി നിരവധി എന്‍എച്ച്എസ് മാനേജര്‍മാര്‍ ലക്ഷങ്ങള്‍ മുടക്കി ഇന്ത്യയിലും ഫിലിപ്പീന്‍സിലെ പോയി.

എന്നിട്ടും തൃപ്തി പോരാതെ നഴ്സാകാനുള്ള ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ് നല്‍കി. യുകെയില്‍ ഒരു നിശ്ചിതകാലം കെയററായി വര്‍ക്ക് ചെയ്ത വിദേശ നഴ്സിംഗ് യോഗ്യത ഉള്ളവര്‍ക്ക് പരീക്ഷകള്‍ ഇല്ലാതെ പിന്‍ നമ്പര്‍ നല്‍കി നഴ്‌സാക്കി. യുകെയില്‍ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തി നഴ്സിംഗ് പാസായാല്‍ അപ്പോള്‍ തന്നെ പിന്‍ നമ്പര്‍ നല്‍കി യോഗ്യത ഉറപ്പാക്കി. വെയില്‍സിലൊക്കെ ആണെങ്കില്‍ സൗജന്യമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തു. ഇങ്ങനെ നഴ്സിംഗ് ക്ഷാമം പരിഹരിക്കാന്‍ ചെയ്ത കാര്യങ്ങള്‍ക്ക് കണക്കില്ല.

എന്നിട്ടിപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയാമോ? നഴ്സിംഗ് പാസ്സാകുന്ന ബ്രിട്ടീഷുകാര്‍ക്ക് പോലും നിയമനം ഇല്ല. പിന്‍ നമ്പര്‍ ലഭിച്ച ഏതാണ്ട് നാലായിരത്തോളം പേര്‍ തൊഴില്‍ തേടി അലയുന്നു. പിടിച്ചു നില്ക്കാന്‍ പബ്ബില്‍ വരെ പണി എടുക്കുന്നു. ദേശവ്യാപകമായി തന്നെ നഴ്സുമാരുടെ ഒഴിവുകള്‍ ഉള്ളപ്പോഴാണ് പലര്‍ക്കും അതിഥി സത്ക്കാര മേഖലയുള്‍പ്പടെ മറ്റ് മേഖലകളില്‍ ജോലി ചെയ്യേണ്ടതായി വരുന്നത്. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായ നഴ്സുമാരില്ലെന്ന് ഈ മാസവും റോയല്‍ കോളേജ് ഓഫ് ലണ്ടന്‍ (ആര്‍ സി എന്‍) പറഞ്ഞിരുന്നു.

ഏകദേശം 81 ശതമാനത്തോളം നഴ്സുമാരും ഇതിനോട് യോജിക്കുകയാണ്. അടുത്തിടെ ആര്‍ സി എന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത് നഴ്സിംഗിന്റെ എല്ലാ മേഖലകളിലും കൂടി 34,000 ഒഴിവുകള്‍ ഉണ്ടെന്നാണ്. നഴ്സുമാരുടെ കുറവ് ഉള്ളതിനാല്‍, വ്യത്യസ്ത വിഭാഗങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരുന്നു എന്നാണ് ഒരു നഴ്സ് പറഞ്ഞത്. ഇത്തരത്തില്‍ എന്‍ എച്ച് എസ്സില്‍ നഴ്സുമാരുടെ കുറവുണ്ടായിട്ട് പോലും പുതിയതായി യോഗ്യത നേടിയ പല നഴ്സുമാരും ജോലി കണ്ടെത്താന്‍ വിഷമിക്കുകയാണ്.

പുതിയതായി യോഗ്യത നേടിയ റേച്ചല്‍ എന്ന 21 കാരി പറയുന്നത് ചുരുങ്ങിയത് നാല് ജില്ലകളിലെങ്കിലും നഴ്സിംഗ് ജോലിയ്ക്കായി അപേക്ഷകള്‍ അയച്ചിട്ടുണ്ട് എന്നാണ്. പ്രതികരണമൊന്നും ലഭിക്കാഞ്ഞതിനാല്‍ ഇപ്പോള്‍ അവര്‍ അതിഥിസത്ക്കാര മേഖലയില്‍ താത്ക്കാലികമായി ജോലി ചെയ്യുകയാണ്. നിരവധി യോഗ്യതനേടിയ നഴ്സുമാര്‍, ജോലിയ്ക്കായി കാത്തിരിക്കുന്ന സമയത്ത് ജീവിത ചെലവുകള്‍ക്കായി പണം കണ്ടെത്താന്‍ ബാറുകളിലും മറ്റും ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം, ഒഴിവുകളേക്കാള്‍ 4000 ഓളം അധികം നഴ്സിംഗ് - മിഡ്വൈഫറി ഗ്രാജ്വേറ്റുകളാണ് ഉണ്ടായിരുന്നത്.

നഴ്സിംഗ് യോഗ്യത നേടിയാലും, ഒരു ജോലി ലഭിക്കാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നെക്കാമെന്ന് ചില യൂണിവേഴ്സിറ്റി ലക്ചറര്‍മാരും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചില പ്രദേശങ്ങളില്‍, ഒഴിവുകള്‍ ഉള്ള തസ്തികയുടെ മൂന്നിരട്ടി വരെ അതിനുള്ള യോഗ്യത നേടിയവരുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകളും വ്യക്തമാക്കുന്നു. ഒരു വ്യക്തിക്ക് നഴ്സിംഗ് യോഗ്യത നേടണമെങ്കീല്‍ ചുരുങ്ങിയത് 2,300 മണിക്കൂര്‍ നേരത്തെ സൗജന്യ സേവനം നല്‍കണം. മാത്രമല്ല, ഏകദേശം 30,000 പൗണ്ടോളം മൂന്ന് വര്‍ഷത്തെ കോഴ്സിനായി ചെലവാക്കുകയും വേണം.

ചുവപ്പ് നാടയും സാമ്പത്തിക പ്രതിസന്ധിയും കാരണം പല പുതിയ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. അതേസമയം, നിലവില്‍ നിയമനം നടത്തുന്ന തസ്തികകളിലേക്കാണെങ്കില്‍ പ്രവൃത്തി പരിചയം നിരബന്ധവുമാണ്. മാത്രമല്ല, ഇപ്പോള്‍ നഴ്സിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി സര്‍ക്കാര്‍ പറയുന്നു. അതേസമയം, നഴ്സിംഗ് മേഖല വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ടായിട്ടുണ്ട്.

Tags:    

Similar News