മാഞ്ചസ്റ്റര്‍ സിനഗോഗ് ആക്രമണം ഇസ്രായേലിന് വേണ്ടി സഹതാപം ഉണ്ടാക്കാന്‍ മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് ആരോപിച്ച് ഡോക്ടര്‍; ഇസ്രായേലിന് മരണം വിധിച്ച് ലണ്ടന്‍ നഗരത്തിലൂടെ ഫലസ്തീന്‍ അനുകൂല പ്രകടനം; അനേകരെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-10-12 04:10 GMT

ലണ്ടന്‍: ഫലസതീനികളോടുള്ള ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ലോകം മുഴുവന്‍ പ്രതിഷേധം അലയടിക്കുമ്പോള്‍, അതിനെ തണുപ്പിച്ച് ഇസ്രയേലിന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കുന്നതിനായി ഇസ്രയേല്‍ തന്നെയാണ് മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ആക്രമണം ആസൂത്രണം ചെയ്തതെന്ന പുതിയ ഗൂഢാലോചന സിദ്ധാന്തവുമായി ഒരു എന്‍ എച്ച് എസ് ഡോക്ടര്‍ രംഗത്ത് എത്തിയിരിക്കുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മാഞ്ചസ്റ്ററില്‍ ഒരു റെസ്പിരേറ്ററി കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ അസദ് ഖാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കൂടാതെ, റെജിസ്റ്റേര്‍ഡ് ഡോക്ടര്‍മാര്‍ നിരന്തര ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുള്ള ഓണ്‍ കോള്‍ റൂം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ഇയാള്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്ലാമിക തീവ്രവാദിയായ ജിഹാദ് അല്‍ ഷമീ എന്ന 35 കാരനായിരുന്നു മാഞ്ചസ്റ്റര്‍, ക്രംപ്സാളിലെ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ ആക്രമണം നടത്തി രണ്ടു പേരെ വധിച്ചത്. ഇയാളെ പിന്നീട് പോലീസ് വെടിവെച്ചു കൊന്നിരുന്നു. ആ സമയം അയാള്‍ ഒരു വ്യാജ ആത്മഹത്യ ബെല്‍റ്റും ധരിച്ചിരുന്നു. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് 2020 നവംബറില്‍ തന്നെ ജോലി ഉപേക്ഷിച്ച ഡൊക്ടര്‍ ഖാന്‍, ഈ ആക്രമണം നടന്ന ദിവസം തന്നെ ഇത് ഒരു വ്യാജ ആക്രമണമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

ആക്രമണം നടന്നതിനു ശേഷം ഒരുകൂട്ടം എന്‍ എച്ച് എസ് ജീവനക്കാര്‍ യഹൂദ വിരുദ്ധ പോസ്റ്റുകളുമായി സമൂഹമാധ്യമങ്ങളില്‍ എത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു ഡോക്ടറുടെ പോസ്റ്റ് എത്തുന്നത്. താന്‍ പറയുന്നത് ശരിയോ തെറ്റോ ആകാം, എന്നാല്‍, തനിക്ക് അനുമാനങ്ങളില്‍ എത്തിച്ചേരാനുള്ള അവകാശമുണ്ട്. സിനഗോഗ് ആക്രമണവും, ഇതിന് മുന്‍പ് നടന്ന യഹൂദ വിരുദ്ധ സംഭവങ്ങളുമെല്ലാം വ്യാജമായി സൃഷ്ടിക്കപ്പെട്ടതായി സംശയിക്കുന്നു എന്നാണ് അയാള്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇയാള്‍ എക്സിലും പോസറ്റ് ചെയ്തിട്ടുണ്ട്. ഇതേ പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ട് ഇയാള്‍ എഴുതിയത്, ഇസ്രയേലിന് പുറത്ത് യഹൂദര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദി ഇസ്രയേല്‍ തന്നെയാണെന്നാണ്. പലസ്തീനില്‍ നടക്കുന്ന വംശഹത്യയുടെ പേരില്‍, ഒരു ഇസ്രയേല്‍ അനുകൂല സയണിസ്റ്റ് സിനഗോഗില്‍ ആക്രമണം നടന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല എന്നും അയാള്‍ എഴുതിയിട്ടുണ്ട്. യഹൂദര്‍ സുരക്ഷിതരായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ സയണിസ്റ്റ് യഹൂദര്‍ പലസ്തീനികളെ ആക്രമിക്കുന്നത് നിര്‍ത്തണം എന്നും അയാള്‍ എഴുതുന്നു.

അതിനിടയില്‍, ഇസ്രയേലി സൈന്യത്തിന് മരണം വിധിച്ചുകൊണ്ട് ഒരുകൂട്ടം പലസ്തീന്‍ അനുകൂലികള്‍ സെന്‍ട്രല്‍ ലണ്ടനില്‍ പ്രകടനം നടത്തി. അതിനിടയിലെക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഇസ്രയേല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേല്‍ അനുകൂലികളുടെ സംഘമായ അവര്‍ ഫൈറ്റില്‍ നിന്നുള്ള ചില പ്രവര്‍ത്തകര്‍ പലസ്തീന്‍ അനുകൂല പ്രകടനത്തെ തടയാന്‍ എത്തിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ഇരുപക്ഷത്തുമുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൂടാതെ വാട്ടര്‍ലൂ ബ്രിഡ്ജില്‍ വെച്ച് ഒരു സംഘം ഇസ്രയേല്‍ അനുകൂലികളുടെ പ്രകടനത്തെ പോലീസ് തടയുകയും ചെയ്തിരുന്നു.

Similar News