'സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ല'; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് റഷ്യ; അമേരിക്കന്‍ നടപടിയെ അപലപിച്ച് വിവിധ രാജ്യങ്ങള്‍; അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേല
മോസ്‌കോ: വെനസ്വേലയില്‍ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും തടവിലാക്കിയ അമേരിക്കന്‍ നടപടിയെ അപലപിച്ച് റഷ്യയും ഇറാനുമടക്കം വിവിധ രാജ്യങ്ങള്‍. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനിസ്വേലയ്ക്കെതിരായ അമേരിക്കയുടെ സായുധ ആക്രമണം അപലപിക്കുന്നു. ഈ നടപടികളെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സംയമനം പാലിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വ്യക്തമാക്കി. സംഘര്‍ഷം കൂടുതല്‍ വഷളാക്കാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
വെനിസ്വേലക്കെതിരായ അമേരിക്കന്‍ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്‌നമായ ലംഘനമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഏത് തരത്തിലുള്ള സായുധ ഏറ്റുമുട്ടലിനുമപ്പുറം സമാധാനം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, ജീവന്റെയും മനുഷ്യന്റെയും അന്തസ്സിന്റെയും സംരക്ഷണം എന്നിവ നിലനില്‍ക്കണമെന്ന ബോധ്യം കൊളംബിയ റിപ്പബ്ലിക് ആവര്‍ത്തിക്കുന്നു -എന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്ക വെനിസ്വേലയ്ക്കെതിരെ ഒരു ക്രിമിനല്‍ ആക്രമണം നടത്തിയെന്നും അടിയന്തര അന്താരാഷ്ട്ര പ്രതികരണം ആവശ്യപ്പെടുകയാണെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍ പറഞ്ഞു.
മഡുറെ ബന്ദിയെന്ന് ട്രംപ്
നേരത്തെ വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവില്‍ വെനിസ്വേലയില്‍ നിന്നും വിമാനമാര്‍ഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഈ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
വെനസ്വേലയില്‍ അടിയന്തരാവസ്ഥ
വെനസ്വേലയുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്‌ഫോടനങ്ങളാണ് കാരക്കാസില്‍ അടക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിക്കോളാസ് മഡൂറോയെ വീഴ്ത്താന്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാരക്കാസിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.50ഓടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് തുടങ്ങിയത്. കാരക്കാസിലും മിറാന്‍ഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കന്‍ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കന്‍ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് വെനസ്വേല ആവശ്യപ്പെട്ടു. 'ഞങ്ങളുടെ മാതൃരാജ്യത്തിനെതിരെ യുഎസ് സര്‍ക്കാര്‍ നടത്തിയ ക്രിമിനല്‍ ആക്രമണത്തെ നേരിടേണ്ടി വന്നതിനാല്‍, അന്താരാഷ്ട്ര നിയമം നിലനിര്‍ത്താന്‍ ഉത്തരവാദികളായ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.' വെനസ്വേലന്‍ വിദേശകാര്യ മന്ത്രി യുവാന്‍ ഗില്‍ പറഞ്ഞു.
രാജ്യത്തെ വിദേശ സൈനികരുടെ സാന്നിധ്യം വെനിസ്വേല ചെറുക്കുമെന്ന് പ്രതിരോധ മന്ത്രി വ്ളാദിമിര്‍ പാഡ്രിനോ പ്രസ്താവനയില്‍ അറിയിച്ചു. വെനിസ്വേലയില്‍ അമേരിക്ക നടത്തിയ ആക്രമണം സിവിലിയന്‍ പ്രദേശങ്ങളെ ബാധിച്ചുവെന്നും മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പാഡ്രിനോ പറഞ്ഞു.
