സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് നയതന്ത്ര സഹകരണം വളരെ ഊഷ്മളമായ അനുഭവമായിരുന്നു; ലോകത്തിന്റെ മികച്ച ഭാവിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന

സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു

Update: 2025-02-10 10:25 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യു.എസ്. സന്ദര്‍ശനം ഇന്നു മുതല്‍ തുടങ്ങുകയാണ്. ഇമ്മാനുവല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദിയും പ്രതീക്ഷ പങ്കുവെച്ചു.

ഫെബ്രുവരി 10-12 തീയതികളില്‍ ഫ്രാന്‍സില്‍ നടക്കുന്ന എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനവും ഇന്ത്യക്കാണ്. ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തിപ്പെടുത്തുന്നത് മുന്‍നിര്‍ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ച നടത്തും. ശേഷം മാര്‍സേയ് നഗരത്തിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ഫ്രഞ്ച് പര്യടനത്തിന് ശേഷമാകും മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുക. ട്രംപുമായുള്ള കൂടിക്കാഴ്ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് മോദി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 'എന്റെ സുഹൃത്തായ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിന് ആദ്യ ഭരണകാലത്ത്, അദ്ദേഹവുമായി ചേര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ നയതന്ത്ര സഹകരണം സ്ഥാപിക്കാന്‍ കഴിഞ്ഞത് വളരെ ഊഷ്മളമായ അനുഭവമായിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കും', മോദി യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സന്ദര്‍ശനം ഇന്ത്യ-യു.എസ്.എ. സൗഹൃദത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും വിവിധ മേഖലകളിലെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫെബ്രുവരി 12,13 തീയതികളിലാണ് മോദി യു.എസ്. സന്ദര്‍ശിക്കുക. ട്രംപ് അധികാരമേറ്റതിന് പിന്നാലെ നടക്കുന്ന ഈ സന്ദര്‍ശനം ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കന്‍ സൈനിക വിമാനത്തില്‍ തിരിച്ചയച്ചത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലെ ആശങ്ക മോദി ട്രംപിനെ അറിയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടയില്‍ നാടുകടത്തുന്നതിനുള്ള പട്ടികയിലുള്ള എല്ലാ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിവരം ഇനിയും അമേരിക്ക കൈമാറിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കടുത്ത അപമാനം ഇന്ത്യക്കാര്‍ നേരിട്ട വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇനിയും 487 ഇന്ത്യക്കാരെ നാടുകടത്തും എന്നാണ് അമേരിക്ക ഇന്ത്യയെ അറിയിചിരിക്കുന്നത്. ഇതില്‍ 298 പേരുടെ വിവരം മാത്രമാണ് അമേരിക്ക കൈമാറിയിട്ടുള്ളത്.

അതേസമയം ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കാനുള്ള യുഎസ് നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്. ഇറാനുമേലുള്ള ഉപരോധങ്ങളില്‍ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് യു.എസിന്റെ പുതിയ നീക്കം. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികള്‍, ഭീകരതയ്ക്കുള്ള പിന്തുണ എന്നിവയ്‌ക്കെതിരെയുള്ള ഉപരോധമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടിട്ടിരുന്നു.

പധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ചബഹാര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ട്രംപ് ഭരണകാലത്ത് ട്രംപ് ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറുകയും ഇറാന് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഇന്ത്യയുമായുള്ള അടുത്ത പങ്കാളിത്തത്തിനും ചാബഹാറിന്റെ വികസനത്തെ ഉപരോധങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഇളവ് അനുവദിക്കുകയായിരുന്നു.

ഇതിന് പകരമായി ട്രംപിന്റെ ആവശ്യപ്രകാരം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. വില കുറഞ്ഞ ഇറാന്‍ എണ്ണയോട് നോ പറഞ്ഞത് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കി. യുഎസ് ഉപരോധത്തിന് മുന്‍പ് ഇറാനില്‍ നിന്നും ഇന്ത്യയുടെ പ്രതിവര്‍ഷ ഇറക്കുമതി ഏകദേശം 13 ബില്യണ്‍ ഡോളറിയിരുന്നു. 2019 മുതല്‍ ഇത് 1 ബില്യണ്‍ ഡോളറിന് താഴേക്ക് എത്തുകയും 2024 ഏപ്രിലിനും ഒക്ടോബറിനും ഇടയില്‍ 216 മില്യണ്‍ ഡോളറിലേക്ക് ചുരുങ്ങുകയും ചെയ്തു.

Tags:    

Similar News