ആരെയും അടുപ്പിക്കാത്ത പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരുകാറില്‍ സഞ്ചരിക്കുന്നത് കണ്ടത് കണ്ണില്‍ കരടായി; പിന്നാലെ ട്രംപിന്റെ ഫോണ്‍ കോള്‍; വ്യാപാരം അടക്കം വിവിധ മേഖലകളിലെ സഹകരണത്തില്‍ ഇരുനേതാക്കളും തമ്മില്‍ വിശദമായ ചര്‍ച്ച; സംഭാഷണം വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ യുഎസ് സംഘം ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നതിനിടെ
മോദി-ട്രംപ് ഫോണ്‍ കോള്‍
ന്യൂഡല്‍ഹി: ഉടന്‍ ഒരുശുഭ വാര്‍ത്തയ്ക്ക് പ്രതീക്ഷ നല്‍കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ വൈകാതെ യാഥാര്‍ത്ഥ്യമാകും എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇരുനേതാക്കളും വിവിധ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നത് ചര്‍ച്ച ചെയ്തത്.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തിയതായും, വ്യാപാരം, നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നത് ചര്‍ച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. പ്രത്യേകിച്ചും വ്യാപാരമേഖലയില്‍.
വെല്ലുവിളികള്‍ നേരിടുന്നതിനും പൊതു താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ മോദിയും ട്രംപും സമ്മതിച്ചതായും പ്രസ്താവനയില്‍ പറയുന്നു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ-യുഎസ് കോംപാക്ട് (COMPACT - Catalyzing Opportunities for Military Partnership, Accelerated Commerce & Technology) നടപ്പിലാക്കുന്നതില്‍ നിര്‍ണ്ണായകമായ സാങ്കേതികവിദ്യകള്‍, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, മറ്റ് മുന്‍ഗണനാ മേഖലകള്‍ എന്നിവയിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ അഭിപ്രായങ്ങള്‍ കൈമാറി.
സംഭാഷണം 'ഊഷ്മളവും ആകര്‍ഷകവും' ആയിരുന്നെന്ന് പ്രധാനമന്ത്രി മോദിയും എക്സില്‍ (മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്തു. എന്നാല്‍ അദ്ദേഹം വ്യാപാരത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചില്ല. 'പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളവും ആകര്‍ഷകവുമായ സംഭാഷണമാണ് നടത്തിയത്. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്യുകയും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഐശ്വര്യത്തിനും വേണ്ടി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും,' മോദി എഴുതി.
ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറിനായി രാജ്യം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തമായ നിര്‍ദ്ദേശങ്ങളാണ് ന്യൂഡല്‍ഹി മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് വാഷിംഗ്ടണിലെ ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥന്‍ സെനറ്റിനെ അറിയിച്ചു. എന്നാല്‍, അമേരിക്കന്‍ മാംസ-ക്ഷീര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അനുവദിക്കുന്നതിലെ ഇന്ത്യയുടെ എതിര്‍പ്പ് ഇപ്പോഴും ഒരു തര്‍ക്കവിഷയമായി നിലനില്‍ക്കുന്നുണ്ട്.
സമയക്രമവും റഷ്യന്‍ ബന്ധവും
റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ ഇരട്ട താരിഫ് ചുമത്തിയതോടെ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. താരിഫ് അന്യായമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ വാങ്ങുന്ന രാജ്യം ചൈനയായിരിക്കെയും, റഷ്യയില്‍ നിന്ന് വലിയ അളവില്‍ എല്‍എന്‍ജി വാങ്ങുന്നത് യൂറോപ്യന്‍ യൂണിയന്‍ ആയിരിക്കുമ്പോഴും ഇന്ത്യക്കതിരെ താരിഫ് ഏര്‍പ്പെടുത്തിയതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഫോണ്‍ കോള്‍ എന്നതും ശ്രദ്ധേയമാണ്. ഈ സന്ദര്‍ശനത്തില്‍ നിരവധി കരാറുകള്‍ ഒപ്പിട്ടതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് പുടിനും മോദിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധമാണ്. വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരു നേതാക്കളും ഒരേ കാറില്‍ യാത്ര ചെയ്തത് ഇതിന് ഉദാഹരണമായി.
ട്രംപിന്റെ നയങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയെന്നും, ഇത് അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നിനെ റഷ്യയുമായി കൂടുതല്‍ അടുപ്പിക്കാന്‍ കാരണമായെന്നും പല യുഎസ് നേതാക്കളും വിമര്‍ശിച്ചിരുന്നു. ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാവായ സിഡ്നി കാംലഗര്‍-ഡവ്, മോദിയും പുടിനും ഒരു കാറില്‍ യാത്ര ചെയ്യുന്ന ഫോട്ടോ യുഎസ് കോണ്‍ഗ്രസില്‍ കാണിച്ച് ട്രംപിന്റെ വിദേശനയത്തെ വിമര്‍ശിച്ചിരുന്നു. 'ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങള്‍ നമ്മുടെ മുഖം വെട്ടിമാറ്റുന്നതിന് തുല്യമാണ്. ഇത് നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ തന്ത്രപരമായ വിശ്വാസത്തിനും പരസ്പര ധാരണയ്ക്കും യഥാര്‍ത്ഥവും ദീര്‍ഘകാലവുമായ നാശമാണ് വരുത്തുന്നത്,' സിഡ്നി കാംലഗര്‍-ഡവ് പറഞ്ഞു.
ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു യുഎസ് സംഘം ഡല്‍ഹിയില്‍ എത്തിയിരിക്കുന്ന സമയത്താണ് ഈ ഫോണ്‍ കോള്‍ എന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചകള്‍ നന്നായി പോകുന്നുണ്ടെങ്കിലും കരാറിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വ്യാഴാഴ്ച പറഞ്ഞു.
'ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു. എന്നാല്‍ ഇരുപക്ഷത്തിനും പ്രയോജനകരമാകുമ്പോള്‍ മാത്രമേ ഒരു കരാര്‍ ഉണ്ടാകൂ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. സമയപരിധി വെച്ച് ചര്‍ച്ചകള്‍ നടത്തരുത്, കാരണം അപ്പോള്‍ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്,' അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് യുഎസിന് 'ഏറ്റവും മികച്ച' ഓഫറാണ് ലഭിച്ചതെന്ന യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച ഗോയല്‍, അങ്ങനെയാണെങ്കില്‍ ട്രംപ് ഭരണകൂടം ഉടന്‍ കരാര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടു.
ട്രംപിന്റെ വിദേശനയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ചോ റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളോ ട്രംപിന്റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യ-യുഎസ് ബന്ധത്തിലെ താല്‍ക്കാലിക തണുപ്പന്‍ അവസ്ഥയ്ക്ക് ശേഷം ഈ ഉന്നതതല സംഭാഷണം കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ തുറക്കുന്നു.
ഡെപ്യൂട്ടി യുഎസ് ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറിന്റെ (Rick Switzer) നേതൃത്വത്തിലുള്ള സംഘം വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ദര്‍പ്പണ്‍ ജെയിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ചര്‍ച്ചാ പ്രതിനിധികളുമായി ബുധനാഴ്ച കൂടിക്കാഴ്ചകള്‍ ആരംഭിച്ചു. വാണിജ്യ സെക്രട്ടറി രാജേഷ് അഗ്രവാളാണ് നിലവിലെ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.ഈ വര്‍ഷം ഒരു ആദ്യഘട്ട വ്യാപാര കരാറിന് അന്തിമരൂപം നല്‍കാന്‍ ഇരുപക്ഷവും ശ്രമിക്കുന്നതിനാല്‍ ഈ സന്ദര്‍ശനം നിര്‍ണ്ണായകമാണ്.
ഈ ആഴ്ച ആദ്യം, ഇന്ത്യ, ചൈന, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അരിയുടെ ഇറക്കുമതിയെക്കുറിച്ച് വൈറ്റ് ഹൗസ് റൗണ്ട് ടേബിളില്‍ ഒരു കര്‍ഷക പ്രതിനിധി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ട്രംപ് ഇന്ത്യന്‍ അരിക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 'ഇന്ത്യയെ ഇത് ചെയ്യാന്‍ എങ്ങനെ അനുവദിക്കുന്നു? അവര്‍ താരിഫ് നല്‍കേണ്ടതുണ്ട്. അവര്‍ക്ക് അരിക്ക് ഇളവുണ്ടോ?' ട്രംപ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റിനോട് ചോദിച്ചിരുന്നു
