ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ കൈവിട്ട കളി നടപ്പില്ല; ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ മണ്ണ് അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ നിര്‍ണായക പ്രഖ്യാപനം; അനുര ദിസനായകെ ഉറപ്പുനല്‍കിയത് ഹംബന്‍തോട്ട തുറമുഖത്ത് ചൈനയുടെ ചാരകപ്പലുകളുടെ സാന്നിധ്യത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെ
ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ മണ്ണ് അനുവദിക്കില്ലെന്ന് അനുര ദിസനായകെ
ന്യൂഡല്‍ഹി: ശ്രീലങ്കയുടെ മണ്ണ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് അനുര കുമാര ദിസനായകെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്നുള്ള സംയുക്ത പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇത് അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയത്. ഭാരതത്തെ ലക്ഷ്യം വച്ച് ഇന്ത്യന്‍ മഹാസമുദ്ര ദൗത്യവുമായി ചൈന മുന്നോട്ടുപോകുന്നതിനിടയാണ് ശ്രീലങ്ക, ഇന്ത്യയുമാള്ള പ്രതിരോധ സഹകരണം ഊന്നിപ്പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
കടം വീട്ടാന്‍ പരാജയപ്പെട്ടതോടെ, ചൈന, ശ്രീലങ്കയുടെ ഹംബന്‍തോട്ട തുറമുഖം ഏറ്റെടുത്തിരുന്നു. ആ തുറമുഖത്ത് ചൈനയുടെ നാവിക പര്യവക്ഷേണ-ചാര കപ്പലകുള്‍ തമ്പടിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി പല ഘട്ടങ്ങളിലും ചൈനയുടെ 25,000 ടണ്‍ ഭാരമുളള ഉപഗ്രഹ-ബാലിസ്റ്റിക് മിസൈല്‍ ട്രാക്കിങ് കപ്പല്‍ യുവാന്‍ വാങ് 5 ഹംബന്‍തോട്ടയില്‍ നങ്കൂരമിട്ടത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു.
2022 ഓഗസ്റ്റില്‍, ഇന്ത്യ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ ചൈനീസ് ചാര കപ്പലിന്റെ വരവ് ശ്രീലങ്ക വിലക്കിയിരുന്നു. എന്നാല്‍, പിന്നീട് അത് നാവികരുടെ ജോലി കൈമാറ്റത്തിന് എന്ന പേരില്‍ അനുവദിക്കുകയായിരുന്നു. അതിന് ശേഷം ചൈനയുടെ പര്യവേക്ഷണ കപ്പലുകള്‍ ഹംബന്‍തോട്ടയില്‍ നങ്കൂരമിട്ടുകൊണ്ട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിവായി പട്രോളിങ് തുടരുകയായിരുന്നു.
17 ബില്യണ്‍ ഡോളറിന്റെ മൊത്തം കടത്തില്‍, 100 ദശലക്ഷം വാര്‍ഷികവിഹിതം തിരിച്ചടയ്ക്കാന്‍ ശ്രീലങ്കയ്ക്ക് കഴിയാതെ വന്നതോടെയാണ് 99 വര്‍ഷത്തെ പാട്ടത്തിന് ഹംബന്‍തോട്ട തുറമുഖം ചൈന പാട്ടത്തിന് എടുത്തത്. തുറമുഖത്തിന്റെ നിര്‍മ്മാണത്തിനാണ് ഇത്രയും വലിയ തുക ചൈനയില്‍ നിന്ന് കടമെടുത്തത്. ആദ്യഘട്ട നിര്‍മ്മാണം 2010 ല്‍ പൂര്‍ത്തിയായിരുന്നു. ഇന്നത്തെ കരാറോടെ, ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്നാണ് ഉറപ്പുനല്‍കിയിരിക്കുന്നത്. പ്രാദേശിക സന്തുലിതാവസ്ഥയെ ബാധിക്കും വിധം ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് ചുരുക്കം.
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സമഗ്ര പതിരോധ സഹകരണത്തിനാണ് ധാരണയായത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഫെറി സര്‍വീസ് തുടങ്ങുമെന്നും 250 ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഇന്ത്യ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുനേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.
'ഇതുവരെ 5 ബില്യണ്‍ ഡോളറിന്റെ സഹായങ്ങള്‍ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ 25 ജില്ലകളുമായും ഇന്ത്യ അടുത്ത ബന്ധം പുലര്‍ത്തുന്നു. അയല്‍രാജ്യങ്ങളുടെ വികസനത്തിനും പുരോഗതിക്കും മുന്‍ഗണന നല്‍കുന്നതാണ് ഇന്ത്യയുടെ രീതി. മഹോ- അനുരാധപുര റെയില്‍വേ സിഗ്‌നലിംഗ് സംവിധാനത്തിന്റെയും കാങ്കസന്തുറെ തുറമുഖത്തിന്റെയും പുനരുദ്ധാരണ പദ്ധതികള്‍ക്ക് ഇന്ത്യ സഹായം നല്‍കും. 200-250 ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും.''- പ്രധാനമന്ത്രി പറഞ്ഞു.
പാര്‍പ്പിടം, പുനരുപയോഗ ഊര്‍ജം, കൃഷി, ക്ഷീരവികസനം, മത്സ്യബന്ധനം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള ഇന്ത്യയുടെ പങ്കാളിത്തവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയില്‍ നിന്നുള്ള 1,500 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കും.
ശ്രീലങ്കയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ എക്കാലവും ശ്രമിക്കും. അയല്‍രാജ്യം ആദ്യം എന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ശ്രീലങ്കയില്‍ ഇന്ത്യാ വിരുദ്ധ നടപടികള്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഉറപ്പു നല്‍കി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തിയത്. സെപ്തംബറില്‍ ശ്രീലങ്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ദിസനായകെ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്