പ്രശ്‌നം തീര്‍ക്കാന്‍ ദ്വിരാഷ്ട്രം മാത്രമാണ് ഏകപോംവഴി; രാഷ്ട്രപദവി ഫലസ്തീന്റെ ഔദാര്യമല്ല, അവകാശമാണ്'; രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഫ്രാന്‍സ് ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ കൂടി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു

പ്രശ്‌നം തീര്‍ക്കാന്‍ ദ്വിരാഷ്ട്രം മാത്രമാണ് ഏകപോംവഴി

Update: 2025-09-23 05:28 GMT

ന്യൂയോര്‍ക്ക്: രാഷ്ട്രപദവി ഫലസ്തീന്റെ ഔദാര്യമല്ലെന്നും അവകാശമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അവര്‍ക്ക് നമ്മള്‍ നല്‍കുന്ന സമ്മാനമല്ല രാഷ്ട്രപദവിയെന്ന് അദ്ദേഹം പ്രതികരിച്ചു. ഗാസ പ്രശ്‌നം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ യു.എന്‍ പിന്തുണക്കുകയാണെന്നും ഗുട്ടറസ് പറഞ്ഞു. ദ്വിരാഷ്ട്രം മാത്രമാണ് പ്രശ്‌നം പരിഹരിക്കാനുള്ള ഏകപോംവഴി. ഇസ്രായേലും ഫലസ്തീനും പരസ്പര സഹകരണത്തോടെ അയല്‍രാജ്യങ്ങളായി കഴിയണം. 1967നെ അടിസ്ഥാനമാക്കി അതിര്‍ത്തികള്‍ നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ലെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

അതിനിടെ ഫ്രാന്‍സ് ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ കൂടി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഇസ്രായേലിന് തിരിച്ചടിയായി. യു.എന്‍ പൊതുസഭയുടെ സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത്. ഫ്രാന്‍സിന് പുറമേ ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണോക്കോ, അന്‍ഡോറ തുടങ്ങിയ രാജ്യങ്ങളാണ് ഫലസ്തീന് അംഗീകാരം നല്‍കിയത്.

നേരത്തെ ആസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, യു.കെ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു. സമയം വന്നത് കൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. രണ്ട് രാജ്യങ്ങളിലൂടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ 193 അംഗം യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം 147 ആയി ഉയര്‍ന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ 80 ശതമാനവും ഇപ്പോള്‍ ഫലസ്തീനെ പിന്തുണക്കുന്നുണ്ട്. ഇതോടെ ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിനുമേല്‍ കടുത്ത നയതന്ത്ര സമ്മര്‍ദം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, കൂടുതല്‍ രാഷ്ട്രങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തുവന്നിരുന്നു. ജോര്‍ഡന്‍ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീന്‍ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നത് പോലെയാണെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ തുടച്ചുനീക്കി യുദ്ധലക്ഷ്യം നേടും. ഇറാനിയന്‍ അച്ചുതണ്ടിനെ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രായേലിന്റെ സഖ്യരാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളും ഈ വഴിയിലേക്ക് എത്തുകയാണ്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതയും കൂട്ടക്കൊലയും യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇസ്രായേലിനെതിരെ ജനവികാരം ഉയര്‍ത്തിയിരുന്നു.

Tags:    

Similar News