'നമ്മള്‍ അവരെ തുടച്ചുനീക്കും; ഇനിയൊരു ഹമാസ് ഉണ്ടാകില്ല; ഒരു ഹമാസ്ഥാനും ഉണ്ടാകില്ല; ഗസ്സയിലെ ഹമാസിലേക്ക് ഒരു തിരിച്ചുപോക്ക് ഇനിയില്ല; നമ്മള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കും': നെതന്യാഹുവിന്റെ ആവേശകരമായ പ്രസംഗത്തെ കയ്യടിയോടെ വരവേറ്റ് ഇസ്രയേല്‍ ജനത; 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ഭീഷണി

ഹമാസ്ഥാന്‍ ഉണ്ടാവില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

Update: 2025-07-02 16:33 GMT

ടെല്‍ അവീവ്: ഒരുവശത്ത് വെടിനിര്‍ത്തല്‍ കരാറിനുളള പരിശ്രമങ്ങള്‍ തുടരുന്നതിനിടെ, ഹമാസ്ഥാന്‍ ഉണ്ടാവില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചെങ്കിലും യുദ്ധ ശേഷം ഹമാസ് ഗസ്സയില്‍ ഉണ്ടാകരുതെന്ന കടുത്ത നിലപാടിലാണ് നെതന്യാഹു.

' അവിടെ ഒരു ഹമാസ് ഉണ്ടാകില്ല. ഒരു ഹമാസ്ഥാന്‍ ഉണ്ടാകില്ല. അതിലേക്കൊരു മടങ്ങിപ്പോക്കില്ല. അത് അവസാനിച്ചു. നമ്മള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കും.'- ട്രാന്‍സ്-ഇേ്രസ്യല്‍ പൈപ്പ്‌ലൈനിന്റെ ആഭിമുഖ്യത്തിലുള്ള യോഗത്തില്‍ നെതന്യാഹു പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് കാണികള്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഏറ്റുവാങ്ങിയത്.

' നമ്മള്‍ അവരെ തുടച്ചുനീക്കും. നമ്മുടെ അവസരങ്ങള്‍ അനവധിയാണ്. നമ്മള്‍ അത് നഷ്ടപ്പെടുത്താന്‍ പോകുന്നില്ല. നമ്മുടെ ശത്രുക്കളെ പരാജയപ്പെടുത്തി ഭാവി ഭദ്രമാക്കുന്നതും അവസരങ്ങളില്‍ പെടുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ ഊര്‍ജ്ജശേഷി വര്‍ദ്ധിപ്പിക്കാന്‍ പോകുകയാണെന്നും തന്റെ പ്രസ്താവനയില്‍ നെതന്യാഹു അറിയിച്ചു.

അമേരിക്ക നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ ഉപാധികള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് ചൊവ്വാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. 60 ദിവസത്തെ വെടിനിര്‍ത്തലിനുളള ഉപാധികള്‍ക്ക് ഇസ്രയേല്‍ പച്ചക്കൊടി കാട്ടിയെന്നും, ആ കാലാവധിക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളുമായി ചേര്‍ന്ന് പരിശ്രമിക്കുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്. മധ്യസ്ഥരുമായി കൂടിയാലോചിച്ച് ഹമാസ് ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണ്. ഹമാസ് കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ യുദ്ധം വീണ്ടും കടുക്കുമെന്ന് ഉറപ്പാണ്.

Tags:    

Similar News