'യുഎസിനെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ല'; അവര്‍ അമേരിക്കയിലേക്ക് വരേണ്ടതില്ല; വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; സിറിയ ഉള്‍പ്പെടെ 7 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി; ട്രംപിന്റെ നീക്കം സിറിയയില്‍ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെ

'യുഎസിനെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ല'; അവര്‍ അമേരിക്കയിലേക്ക് വരേണ്ടതില്ല

Update: 2025-12-18 04:23 GMT

വാഷിങ്ടന്‍: സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീന്‍ അതോറിറ്റിയുടെ പാസ്പോര്‍ട്ട് കൈവശമുള്ളവരെയും യുഎസില്‍ പ്രവേശിക്കുന്നത് വിലക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിനെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

വിദേശികള്‍ യുഎസിന്റെ സംസ്‌കാരം, സര്‍ക്കാര്‍, സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സ്ഥാപക തത്വങ്ങള്‍ എന്നിവയെ ദുര്‍ബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാന്‍ ട്രംപ് ആഗ്രഹിക്കുന്നതായും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. സിറിയയില്‍ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം.

ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, സിയറ ലിയോണ്‍, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും തെക്കുകിഴക്കന്‍ ഏഷ്യയിലെ ലാവോസില്‍ നിന്നുള്ളവര്‍ക്കുമാണ് സിറിയയെ കൂടാതെ പ്രവേശനവിലക്ക് പുതുതായി ഏര്‍പ്പെടുത്തിയത്. നൈജീരിയ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് ഭാഗിക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

സൊമാലിയക്കാരുടെ യുഎസ് പ്രവേശനം ട്രംപ് ഇതിനോടകം നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, മ്യാന്‍മര്‍, സുഡാന്‍, യെമന്‍ എന്നിവയാണ് യുഎസില്‍ പൂര്‍ണ യാത്രാ നിരോധനം നേരിടുന്ന മറ്റ് രാജ്യങ്ങള്‍. അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, ഡൊമിനിക്ക, ഗാബണ്‍, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങള്‍ക്ക് ഭാഗിക നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി മുപ്പതില്‍ അധികം ജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൂര്‍ണ യാത്രാ വിലക്കും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായത്.

നേരത്തെ ഭാഗിക നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ലാവോസ്, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ ഉത്തരവ് പ്രകാരം പൂര്‍ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുറുണ്ടി, ക്യൂബ, ടോഗോ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗിക നിയന്ത്രണങ്ങള്‍ തുടരും. തുര്‍ക്ക്‌മെനിസ്ഥാന്‍ അമേരിക്കയുമായി നല്ല രീതിയില്‍ സഹകരിക്കുന്നതിനാല്‍ അവിടെ നിന്നുള്ള നോണ്‍ - ഇമ്മിഗ്രന്റ് വിസകള്‍ക്കുള്ള വിലക്ക് നീക്കം ചെയ്തിട്ടുണ്ട്.

15 അധിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗിക യാത്രാ നിയന്ത്രണങ്ങളും പ്രവേശന പരിമിതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, കോട്ട് ഡി'ഐവറി, ഡൊമിനിക്ക, ഗാബോണ്‍, ഗാംബിയ, മാലവി, മൗറിത്താനിയ, നൈജീരിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്വെ എന്നിവയാണ് ഈ രാജ്യങ്ങള്‍.

സ്ഥിരം താമസക്കാര്‍, നിലവില്‍ വിസയുള്ളവര്‍, അത്‌ലറ്റുകള്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയ ചില വിസ വിഭാഗങ്ങളില്‍പ്പെട്ടവര്‍, അമേരിക്കയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് പ്രഖ്യാപനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇമ്മിഗ്രന്റ് വിസകള്‍ക്കുള്ള വിശാലമായ ഇളവുകള്‍ ചുരുക്കിയിട്ടുണ്ട്.

Tags:    

Similar News