'ഒക്ടോബര്‍ 7 ആക്രമണത്തിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് 'സൈനികര്‍' കൊല്ലപ്പെട്ടു; അവരുടെ ബാക്കിയുള്ള സൈനികര്‍ ട്രാപ്പിലാണ്; 'ഗോ' എന്ന് ഞാന്‍ പറയാന്‍ കാത്തിരിക്കുകയാണ് അവര്‍'; ഹമാസിന് മുന്നില്‍ ഡൊണാള്‍ഡ് ട്രംപ് വെച്ചിരിക്കുന്നത് 'ഡു ഓര്‍ ഡൈ' ഓഫര്‍; ഫലസ്തീനികളെ കൊലയ്ക്ക് കൊടുക്കാന്‍ ഹമാസ് 'നരകം' തിരഞ്ഞെടുക്കുമോ?

'ഒക്ടോബര്‍ 7 ആക്രമണത്തിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് 'സൈനികര്‍' കൊല്ലപ്പെട്ടു

Update: 2025-10-03 17:36 GMT

വാഷിങ്ടണ്‍: ഞായറാഴ്ച്ച ഹമാസ് ആയുധം വെച്ചു കീഴടങ്ങാന്‍ തയ്യാറാണെന്ന കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുക? ലോകം കടുത്ത ആശങ്കയിലാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ അന്ത്യശാസനവും എത്തിയതോടെ അവര്‍ക്ക് മുന്നില്‍ ഇനി മറ്റ് വഴികളില്ല. എന്നാല്‍, ഫലസ്തീനികളെ കൊലയ്ക്ക് കൊടുത്ത വീണ്ടും രക്തപ്പുഴ ഒഴുക്കാന്‍ ഹമാസ് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. അറബ് രാജ്യങ്ങള്‍ അടക്കം ഗാസാ പദ്ധതിയില്‍ സമ്മതം അറിയിച്ചതോടെ ഹമാസ് സമ്മര്‍ദ്ദത്തിലാണ്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ നരകം കാണേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

തന്റെ 20 നിര്‍ദേശങ്ങളടങ്ങിയ ഗാസ പദ്ധതിയില്‍ ഞായറാഴ്ച ആറ് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇല്ലെങ്കില്‍ ഹമാസ് വലിയ പ്രത്യാഘാതം നേരിടുമെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ പങ്കുവെച്ചു. 'ഈ അവസാന അവസരത്തിലും ഉടമ്പടിയിലെത്തിയില്ലെങ്കില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം ഹമാസിന് നേരെയുണ്ടാകും. പശ്ചിമേഷ്യയില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമാധാനമുണ്ടാകും', ട്രംപ് കുറിച്ചു. ഹമാസിന്റെ അംഗങ്ങള്‍ സൈനിക വലയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ ആരാണെന്നും എവിടെയാണെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. എല്ലാ നിഷ്‌കളങ്കരായ പലസ്തീനികളും ഭാവിയില്‍ മരണത്തിന് വിധേയമാകുന്ന ഗാസയിലെ ഈ പ്രദേശത്ത് നിന്നും വിട്ടുപോകണം', ട്രംപ് പറഞ്ഞു.

അമേരിക്കന്‍ നിര്‍ദേശത്തില്‍ ഉടന്‍ തന്നെ പ്രതികരണം അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസ്സല്‍ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവസാന തീയ്യതി കുറിച്ച് കൊണ്ട് ട്രംപ് രംഗത്തെത്തുകയായിരുന്നു. ട്രൂത്ത് പോസ്റ്റിലുടനീളം ഹമാസിനെതിരെ ട്രംപിന്റെ ഭീഷണിയുണ്ടായിരുന്നു.

ചൊവ്വാഴ്ച ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുപത് നിര്‍ദേശങ്ങളടങ്ങുന്ന ഗാസ പദ്ധതി കരാര്‍ തയ്യാറാക്കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുപത് നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചത്. ഇവ നെതന്യാഹു അംഗീകരിച്ചിരുന്നു.

ട്രൂത്ത് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വര്‍ഷങ്ങളായി പശ്ചിമേഷ്യയിലുള്ള അക്രമാസക്തമായ ഭീഷണിയാണ് ഹമാസ്. ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയില്‍ അവര്‍ ഇസ്രയേല്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും നിരവധി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും കൊന്നുകളഞ്ഞു. ഇതിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് 'സൈനികര്‍' കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ സൈനികരുടെ ട്രാപ്പിലാണ്. 'ഗോ' എന്ന് ഞാന്‍ പറയാന്‍ കാത്തിരിക്കുകയാണ് അവര്‍.

നിങ്ങള്‍ എവിടെയാണെന്നും ആരാണെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. നിരപരാധികളായ എല്ലാ പലസ്തീനികളും ഈ പ്രദേശം വിട്ട് ഗാസയുടെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് പോകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സഹായിക്കാന്‍ കാത്തിരിക്കുന്നവര്‍ എല്ലാവരെയും നന്നായി പരിപാലിക്കും.

ഭാഗ്യവശാല്‍ ഹമാസിന് ഒരു അവസാന അവസരം കൂടി നല്‍കുന്നു. പശ്ചിമേഷ്യയിലെ ശക്തവും വലുതും സമ്പന്നവുമായ രാജ്യങ്ങളും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും അമേരിക്കയും ഇസ്രയേലുമായി ചേര്‍ന്ന് 3000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സമാധാനത്തിന് വേണ്ടി ഒപ്പുവെച്ചു. ഈ കരാര്‍ ബാക്കിയുള്ള ഹമാസ് പോരാളികളുടെ ജീവന്‍ രക്ഷിക്കും. ഈ പദ്ധതിയുടെ വിവരങ്ങള്‍ ലോകത്തിന് അറിയാം. എല്ലാവര്‍ക്കും മികച്ചതായ പദ്ധതിയാണിത്. പശ്ചിമേഷ്യയില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമാധാനം ഉണ്ടാകും.

അക്രമവും രക്തച്ചൊരിച്ചിലും ഇല്ലാതാകും. ഇപ്പോള്‍ തന്നെ എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കുക. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ളില്‍ ഹമാസ് ഒരു കരാറിലെത്തണം. എല്ലാ രാജ്യങ്ങളും ഒപ്പിട്ടു. കരാറിലെ ഈ അവസാന അവസരത്തിലും ഉടമ്പടിയിലെത്തിയില്ലെങ്കില്‍ ഇതുവരെ കാണാത്ത ആക്രമണം ഹമാസിനെതിരെ അഴിച്ചുവിടും.

ട്രംപിന്റെ ഗാസാ പദ്ധതിയിലെ 20 പോയിന്റുകള്‍ ഇങ്ങനെ:

1. ഗസ്സ ആകമാനം നിരായുധീകരണം. അയല്‍പക്കത്തിന് (ഇസ്രയേല്‍) ഭീഷണിയാകാത്ത ടെറര്‍ ഫ്രീ സോണ്‍.

2. ഗസ്സ നിവാസികള്‍ക്ക് ഉപകരിക്കും വിധത്തില്‍ പ്രദേശത്തിന്റെ പുനര്‍നിര്‍മാണം.

3. ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാന്‍ ധാരണയിലെത്തിയാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കും. ഇസ്രയേലി സൈന്യം നടപടികള്‍ നിര്‍ത്തിവെക്കും ക്രമേണ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങും.

4. 48 മണിക്കൂറിനുള്ളില്‍ ഡീല്‍ അംഗീകരിക്കുന്ന കാര്യം ഇസ്രയേല്‍ പ്രഖ്യാപിക്കും. ജീവിച്ചിരിക്കുന്ന മുഴുവന്‍ ബന്ദികളെ ഹമാസ് വിട്ടയക്കും. മരിച്ചവരുടെ മൃതദേഹവും കൈമാറും.

5. ബന്ദികള്‍ തിരിച്ചെത്തിയാലുടന്‍ ഇസ്രയേല്‍ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. മരിച്ച ഫലസ്തീനികളുടെ മൃതദേഹവും വിട്ടുകൊടുക്കും.

6. ബന്ദികള്‍ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍, സമാധാനത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ്. ഗസ്സ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യത്തേക്ക് സുരക്ഷിത പാത.

7. ഈ കരാറില്‍ തീരുമാനമായാല്‍ ഭക്ഷ്യ, ആരോഗ്യ സഹായ വിതരണം ഗസ്സയിലേക്ക് ആരംഭിക്കും. പ്രതിദിനം 600 ട്രക്കുകള്‍ അനുവദിക്കും.

8. ഇരുവിഭാഗത്തിന്റെയും ഇടപെടലില്ലാതെ സഹായങ്ങള്‍ കൃത്യമായി വിതരണം ചെയ്യും. യു.എന്നും റെഡ് ക്രസന്റും അതിന് നേതൃത്വം വഹിക്കും.

9. ഗസ്സ ഭരണത്തിന് ഫലസ്തീനി ടെക്‌നോക്രാറ്റുകള്‍ അടങ്ങുന്ന താല്‍കാലിക ഇടക്കാല ഭരണ സംവിധാനം. അറബ്, യൂറോപ്യന്‍ സഖ്യകക്ഷികളുടെ അഭിപ്രായം തേടി യു.എസ് സ്ഥാപിക്കുന്ന പുതിയ അന്താരാഷ്ട്ര ഭരണസംവിധാനം ഇത് നിരീക്ഷിക്കും.

10. ആധുനിക മിഡിലീസ്റ്റ് നഗരങ്ങള്‍ നിര്‍മിച്ചു പരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ഗസ്സ പുനര്‍നിര്‍മിക്കാന്‍ ഒരു സാമ്പത്തിക പ്ലാന്‍ തയാറാക്കും. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന തരത്തിലാകുമിത്.

11. കുറഞ്ഞ താരിഫും നിരക്കുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

12. ആരെയും ഗസ്സയില്‍ നിന്ന് നിര്‍ബന്ധിച്ചു പുറത്താക്കില്ല. ആര്‍ക്കെങ്കിലും പുറത്തുപോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ മടങ്ങിവരാനും അനുവദിക്കും. ഗസ്സയില്‍ തന്നെ തുടരാന്‍ ഗസ്സക്കാരെ പ്രോത്സാഹിപ്പിക്കും.

13. ഗസ്സ ഭരണത്തില്‍ ഹമാസിന് ഒരു റോളുമുണ്ടാകില്ല. ടണലുകള്‍ ഉള്‍പ്പെടെ പുതിയ സായുധ സംവിധാനങ്ങള്‍ സൃഷ്ടിക്കാനും അനുവദിക്കില്ല.

14. ഹമാസും മറ്റ് ഗസ്സ ഗ്രൂപ്പുകളും ഉറപ്പുകള്‍ പാലിക്കുന്നുവെന്നും ഇസ്രയേലിന് ഭീഷണിയാകില്ലെന്നും ഉറപ്പാക്കാന്‍ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷ ഗ്യാരന്റി.

15. അറബ്, മറ്റ് രാജ്യാന്തര സംവിധാനങ്ങളുമായി സഹകരിച്ച് യു.എസ ഒരു ഇന്റര്‍നാഷനല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സ് വികസിപ്പിക്കും. ഉടനടി തന്നെ ആ സേനയെ ഗസ്സയില്‍ വിന്യസിക്കും. ആ സേന ദീര്‍ഘകാല ആഭ്യന്തര സുരക്ഷക്കായി ഫലസ്തീന്‍ പൊലീസ് സേനയെ പരിശീലിപ്പിക്കും.

16. ഇസ്രയേല്‍ ഗസ്സ കൈയേറുകയോ അനക്‌സ് ചെയ്യുകയോ ചെയ്യില്ല. ക്രമേണ മറ്റ് സുരക്ഷ സേനകള്‍ക്ക് പ്രദേശം കൈമാറി ഐ.ഡി.എഫ് പിന്‍വാങ്ങും.

17. ഈ നിര്‍ദേശങ്ങള്‍ ഹമാസ് നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്താല്‍ മേല്‍പറഞ്ഞ പോയിന്റുകള്‍ ടെറര്‍ ഫ്രീ മേഖലകളില്‍ നടപ്പാക്കും. അവിടം ഇന്റര്‍നാഷനല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സ് ക്രമേണ ഐ.ഡി.എഫ് കൈമാറും. (ഹമാസ് അംഗീകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനയാണിത്)

18. ഗസ്സ ജനതയെ 'തീവ്രവാദ മനോഭാവ മുക്തമാക്കാനുള്ള' പദ്ധതി തുടങ്ങും. ഇതിനായി വിവിധ മത സംവാദവും മറ്റും സംഘടിപ്പിക്കും.

19. ഗസ്സ പുനര്‍നിര്‍മാണം പുരോഗമിക്കുമ്പോള്‍ ഫലസ്തീന്‍ അതോറിറ്റിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കും. ഇതിനൊപ്പം ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിനുള്ള വിശ്വാസ യോഗ്യമായ മാര്‍ഗരേഖ നിലവില്‍ വരും.

20. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഇസ്രയേലിനെയും ഫലസ്തീനികളെയും പ്രാപ്തരാക്കുന്നതിന് യു.എസിന്റെ നേതൃത്വത്തില്‍ സംഭാഷണം.

Tags:    

Similar News