ലോകം കാത്തിരിക്കുന്ന ആ കൂടിക്കാഴ്ച്ചക്ക് കളമൊരുങ്ങുന്നു; ഓഗസ്റ്റ് 15ന് അമേരിക്കയിലെ അലാസ്‌കയില്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്താന്‍ ട്രംപ്; യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ ട്രൂത്തില്‍; യുക്രൈന്‍ - യുദ്ധം അവസാനിച്ചേക്കും; രണ്ട് പ്രവിശ്യകള്‍ റഷ്യയ്ക്ക് കൊടുത്ത് യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ അണിയറയില്‍ ധാരണ; സമാധാനത്തിനുള്ള നോബല്‍ ട്രംപ് പിടിച്ചുവാങ്ങുമോ?
സമാധാനത്തിനുള്ള നോബല്‍ ട്രംപ് പിടിച്ചുവാങ്ങുമോ?
വാഷിംഗ്ടണ്‍: മൂന്ന് വര്‍ഷമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധം ഒടുവില്‍ പരിസമാപ്തിയിലേക്ക് നീങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്താന്‍ അവസരം ഒരുങ്ങുകയാണ്. അമേരിക്കയിലെ അലാസ്‌കയില്‍ വെച്ചു കൂടിക്കാഴ്ച്ച നടത്താനാണ് തീരുമാനം. ഇതോടെ യുദ്ധത്തിന് അവസാനമാകുമെന്നാണ് ലോകം കരുതുന്നത്. ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കാണുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ ട്രൂത്ത് വഴിയാണ് അറിയിച്ചത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. കരാറില്‍ പ്രവിശ്യകൈമാറ്റം ഉള്‍പ്പെട്ടേക്കാമെന്നും ട്രംപ് പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിന്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. താനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച, അടുത്ത വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കുംമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ സൈറ്റില്‍ പറഞ്ഞു. അതേസമയം, അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈനിലെ ചില പ്രവിശ്യകള്‍ റഷ്യക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, ചര്‍ച്ചയുടെ തീയതിയോ സ്ഥലമോ റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
കിഴക്കന്‍ യുക്രെയ്‌നിലെ 2 പ്രവിശ്യകള്‍ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാര്‍ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 4 യുക്രെയ്ന്‍ പ്രവിശ്യകളാണ് പുട്ടിന്‍ ആവശ്യപ്പെടുന്നത്. ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, സാപൊറീഷ്യ, ഖേഴ്‌സന്‍ ഇതിനു പുറമേ 2014 ല്‍ പിടിച്ചെടുത്ത ക്രൈമിയയും. യുക്രെയ്‌നിന്റെ അഞ്ചിലൊന്നും വിട്ടുകൊടുത്തുള്ള കരാറിന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി തയാറല്ല. ഈ സാഹചര്യത്തില്‍ ഖേഴ്‌സന്‍, സാപൊറീഷ്യ എന്നീ പ്രവിശ്യകളില്‍നിന്നും റഷ്യ സൈന്യത്തെ പിന്‍വലിച്ച് ധാരണയ്ക്കു ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, റഷ്യയും യുക്രൈനും തമ്മിലുള്ള മൂന്ന് റൗണ്ട് ചര്‍ച്ചകളിലും ഫലം കണ്ടില്ല. അമേരിക്കയുടെയും യൂറോപ്പിന്റെയും വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളെ പുടിന്‍ എതിര്‍ത്തിരുന്നു. സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തുന്നതിനെയും അദ്ദേഹം തള്ളിക്കളഞ്ഞു. യുക്രൈന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ നിന്ന് പിന്മാറാനും പാശ്ചാത്യ സൈനിക പിന്തുണ ഉപേക്ഷിക്കാനും റഷ്യ ആവശ്യപ്പെട്ടിരുന്നു. 2021 ജൂണില്‍ ജനീവയില്‍ വെച്ച് ജോ ബൈഡന്‍ പുടിനെ സന്ദര്‍ശിച്ചതിനുശേഷം, യുഎസ്- റഷ്യന്‍ പ്രസിഡന്റുമാര്‍ തമ്മിലുള്ള ആദ്യ ഉച്ചകോടിയായിരിക്കും അലാസ്‌കയിലേത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2019 ല്‍ ജപ്പാനില്‍ നടന്ന ജി 20 ഉച്ചകോടി യോഗത്തിലാണ് ട്രംപും പുടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് പറഞ്ഞാണ് ട്രംപ് അധികാരത്തില്‍ കയറിയത്. ഈ യുദ്ധം അവസാനിപ്പിച്ചാല്‍ തനിക്ക് സമാധാനത്തിനുള്ള നോബല്‍ ലഭിക്കുമെന്നാണ് ട്രംപ് കരുതുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയതില്‍ ട്രംപിന് നിര്‍ണായക റോള്‍ ഉണ്ടായിരുന്നു.
നേരത്തെ പാക്കിസ്ഥാന്‍ ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു. പിന്നാലെ ഇസ്രയേലും സമാനമായ വഴി തേടി. സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് ചൂണ്ടിക്കാണിച്ചാണ് ട്രംപിന് നൊബേല്‍ സമ്മാനം കൊടുക്കണമെന്ന് നിര്‍ദേശിച്ചതെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്ു.
'ഇതിനോടകം തന്നെ സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ യുഎസ് പ്രസിഡന്റ് വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടി തയ്യാറാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഞങ്ങള്‍ ഇവിടെ ഇരുന്ന് സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹം മറ്റ് രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നുണ്ടാകും. അതുകൊണ്ട് സാമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്ത് കൊണ്ട് നൊബേല്‍ കമ്മിറ്റിക്ക് ഞാന്‍ അയച്ച കത്ത് നിങ്ങള്‍ക്ക് സമര്‍പ്പിക്കട്ടെ. നൊബേല്‍ സമ്മാനം താങ്കള്‍ക്ക് ലഭിക്കണം ഈ അംഗീകാരത്തിന് താങ്കള്‍ അര്‍ഹനാണ്.'-നെതന്യാഹു ട്രംപിനോട് പറഞ്ഞു.
കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുന്നതില്‍ ട്രംപിന്റെ ഇടപെടല്‍ പ്രശംസിക്കുകയും ചെയ്തു. 'ലോകത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയെടുക്കുന്ന തീരുമാനങ്ങള്‍ക്കും, നേതൃത്വത്തിനും പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന ഇടപെടലിനും ഇസ്രയേലികളുടെയും ജൂതന്മാരുടേയും ലോകത്ത് താങ്കളെ ആരാധിക്കുന്ന എല്ലാവരുടെയും അഭിനന്ദനവും ആദരവും അറിയിക്കുന്നു. പ്രതിസന്ധികളെ നേരിടാനും അവസരങ്ങള്‍ നേടിയെടുക്കാനും നമ്മള്‍ തമ്മിലുള്ള അസാധാരണമായ ഈ കൂട്ടുകെട്ടിന് സാധിക്കും.-നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇത് വളരെ അര്‍ത്ഥവത്താണെന്നും ഇതിന് നെതന്യാഹുവിനോടുള്ള നന്ദി അറിയിക്കുന്നതായും-ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ മധ്യസ്ഥത വഹിച്ചതിനാണ് പാകിസ്താന്‍ ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തത്.