ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ തടവറ; സിഐഎ പിടികൂടിയ ഭീകരരെ പാര്‍പ്പിച്ച കുപ്രസിദ്ധ കേന്ദ്രം; 'ഭൂമിയിലെ നരകം' എന്നും വിശേഷണം; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കുമെന്ന് ട്രംപ്; തടവറ വിപുലീകരിക്കാന്‍ നിര്‍ദേശം; കുടിയേറ്റക്കാരെ ഭയപ്പെടുത്തി മെരുക്കാന്‍ ട്രംപിന്റെ തന്ത്രം

ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ തടവറ

Update: 2025-01-30 01:54 GMT

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമയ നടപടി സ്വീകരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ കടുപ്പിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഭയപ്പെടുത്തി മെരുക്കുന്ന തന്ത്രത്തിലേക്കാണ് ട്രംപ് നീങ്ങുന്നത്. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധ മായ ഗ്വാണ്ടനാമോ ബേ തടവറയിലേക്ക് അയക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. തടവറ വിപുലീകരിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കി. 30,000 പേരെ ഇവിടെ പാര്‍പ്പിക്കാന് സാധിക്കും. തടവറയില്‍ അറ്റകുറ്റപ്പണി നടത്താനാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. രേഖകകള്‍ ഇല്ലാത്ത കുടിയേറ്റക്കാരെയും അനധികൃത കുടിയേറ്റക്കാരെയും ഗ്വാണ്ടനാമോയില്‍ പാര്‍പ്പിക്കും. അതേസമയം ട്രംപിന്റെ നടപടി അതിക്രൂരമാണെന്ന് ക്യൂബ പ്രതികരിച്ചു.

30,000 കിടക്കകളുള്ള സൗകര്യമുള്ള ഗ്വാണ്ടനാമോയിലെ തടവറയിലേയക്ക് അയക്കുക ക്രിമനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെയാകുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള കേന്ദ്രമായി ഗ്വാണ്ടനാമോയെ ഉപയോഗിക്കുമെന്നാമ് ട്രംപ് പയുന്നത്. സമാനമായി പദ്ധതിയെ കുറിച്ച് നേരത്തെ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം നേരത്തെ അവതരിപ്പിിച്ചിരുന്നു. ഇപ്പോള് ട്രംപ് ഈ ആശയത്തിന് അനുമതി നല്‍കിയിരിക്കയാണ്.

'അമേരിക്കന്‍ ജനതക്ക് ഭീഷണിയായ ഏറ്റവും മോശമായ ക്രിമിനല്‍ പശ്ചാത്തലമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കാന്‍ തുടങ്ങാന്‍ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഇന്ന് ഒപ്പുവെക്കുകയാണ്,' ട്രംപ് വ്യക്താക്കി. ബുധനാഴ്ച വൈറ്റ് ഹൗസില്‍ ലേക്കണ്‍ റിലേ നിയമത്തില്‍ ഒപ്പുവെക്കുന്നതിനിടെയാണ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.


 



പലരാജ്യങ്ങളും അമേരിക്ക മടക്കി അയക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ മടികാണിക്കുമ്പോഴാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. കുപ്രസിദ്ധമായ ജയിലിലേക്ക് അയക്കുമെന്ന പ്രഖ്യാപനത്തോടെ അനധികൃത കുടിയേറ്റക്കാര്‍ തിരികെ പോകാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. ഇങ്ങനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ രഹസ്യത്തടവറയാണ് ഗ്വാണ്ടനാമോ ബേ. ഭൂമിയിലെ നരകമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗ്വോണ്ടനാമോ തടവറസമുച്ചയം കുപ്രസിദ്ധമാണ്.

സിഐഎ പിടികൂടുന്ന ഭീകരരെ പാര്‍പ്പിക്കാന്‍ നിര്‍മിച്ച തടവറയില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തടവുകാരുടെ മേല്‍നോട്ടം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് തടവറ അടച്ചു കുറച്ചുകാലം മുമ്പ് അടച്ചുപൂട്ടിയിരുന്നു. സിഐഎയുടെ പിടിയിലാകുന്ന കുറ്റവാളികളെ രഹസ്യമായി പാര്‍പ്പിക്കാന്‍ 2006 ഡിസംബറിലാണ് ഗ്വാണ്ടനാമോയില്‍ ക്യാംപ് 7 തുറന്നത്. തടവുകാരെ അതി ക്രൂരമായി പീഡിപ്പിക്കുന്നതിനാണ് നാവികത്താവളമായ ഗ്വാണ്ടനാമോയില്‍ യുഎസ് ആല്‍ഫ, ബ്രാവോ, ഗോള്‍ഫ്, ഡല്‍റ്റാ എന്നീ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ നിര്‍മിച്ചത്. 2001 ലെ വേള്‍ഡ് ഗ്രേഡ് സെന്റര്‍ ആക്രമണവും അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണവുമാണ് ഗ്വാണ്ടനാമോ തടവറകളെ വാര്‍ത്തയിലേക്ക് കൊണ്ടുവന്നത്.


 



തടവറയില്‍ നിന്ന് പുറത്തു വന്ന അപൂര്‍വം ചിലരുടെ വെളിപ്പെടുത്തലുകളാണ് ക്യൂബയിലെ അമേരിക്കന്‍ നാവികത്താവളമായ ഗ്വാണ്ടനാമോ തടവറകളിലെ കൊടിയ പീഡനങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ മര്‍ദ്ദനം, ഉറങ്ങാനനുവദിക്കാതിരിക്കുക, ദീര്‍ഘനാള്‍ തലമൂടിക്കെട്ടുക, ലൈംഗികമായ പീഡനങ്ങള്‍, നിര്‍ബന്ധിത മരുന്നുകുത്തിവെപ്പുകള്‍ തുടങ്ങിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്ന് മോചിതരായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്യാംപ് 7 ല്‍ ഇപ്പോഴുള്ള തടവുകാരില്‍ അഞ്ച് പേര്‍ 2001 സെപ്റ്റംബര്‍ 11 ലെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരാണ്. ഗ്വാണ്ടനാമോ അടച്ചു പൂട്ടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂചിപ്പിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാരെ ഗ്വണ്ടനാമോയിലേക്ക് അയക്കാനുള്ള ട്രംപിന്റെ തീരുമാനത്തോടെ വിവാദ തടവറ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

ഇന്ത്യക്കാര്‍ അടക്കം വലിയൊരു വിഭാഗം അനധികൃത കുടിയേറ്റക്കാരായി അമേരിക്കയിലുണ്ട്. കുടിയേറ്റക്കാര്‍ക്കെിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റെയ്ഡുകളും വ്യാപകമായി നടക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം പരിശോധിക്കാന്‍ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ പരിശോധന നടത്തിയിരുന്നു.


 



നിയമവിരുദ്ധവും രേഖകളില്ലാത്തതുമായ ചില ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അവരുടെ കേന്ദ്രമായി ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ചില ഗുരുദ്വാരകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന്റെ പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് ചില സിഖ് സംഘടനകള്‍ പ്രതികരിച്ചു.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍, ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ചുമതലയുള്ള സെക്രട്ടറി ബെഞ്ചമിന്‍ ഹഫ്മാന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ എന്നീ വകുപ്പുകള്‍ക്കുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ റദ്ദാക്കിയിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കുറ്റവാളികള്‍ക്ക് ഇനി അമേരിക്കയിലെ സ്‌കൂളുകളിലും പള്ളികളിലും ഒളിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വക്താവ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ നിയമവിരുദ്ധമായി നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗുരുദ്വാരകള്‍ പോലുള്ള ആരാധനാലയങ്ങള്‍ ലക്ഷ്യമിടാനുമുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിരണ്‍ കൗര്‍ ഗില്‍ പറഞ്ഞു. സിഖ് വിശ്വാസത്തിന്റെ പവിത്രതയ്ക്ക് ഇത്തരം പരിശോധനകള്‍ ഭീഷണിയാകുമെന്ന് കിരണ്‍ കൗര്‍ പറഞ്ഞു. അനധികൃത ഇന്ത്യന്‍ കൂടിയേറ്റക്കാരില്‍ ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,000ത്തിലധികം അനധികൃത താമസക്കാരായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസില്‍ കഴിയുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു.

Tags:    

Similar News