യുക്രൈനോട് ട്രംപ് കടുപ്പിച്ചപ്പോള്‍ അവസരം മുതലെടുക്കാന്‍ പുടിന്‍; വെടിനിര്‍ത്തല്‍ കരാറില്‍ തണുത്ത സമീപനം സ്വീകരിച്ചതോടെ കലിപ്പുമായി ട്രംപ്; 30 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ പുടിന്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യ ശക്തമായ പ്രത്യാഘാതം നേരിടണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
യുക്രൈനോട് ട്രംപ് കടുപ്പിച്ചപ്പോള്‍ അവസരം മുതലെടുക്കാന്‍ പുടിന്‍
കീവ്: യുക്രൈനുമായുള്ള 30 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ പുടിന്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യ ശക്തമായ പ്രത്യാഘാതം നേരിടണ്ടി വരുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് ഇത്തരമൊരു താക്കീത് നല്‍കിയത്. യുദ്ധം തുടര്‍ന്ന് പോയാല്‍ അത് ഒരു മൂന്നാം ലോകമഹായുദ്ധത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സമാധാന നീക്കങ്ങളിലേക്ക് റഷ്യയെ കൊണ്ട് വരാന്‍ അമേരിക്കയ്ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാമ്പത്തികമായി റഷ്യക്ക് ദോഷകരമായി മാറുന്ന പല കാര്യങ്ങളും ചെയ്യാന്‍ തനിക്ക് കഴിയുമെന്നും എന്നാല്‍ സമാധാനം പുലരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അത് കൊണ്ട് തന്നെ അത്തരത്തിലുള്ള കാര്യങ്ങളൊന്നും തന്നെ തത്ക്കാലം ചെയ്യുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യക്ക് വിനാശകരമായി മാറുന്ന ഒരു കാര്യവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയും പിന്തുണയ്ക്കുന്നുണ്ടെങ്കില്‍, യുക്രെയ്ന്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സും പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് റഷ്യക്കെതിരെ വ്യാപാര ഭീഷണി മുഴക്കിയിരുന്നു. നേരത്തേ പലവട്ടം പുട്ടിനെ പ്രഗത്ഭന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ് നിലപാട് പെട്ടെന്ന് മാറ്റിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.
രണ്ടാഴ്ച മുമ്പ് വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ട്രംപ് രൂക്ഷമായ വാക്കേറ്റം നടത്തിയിരുന്നു. തുടര്‍ന്ന് സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അമേരിക്ക റഷ്യക്ക് മേല്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച അന്തിമതീരുമാനം ഇനി റഷ്യയാണ് എടുക്കേണ്ടത്.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വീറ്റ് കോഫ് ഉടന്‍ തന്നെ റഷ്യ സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി റഷ്യന്‍ അധികൃതരുമായി തങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതായി യു.എസ് വൈസ് പ്രസിഡന്റ് ഡെ.ഡി.വാന്‍സും അറിയിച്ചു. റഷ്യയെ കൊണ്ട് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പ് വെയ്പ്പിക്കാന്‍ കഴിയുമോ എന്ന കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ പുട്ടിന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാല്‍ വീണ്ടും ഇക്കാര്യം പാലിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം ഇപ്പോഴും കാര്യമായി പരസ്പരം സംസാരിച്ചിട്ടില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.
ചൊവ്വാഴ്ച സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം, റഷ്യയുമായുള്ള 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശത്തിന് യുക്രെയ്ന്‍ സമ്മതിക്കുകയായിരുന്നു. യുക്രൈനുമായുള്ള സൈനിക സഹായത്തിനും രഹസ്യാന്വേഷണ പങ്കിടലിനുമുള്ള താല്‍ക്കാലിക വിരാമം പിന്‍വലിക്കുന്നതായി അമേരിക്കയും അറിയിച്ചിട്ടുണ്ട്. പന്ത് ഇനി റഷ്യയുടെ കോര്‍ട്ടിലാണെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇതിനെ കുറിച്ച്അഭിപ്രായപ്പെട്ടത്.
നിലവില്‍, യുക്രെയ്ന്‍ സൈനികമായി കൂടുതല്‍ തളരുകയും കുര്‍സ്‌കിലുള്‍പ്പെടെ റഷ്യ മുന്നേറ്റം ശക്തിയാക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തലിന് വ്‌ലാദിമിര്‍ പുടിന്‍ വലിയ താല്‍പര്യം കാട്ടില്ലെന്നാണ് സൂചന. ഇത് ട്രംപിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനിടെ, യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അല്‍ജീരിയയിലേക്ക് ഗോതമ്പ് കയറ്റുന്നതിനിടെ ഒഡേസ തുറമുഖത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാലുപേരും പ്രസിഡന്റ് സെലന്‍സ്‌കിയുടെ ജന്മനാടായ ക്രിവിഹ് റിഹില്‍ ഒരു സ്ത്രീയുമാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാലുപേര്‍ സിറിയക്കാരാണ്.
യുക്രെയ്‌ന് അമേരിക്ക നിര്‍ത്തിവെച്ച സൈനിക സഹായം പുനരാരംഭിച്ച ദിനത്തിലായിരുന്നു റഷ്യയുടെ കനത്ത ആക്രമണം. പോളണ്ടു വഴിയാണ് യുക്രെയ്‌നിലേക്ക് അമേരിക്ക ആയുധങ്ങള്‍ വീണ്ടും എത്തിച്ചുതുടങ്ങിയത്.